Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഡയപ്പർ ഉപയോഗം...

ഡയപ്പർ ഉപയോഗം കുഞ്ഞുങ്ങളുടെ വൃക്കകൾ തകരാറിലാക്കുമോ?

text_fields
bookmark_border
baby diaper
cancel

ചെറിയ കുഞ്ഞുങ്ങളുള്ള വീട്ടിൽ ഡയപ്പർ ഉപയോഗവും കൂടുതലായിരിക്കുമല്ലോ. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കയെ തകരാറിലാക്കുമെന്ന് പറയുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് മാതാപിതാക്കളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നാൽ പേടിക്കേണ്ട കാര്യമില്ലെന്നാണ് ശിശുരോഗ വിദഗ്ധനായ ഡോ. ഇമ്രാൻ പട്ടേൽ പറയുന്നത്. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള ബന്ധം വരില്ലെന്ന് ഡോക്ടർ തീർത്ത് പറയുന്നു.

വൃക്കകൾ രക്തം ശുദ്ധീകരിക്കുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശരീരത്തിന്‍റെ ആന്തരിക അവയവങ്ങളാണ്. ഡയപ്പർ എന്നത് മൂത്രം പുറത്തേക്ക് പോയ ശേഷം അത് വലിച്ചെടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ബാഹ്യ ഉൽപ്പന്നമാണ്. ഡയപ്പർ ഉപയോഗിക്കുന്നതും വൃക്കയുടെ പ്രവർത്തനവും തമ്മിൽ നേരിട്ടുള്ള ഒരു ബന്ധവും ഇല്ല. ഡയപ്പർ ധരിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയോ, വൃക്കരോഗങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഈ വിഷയത്തിൽ രക്ഷിതാക്കൾ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഡോക്ടർ അഭ്യർഥിക്കുന്നു. ഡയപ്പർ വൃക്കകളെ ദോഷകരമായി ബാധിക്കില്ലെങ്കിലും ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

സമയബന്ധിതമായി മാറ്റുക: ഡയപ്പറുകൾ ഓരോ 2 മുതൽ 3 മണിക്കൂറിനുള്ളിൽ മാറ്റുന്നത് വളരെ പ്രധാനമാണ്. കുട്ടികൾ മൂത്രമൊഴിച്ച് നനഞ്ഞ ഡയപ്പർ കൂടുതൽ നേരം ധരിക്കുന്നത് ഒഴിവാക്കണം.

ത്വഗ് രോഗങ്ങൾ: ഡയപ്പർ സമയത്തിന് മാറ്റാതിരുന്നാൽ അതിലെ ഈർപ്പവും അഴുക്കും കാരണം കുട്ടികൾക്ക് ഡയപ്പർ റാഷസ്, ചൊറിച്ചിൽ, ത്വഗ് അണുബാധകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

മൂത്രാശയ അണുബാധ: വളരെ നേരം നനഞ്ഞ ഡയപ്പർ ധരിക്കുന്നത് അണുക്കൾ വളരാനും അത് മൂത്രനാളി വഴി മൂത്രാശയ അണുബാധയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. മൂത്രാശയ അണുബാധ കഠിനമായാൽ അത് അപ്രധാനമായി വൃക്കകളുടെ ആരോഗ്യത്തെ പരോക്ഷമായി ബാധിച്ചേക്കാം. എന്നാൽ, ഡയപ്പർ തന്നെ വൃക്കകളെ നശിപ്പിക്കുന്നു എന്ന് പറയുന്നത് തെറ്റാണ്. മുതിർന്നവരിലും വലിയ കുട്ടികളിലും കാണുന്നതിനെക്കാൾ വ്യത്യസ്തമായ രീതിയിലാണ് കുട്ടികളിൽ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ കാണപ്പെടുന്നത്.

പനി, അസ്വസ്ഥത, ഭക്ഷണം കഴിക്കാതിരിക്കുക, മൂത്രത്തിന് ദുർഗന്ധം കൂടുക തുടങ്ങിയവയായിരിക്കും ലക്ഷണങ്ങൾ. ഇത്തരം അവസ്ഥയിൽ കൂടുതൽ ശ്രദ്ധ കുട്ടികൾക്ക് നൽകണം. ഇല്ലെങ്കിൽ ഈ അവസ്ഥ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കും. യൂറിനറി ട്രാക്ടിൽ ബാക്ടീരിയകൾ പ്രവേശിക്കുന്നതാണ് അണുബാധക്ക് ഇടയാക്കുന്നത്. അത് ഡയപ്പർ ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഉണ്ടാകില്ല.

ഡയപ്പർ-ഫ്രീ സമയം: ദിവസത്തിൽ കുറഞ്ഞത് 2-3 തവണ കുട്ടികളെ ഡയപ്പർ ഇല്ലാതെ വായു കടക്കുന്ന രീതിയിൽ കുറച്ചുനേരം കിടത്തുന്നത് ചർമത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

ശുചിത്വം: ഓരോ തവണ ഡയപ്പർ മാറ്റുമ്പോഴും കുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുകയും ഉണക്കുകയും ചെയ്യുന്നത് അണുബാധകൾ ഒഴിവാക്കാൻ സഹായിക്കും.

ശ്രദ്ധിക്കാൻ

  • ഡയപ്പർ മാറ്റി അടുത്തത് ധരിപ്പിക്കുന്നതിന് മുമ്പ് വെള്ളമോ വൈപ്പുകളോ ഉപയോഗിച്ച് കുഞ്ഞുങ്ങളുടെ ചർമം വൃത്തിയാക്കുക
  • ആവശ്യമെങ്കിൽ ബേബി റാഷ് ക്രീം അല്ലെങ്കിൽ വെളിച്ചെണ്ണ കുഞ്ഞുങ്ങളുടെ ചർമത്തിൽ തേക്കാം
  • സോഫ്റ്റും വായുകടക്കുന്നതും ഹൈപ്പോഅലർജനിക്ക് ഡയപ്പറുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക
  • ഡയപ്പർ ഉപയോഗിക്കാൻ താത്പര്യമില്ലാത്തവർക്കും വൃത്തിയുള്ളതും ഉണങ്ങിയതുമായ നാപ്പീസ് പകരമായി ഉപയോഗിക്കാം
  • രാത്രിയിൽ തുടർച്ചയായി കുഞ്ഞ് മൂത്രമൊഴിക്കുമെങ്കിൽ ഡയപ്പറുകൾ തന്നെ ഉപയോഗിക്കുക. പക്ഷേ രാവിലെ അത് കൃത്യമായി മാറ്റാൻ ഓർമിക്കണം
Show Full Article
TAGS:diaper kidneys infant Health Alert urinary tract infections 
News Summary - Can using diapers damage children's kidneys?
Next Story