അമീബിക് മസ്തിഷ്ക ജ്വരം: വില്ലൻ മുങ്ങിക്കുളിതന്നെ; തെറ്റായ ചർച്ചകൾ ജാഗ്രതക്കുറവിനിടയാക്കും
text_fieldsഅമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സക്കെത്തുന്നവരിൽ ബഹുഭൂരിഭാഗവും കുളത്തിൽ മുങ്ങിക്കുളിച്ച പൂർവ അനുഭവങ്ങളുള്ളവരാണെന്നും അത്യപൂർവം കേസുകളിലാണ് ഇത്തരം അനുഭവങ്ങളില്ലാത്തതെന്നും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് നേതൃത്വം നൽകുന്ന മെഡിസിൻ വിഭാഗം അസി. പ്രഫസർ ഡോ. വി.കെ. ഷമീർ. ഉറവിടം സംബന്ധിച്ചുള്ള തെറ്റായ ചർച്ചകൾ ജനങ്ങളിൽ തെറ്റിദ്ധാരണകൾക്കും ജാഗ്രതക്കുറവിനും ഇടയാക്കുമെന്നും അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുളത്തിൽ മുങ്ങിക്കുളിക്കുന്നതും ശക്തമായി മൂക്കിലേക്ക് വെള്ളം ചീറ്റിക്കയറ്റുന്നതും അടക്കമുള്ള കാരണങ്ങളിലൂടെയാണ് പ്രധാനമായും വെള്ളത്തിലെ അമീബകൾ മൂക്കിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. അപകടങ്ങളിൽ മൂക്കിനും തലക്കും പരിക്കേറ്റവരിൽ ആ മുറിവുകളിലൂടെയും വെള്ളത്തിലെ അമീബ തലച്ചോറിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്.
ശുചിത്വം ഉറപ്പുവരുത്താതെ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതിൽനിന്നും നീന്തുന്നതിൽനിന്നും പൂർണമായി വിട്ടുനിൽക്കണം. കുട്ടികൾ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതിൽ അതി ശ്രദ്ധ വേണം. ഒറ്റപ്പെട്ട കേസുകളെ പിടിച്ചുള്ള ചർച്ചകൾ ജനങ്ങളിൽ ജാഗ്രതക്കുറവിന് ഇടയാക്കും. അബോധാവസ്ഥയിൽ മുന്നിൽ എത്തുന്ന രോഗികളോട് ഉറവിടം തേടുന്നതിൽ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാവസ്ഥ വ്യതിയാനത്തിൽ വെള്ളത്തിന്റെ ചൂട് കൂടുമ്പോൾ ഉറങ്ങിക്കിടക്കുന്ന ഉഷ്ണപ്രിയ അമീബ (നെഗ്ലേരിയ) പെരുകുന്നതാവാം രോഗങ്ങൾ കൂടുന്നതിന് ഒരുകാരണം. മൂക്കിന്റെ അറ്റത്ത് തലയോട്ടിയുമായി വേർതിരിക്കുന്ന എല്ലിലെ സുഷിരങ്ങളിലൂടെയാണ് (ക്രിബ്രിഫോം പ്ലേറ്റ്) അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക.
കുട്ടികളിൽ ഇത് പൂർണമായി വികസിക്കാത്തതിനാൽ അമീബകളുടെ നുഴഞ്ഞുകയറ്റം എളുപ്പമാകും. മൂക്കിൽ വെള്ളം ഒഴിക്കുന്നതും ചീറ്റിക്കയറ്റുന്നതും ഒഴിവാക്കണം.