കൊളസ്ട്രോൾ; ഹൃദയാരോഗ്യത്തിന് അദൃശ്യ ഭീഷണി
text_fieldsഇന്നത്തെ കാലഘട്ടത്തിൽ ഹൃദയാഘാതം, ബ്രെയിൻ സ്ട്രോക്ക്, പെരിഫറൽ വാസ്കുലാർ രോഗങ്ങൾ എന്നിവക്ക് പ്രധാനമായും കാരണമാകുന്ന ഒരു ഘടകം ഡിസ്ലിപിഡീമിയ അഥവാ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലൈസിറൈഡ്സ് എന്നിവയിലെ അസാധാരണ വർധനയാണ്.
കൊളസ്ട്രോളിന്റെ രണ്ടു മുഖങ്ങൾ
- LDL കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) - രക്തവാഹിനികളുടെ ഭിത്തികളിൽ അടിഞ്ഞുകൂടി പ്ലാക്ക് / ബ്ലോക്ക് രൂപപ്പെടാൻ കാരണമാകുന്നതാണ് ‘ചീത്ത കൊളസ്ട്രോൾ’.
- HDL കൊളസ്ട്രോൾ (നല്ല/സംരക്ഷക കൊളസ്ട്രോൾ) - രക്തത്തിൽനിന്നുള്ള അധിക കൊളസ്ട്രോൾ കരളിലേക്ക് കൊണ്ടുപോകുന്നതാണ് ‘സംരക്ഷക കൊളസ്ട്രോൾ’
- ട്രിഗ്ലിസറൈഡ് - കൊഴുപ്പ് സംഭരണത്തിന്റെ രൂപം. ഉയർന്നാൽ രക്തക്കുഴൽ ബ്ലോക്ക് മാത്രമല്ല, പാൻക്രിയാറ്റൈറ്റിസ് പോലുള്ള രോഗങ്ങൾക്കും വഴിയൊരുക്കും.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാട്
മുമ്പ് “Normal Value” (സാധാരണ നില) എന്നതിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ടായിരുന്നു. ടോട്ടൽ കൊളസ്ട്രോൾ 160ഉം എൽ.ഡി.എൽ 130ഉം വരെ കുഴപ്പമില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ലോകമെമ്പാടും അംഗീകരിച്ച മാർഗരേഖ പറയുന്നത് ഇപ്രകാരമാണ്: 1). കൊളസ്ട്രോൾ മൂല്യം മാത്രം നോക്കരുത്. 2). രോഗിയുടെ മൊത്തം റിസ്ക് - ഡയബിറ്റിസ്, പുകവലി, ഹൈപർടെൻഷൻ, കുടുംബചരിത്രം, പ്രായം എന്നിവ ചേർന്ന് 10 വർഷത്തെ ഹൃദയാഘാത സാധ്യത കണക്കാക്കണം. 3).
അതിന്റെ അടിസ്ഥാനത്തിലാണ് LDL എത്രത്തോളം കുറക്കണം എന്ന് തീരുമാനിക്കുന്നത്. 4) ഹൈ റിസ്ക് ഉള്ളവർക്ക് LDL 60ൽ താഴെ വരെ ലക്ഷ്യമിടുന്നു. 5) ‘മോഡറേറ്റ് റിസ്ക്’ ഉള്ളവർക്ക് LDL 90 mg/dL താഴെ മതിയാകും.
കൊളസ്ട്രോൾ വർഷങ്ങൾ
‘കൊളസ്ട്രോൾ വർഷങ്ങൾ’ ആശയം വളരെ ഗഹനമായി മനസ്സിലാക്കിയാലേ ചികിത്സ എന്തിന് എന്ന പ്രഹേളികയ്ക്ക് ഉത്തരം ലഭിക്കുകയുള്ളൂ. ഒരു വ്യക്തി എത്ര വർഷങ്ങളോളം ഉയർന്ന കൊളസ്ട്രോൾ സഹിച്ചുവെന്നത് ഹൃദയാഘാത സാധ്യതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ചെറുപ്പം മുതൽ ഉയർന്ന കൊളസ്ട്രോൾ നിലനിൽക്കുന്നവർക്ക് ഭാവിയിൽ അപകടസാധ്യത പല ഇരട്ടിയായി കൂടും.
ജനിതകപരമായ ഘടകങ്ങൾ
കൊളസ്ട്രോൾ വർധന വെറും ഭക്ഷണശീലങ്ങൾ കൊണ്ടല്ല സംഭവിക്കുന്നത്. ജീനുകളിലെ വ്യത്യാസങ്ങളും കുടുംബചരിത്രവും പ്രധാനമാണ്. ശരീരത്തിലെ കൊഴുപ്പ് കാറ്റബോളിസം (വിഘടിപ്പിക്കൽ) ശരിയായി നടക്കാത്തതിനാൽ പലർക്കും വളരെ ചെറുപ്പത്തിൽ തന്നെ ഡിസ്ലിപിഡീമിയ ഉണ്ടാകാം. ഒപ്പം എണ്ണ, റെഡ് മീറ്റ്, വനസ്പതി, ഷുഗർ എന്നിവയുടെ അമിത ഉപയോഗം കൊളസ്ട്രോൾ അളവ് കൂടുതൽ വർധിപ്പിക്കുന്നു.
ജീവിതശൈലിയും മരുന്നും
പലപ്പോഴും ഇവ പരസ്പര പൂരകങ്ങളാണ്. ഇഴചേർന്നു പോകേണ്ടവയാണ്. ജീവിതശൈലി മാറ്റങ്ങൾ - ഭക്ഷണ നിയന്ത്രണം, സ്ഥിരമായ വ്യായാമം, ഭാരനിയന്ത്രണം, പുകവലി ഒഴിവാക്കൽ.
മരുന്നുകൾ - സ്റ്റാറ്റിൻ, എസെറ്റിമൈബ്, PCSK9 inhibitors പോലെയുള്ള മരുന്നുകൾ ജീവൻ രക്ഷിക്കുന്ന മരുന്നുകൾ ആണ് എന്ന് അന്താരാഷ്ട്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പെനിസിലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ സാംക്രമിക ബാക്ടീരിയൽ രോഗചികിത്സയിൽ വരുത്തിയ വിപ്ലവത്തിന് ശേഷം ഇത്രയും മരണസംഖ്യ കുറവ് വരുത്തിയ മറ്റൊരു “മാജിക് ബുള്ളറ്റ്” സ്റ്റാറ്റിൻ ഗുളികകളെ പോലെ ഇല്ല. ഇവ വളരെ അപകടരഹിതവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ
- അമിത കൊളസ്ട്രോൾ പുച്ഛിച്ചു തള്ളാനുള്ളതല്ല. അത് ഹൃദയത്തിന്റെയും രക്തവാഹിനികളുടെയും ഭാവി നിർണയിക്കുന്ന ഘടകമാണ്.
- രോഗിയുടെ അപകടസാധ്യത അനുസരിച്ചുള്ള LDL നിയന്ത്രണം, HDL നില ഉയർത്തൽ, ട്രിഗ്ലിസറൈഡ് കുറയ്ക്കൽ...ഇവയെല്ലാം ചേർന്നാലേ ഹൃദയാഘാതവും രക്തക്കുഴൽ രോഗങ്ങളും തടയാനാകൂ.