ആൺകുഞ്ഞിന് ‘ഇരട്ട ജന്മം’; വീണ്ടുമൊരു വൈദ്യശാസ്ത്ര വിസ്മയം
text_fieldsവൈദ്യശാസ്ത്രത്തിൽ വീണ്ടുമൊരു അദ്ഭുതം സംഭവിച്ചെന്ന വാർത്തയാണ് യു.കെയിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓക്സ്ഫോർഡിലെ അധ്യാപിക ലൂസി ഐസക് എന്ന യുവതിയുടെ നവജാതശിശുവിന് ‘ഇരട്ട ജന്മം’ ആണ് ഉണ്ടായത്!
12 ആഴ്ച ഗർഭിണിയായിരുന്നപ്പോൾ നടത്തിയ അൾട്രാസൗണ്ട് സ്കാനിങ്ങിൽ ലൂസിക്ക് അണ്ഡാശയ അർബുദം സ്ഥിരീകരിച്ചു. ഗർഭകാലം പൂർത്തിയാകുന്നത് വരെ ചികിത്സ വൈകിപ്പിച്ചാൽ അർബുദം പടരുകയും ജീവൻ അപകടത്തിലാകുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞു.
കീഹോൾ ശസ്ത്രക്രിയ സാധ്യവുമല്ലായിരുന്നു. ഇതോടെ ധാരാളം ഗവേഷണങ്ങൾക്കൊടുവിൽ ഡോ. സുലൈമാനി മജ്ദിന്റെ നേതൃത്വത്തിലുള്ള സംഘം 20 ആഴ്ച ഗർഭിണിയായിരിക്കെ ലൂസിയെ അണ്ഡാശയ അർബുദം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഗർഭസ്ഥ ശിശുവിനെ ഗർഭപാത്രത്തിൽ തന്നെ നിർത്തി അപൂർവവും സങ്കീർണവുമായ നടപടിക്രമത്തിലൂടെ കാൻസർ കോശങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഗർഭപാത്രം താത്കാലികമായി നീക്കം ചെയ്യുകയും ചികിത്സക്ക് ശേഷം തിരികെ വെക്കുകയുമായിരുന്നു.
ഗർഭപാത്രത്തിന്‍റെ താപനില നിലനിർത്തുന്നതിനായി ചൂടുള്ള ഉപ്പുവെള്ള പായ്ക്കറ്റിൽ ശ്രദ്ധാപൂർവം പൊതിഞ്ഞു. രണ്ട് ഡോക്ടർമാർ ഇത് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. ഗർഭസ്ഥശിശുവിന്‍റെ താപനില കുറയുന്നത് തടയാൻ ഓരോ 20 മിനിറ്റിലും പായ്ക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നു.
പിന്നീട് മാസങ്ങൾക്കുശേഷം ജനുവരിയിൽ ഗർഭകാലം പൂർത്തീകരിച്ച് ആൺകുഞ്ഞ് ജനിക്കുകയും ചെയ്തു. ഇങ്ങിനെയാണ് ലൂസിയുടെ കുഞ്ഞ് രണ്ടുതവണ പ്രസവിക്കപ്പെട്ടു എന്ന വിശേഷണത്തിനർഹമായത്.
യു.കെയിൽ പ്രതിവർഷം 7000 സ്ത്രീകൾക്ക് അണ്ഡാശയ അർബുദം ബാധിക്കാറുണ്ടെന്നാണ് കണക്ക്. മൂന്നിൽ രണ്ട് കേസുകളിലും വളരെ വൈകിയാണ് രോഗനിർണയം നടത്തുന്നത്. ഇക്കാരണത്താൽ പ്രതിവർഷം 4000 ത്തിലധികം മരണം സംഭവിക്കാറുണ്ട്.