പരപ്പനങ്ങാടിയിൽ കരുണക്കടലായി ഒരു സ്വകാര്യ ഡോക്ടർ
text_fieldsഡോ. മുനീർ നഹയും കുടുംബവും
ഒരു സ്വകാര്യ ആശുപത്രി നാടിന്‍റെ പട്ടിണി മാറ്റുന്നത് വേറിട്ട കാഴ്ചയാണ്. വിശക്കാത്ത പരപ്പനങ്ങാടി പദ്ധതിയെ സംഭാവന ചെയ്ത നഹാസ് ചാരിറ്റിയുടെ അധ്യക്ഷൻ ഡോ. മുനീർ നഹ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെയും സാമ്പത്തിക അവലമ്പം കൂടിയാണ്.
സമയം ഉച്ചയാവുന്നതോടെ എല്ലാ ദിവസവും നഹാസ് ആശുപതിയുടെ മതിലിന് ചാരെയുള്ള ഭക്ഷണ അലമാരിയിൽ ഉച്ചഭക്ഷണ പൊതി ആവശ്യക്കാരെ തേടിയെത്തും. ആവശ്യമനുസരിച്ച് ആർക്കും ഭക്ഷണ പൊതികൾ എടുത്തു കൊണ്ടു പോകാം, നിയന്ത്രിക്കാനോ നിർണയിക്കാനോ ഇവിടെ ആരുമില്ല. ഇത് ഫോട്ടോ എടുക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ പാടില്ലെന്നാണ് ചട്ടം. വെജിറ്റേറിയനും നോൺ വെജിറ്റേറിയനുമായി ഇഷ്ടം തെരഞ്ഞെടുക്കാൻ വേർതിരിക്കപ്പെട്ട രണ്ടുവരി ഭക്ഷണ പൊതിയുടെ നിരയുണ്ട്.
വർഷങ്ങളായി തുടക്കമിട്ട ഈ പദ്ധതി ഒരറ്റ ദിവസം പോലും ഇന്നോളം മുടങ്ങിയിട്ടില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വൃക്ക രോഗികളുള്ള പരപ്പനങ്ങാടിയിൽ അനിവാര്യ ചികിത്സ സഹായം നൽകാനും ഇവിടെ പദ്ധതിയുണ്ട്. കൊടും വെയിലിൽ കുടിവെളള ക്ഷാമം അനുഭവിക്കുന്ന പരപ്പനങ്ങാടിയുടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് ശുദ്ധ ജലമെത്തിക്കുന്നത് ഉൾപ്പടെയുള്ള പദ്ധതികളും നഹാസ് ചാരിറ്റിയുടെ ഭാഗമാണ്. മയക്കുമരുന്നിനെതിരെ മാരത്തോൺ സംഘടിപ്പിച്ചും നഹാസ് ചാരിറ്റി ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഡോ. മുഹമ്മദ് നഹ സ്ഥാപിച്ച നഹാസ് ആശുപത്രി മക്കളായ ഡോ. മുനീർ നഹ, ഫാർമസി വിഭാഗം മേധാവി സലിം നഹ, മരുമകൾ ഡോ. റജീന മുനീർ നഹ എന്നിവരുടെ മേൽനോട്ടത്തിൽ ഇതിനകം സംസ്ഥാനത്തെ ശ്രദ്ധിക്കപ്പെട്ട മൾട്ടി നാഷണൽ ആശുപത്രിയായി മാറുകയും വിദേശികളുടെ അടക്കം സ്ഥിരമായ സാനിധ്യം ദൃശ്യമാകുന്ന ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഐ.വി.എഫ് വന്ധ്യത ആധുനിക ചികിത്സ കേന്ദ്രമായി മാറുകയും ചെയ്തു.
ആശുപത്രിയുടെ വളർച്ചയുടെ തോതനുസരിച്ച് നാട്ടിലെ ജീവകാരുണ്യ സംരംഭവങ്ങളും പുഷ്ടിപ്പെട്ടു വരികയാണ്. ആശുപത്രി സ്ഥാപകനും മുൻ മെഡിക്കൽ ഓഫീസറുമായ പിതാവ് ഡോ. മുഹമ്മദ് നഹയുടെ ഉപദേശമാണ് മകൻ ഡോ. മുനീർ നഹക്ക് ജീവകാരുണ്യ രംഗത്ത് സുതാര്യനാവാൻ വെളിച്ചമേകുന്നത്. ഡോ. മുനീർ-റജീന ദമ്പതികളുടെ മക്കളും മരുമക്കളും പാരമ്പര്യം കൈവിടാതെ ചികിത്സ രംഗത്ത് കയ്യൊപ്പ് ചാർത്തിയവരാണ്.