35 ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്ക് വിലക്കേർപ്പെടുത്തി സി.ഡി.എസ്.സി.ഒ; വിലക്കിയത് ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മരുന്നുകൾ
text_fieldsന്യൂഡൽഹി: അംഗീകാരമില്ലാത്ത 35 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെ ഉൽപ്പാദനവും വിതരണവും തടഞ്ഞ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ അതോറിറ്റി(സി.ഡി.എസ്.സി.ഒ). പൊതു ജനാരോഗ്യത്തിന് ഗുരുതര ആഘാതം ഉണ്ടാക്കുമെന്ന് വിലയിരുത്തിയാണ് തീരുമാനം.
1940ലെ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ടിന് കീഴിലുള്ള 2019 ലെ എൻ.ഡി.സി.ടി നിയമം മറികടന്നാണ് ഈ മരുന്നുകൾ നിർമിക്കാനും വിതരണം ചെയ്യാനും അനുമതി നൽകിയിട്ടുള്ളതെന്നാണ് കണ്ടെത്തൽ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും മരുന്നു വിതരണം എത്രയും വേഗം നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡ്രഗ് ലൈസൻസിങ് അതോറിറ്റിയുടെ അനുമതിയോടെ തന്നെയാണ് മരുന്നുകൾ ഉൽപ്പാദിപ്പിച്ചിരുന്നതെന്നാണ് മരുന്നുൽപ്പാദന കമ്പനികൾ നൽകുന്ന മറുപടി. 2019 ലെ ആക്ട് നടപ്പിലാക്കുന്നതിലുള്ള ഏകീകൃത സ്വഭാവമില്ലായ്മയാണ് ഇതിനു കാരണമെന്നും സി.ഡി.എസ്.സി.ഒ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജീവ് സിങ് രഘുവൻഷി പുറത്തിറക്കിയ കത്തിൽ പറയുന്നു.
ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളെ കോക്ടെയ്ൽ മെഡിസിൻ എന്നാണ് അറിയപ്പെടുന്നത്. പാരസെറ്റമോൾ325മില്ലി ഗ്രാം, നെഫോപാം ഹൈഡ്രോ ക്ലോറൈഡ് 30 മില്ലി ഗ്രാം തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ വരുന്നവയാണ്.