പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് രണ്ട് ഇഞ്ച് നീളമുള്ള മെറ്റൽ സ്പ്രിങ്
text_fieldsന്യൂഡൽഹി: പതിനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തിൽ നിന്നും രണ്ട് നീളമുള്ള മെറ്റൽ സ്പ്രിങ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് എയിംസിലെ ഡോക്ടർമാർ. കുഞ്ഞിന്റെ അന്നനാളത്തിൽ കുടുങ്ങിയ സ്പ്രിങ് എൻഡോസ്കോപിക് ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.
ആഴ്ചകളോളം നീണ്ട് നിന്ന ചർദിയോടൊപ്പം ഭക്ഷണം കഴിക്കാതെ വന്നപ്പോഴാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നടത്തിയ എക്സ് റേ പരിശോധനയിലാണ് കുഞ്ഞിന്റെ അന്നനാളത്തിന്റെ മുകൾ ഭാഗത്തായി മെറ്റൽ സ്പ്രിങ് കണ്ടെത്തിയത്. അന്നനാളത്തിൽ കുടുങ്ങിയ സ്പ്രിങ്ങിന് സാധാരണ പേനകളിൽ കാണുന്ന സ്പ്രിങ്ങിനെ അപേക്ഷിച്ച് ഭാരം കൂടുതലായിരുന്നു എന്ന് പീഡിയാട്രിക് സർജൻ പറഞ്ഞു.
‘സ്പ്രിങ്ങിന് ഏകദേശം അര ഇഞ്ച് വീതിയും കുറഞ്ഞത് 2 ഇഞ്ച് വരെ നീളവുമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ശ്രമിച്ചിരുന്നു. എന്നാൽ അന്നനാളത്തിലെ വീക്കവും മുറിവും കാരണം കുട്ടിയെ ഉടൻ എയിംസിലേക്ക് കൊണ്ടു പോവാൻ നിർദേശിക്കുകയായിരുന്നു‘ പീഡിയാട്രിക് സർജൻ ഡോ. വിശേഷ് ജെയിൻ പറഞ്ഞു.
എയിംസിലേക്ക് കൊണ്ട് പോയ ശേഷം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് സ്പ്രിങ് നീക്കം ചെയ്തത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞ് ഇപ്പോൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. കുട്ടികളുടെ കൈയെത്തുന്ന ദൂരത്ത് സ്പ്രിങ്ങുകൾ, നാണയം, ബാറ്ററി, ചെറിയ കളിപ്പിട്ടകൾ എന്നിവ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ഇനി അഥവാ കുട്ടികൾ എന്തെങ്കിലും വിഴുങ്ങുന്നത് കണ്ടാൽ എത്രയും പെട്ടന്ന് ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.


