പ്രമേഹബാധിതയായ ബാർബി ഗേൾ
text_fieldsലോകമെങ്ങും പെൺകുട്ടികളുടെ പ്രിയ പാവയായ ബാർബി ഇനി പ്രമേഹക്കാരിയായും. കുഞ്ഞുങ്ങളിലെ മഹാവ്യാധിയായി മാറിക്കൊണ്ടിരിക്കുന്ന ടൈപ് വൺ പ്രമേഹത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് ബാർബി ഗേൾ നിർമാതാക്കളായ മാറ്റെൽ കമ്പനി ഗ്ലൂക്കോസ് മോണിറ്റർ അടക്കം ശരീരത്തിൽ ഘടിപ്പിച്ച ബാർബിയെ പുറത്തിറക്കിയത്. ഈ അസുഖത്തിന്റെ പിടിയിലായ കുട്ടികളെ കൂടി സമൂഹത്തിന്റെ ഭാഗമായി കാണാനും ചേർത്തുനിർത്താനും ലക്ഷ്യമിട്ടാണ് പ്രമേഹ നിയന്ത്രണ ആക്സസറീസണിഞ്ഞ പാവയെ വിപണിയിൽ ഇറക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നു.
പ്രമേഹ ബോധവത്കരണ പ്രതീകമായ പോൾക്ക പുള്ളികളുള്ള ഉടുപ്പണിഞ്ഞ, കൈകളിൽ സ്ഥിരം ഗ്ലൂക്കോസ് മോണിറ്റർ, ഇടുപ്പിൽ ഇൻസുലിൻ പമ്പ്, ഷുഗർ ലെവൽ കാണിക്കുന്ന മൊബൈൽ ഫോൺ എന്നിവയെല്ലാമായാണ് ഈ ബാർബി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീവിതാവസാനംവരെ കൂടെ കൊണ്ടു നടക്കേണ്ട ഈ രോഗത്തോട്, അതിന് ഇരയായ കുട്ടികളിൽ പോസിറ്റിവ് മനോഭാവം വളർത്തിയെടുക്കാൻ കൂടിയാണ് ബാർബിയുടെ പുതുഭാവം.
വെറും പാവയല്ല, ശാക്തീകരണ മുദ്രാവാക്യം
ടൈപ് വൺ പ്രമേഹബാധിതരായ കുട്ടികൾക്കും അവരുടെ സഹപ്രായക്കാർക്കും ഈ രോഗത്തെ ഭയമില്ലാതെ കാണാൻ ഈയൊരു ദൗത്യം ഗുണം ചെയ്യുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ‘‘പ്രമേഹ ബാധിതയുടെ രൂപഭാവങ്ങളോടെ ഒരു ബാർബി വന്നാൽ, തങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് അവർ മനസ്സിലാക്കും. ഒപ്പം, അത്തരം കുട്ടികളോടുള്ള സഹാനുഭൂതി മറ്റുള്ളവരിൽ ഉണ്ടാവുകയും ചെയ്യുമെന്നും സൈക്കോളജിസ്റ്റ് ഡോ. അപർണ രാമകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു.