മധുരക്കിഴങ്ങ് കഴിച്ചാൽ പ്രമേഹം വർധിക്കുമോ?
text_fieldsലോകത്തിന്‍റെ ‘പ്രമേഹ തലസ്ഥാനം’ എന്നാണ് ഇന്ത്യയെ പലപ്പോഴും വിശേഷിപ്പിക്കാറ്. ഇന്ത്യയിൽ കോടിക്കണക്കിന് ആളുകളെയാണ് ഈ വിട്ടുമാറാത്ത അവസ്ഥ ബാധിച്ചിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന കാര്യം, പ്രമേഹമുള്ളവരിൽ പകുതിയിലധികം പേർക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ല എന്നതാണ്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, വൃക്കകളുടെ തകരാറ്, അന്ധത തുടങ്ങിയ ഗുരുതരമായ സങ്കീർണതകളിലേക്ക് നയിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം നിർണായക പങ്കാണ് വഹിക്കുന്നത്. മധുരക്കിഴങ്ങ് പോലുള്ള ചില ഭക്ഷണങ്ങൾ അവസ്ഥ വഷളാക്കുമോ എന്നത് പ്രമേഹരോഗികൾക്കിടയിൽ എപ്പോഴുമുള്ള ആശങ്കയാണ്.
പ്രശസ്ത പോഷകാഹാര വിദഗ്ധ ദീപ്സിഖ ജെയിൻ മധുരക്കിഴങ്ങ് പ്രമേഹരോഗികൾക്ക് ദോഷകരമാണെന്ന മിഥ്യാധാരണ പൊളിച്ചെഴുതുന്നു. മധുരക്കിഴങ്ങ് യഥാർത്ഥത്തിൽ പ്രമേഹത്തിന് നല്ലതാണെന്നും ഉയർന്ന നാരുകളും പ്രതിരോധശേഷിയുള്ള അന്നജം കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും അവർ വിശദീകരിക്കുന്നു.
മധുരക്കിഴങ്ങിന്റെ ഗ്ലൈസെമിക് സൂചിക (ജി.ഐ) കുറച്ച് പ്രമേഹരോഗികൾക്ക് കഴിക്കാൻ കൂടുതൽ അനുയോജ്യമാക്കുന്നതിന് രണ്ട് വഴികളും ദീപ്സിഖ എടുത്തുപറയുന്നു.
(1) കൂടുതൽ നേരം വേവിക്കുക. മധുരക്കിഴങ്ങ് കൂടുതൽ നേരം വേവിക്കുമ്പോൾ അവയുടെ ഗ്ലൈസെമിക് സൂചിക (ജി.ഐ) കുറയുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുന്നു.
(2) വേവിച്ച ശേഷം തണുപ്പിക്കുക. വേവിച്ച മധുരക്കിഴങ്ങ് 7-8 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുന്നത് അവയുടെ കലോറി അളവ് 20 ശതമാനവും പഞ്ചസാരയുടെ അളവ് 30 ശതമാനവും കുറയ്ക്കും.
ഇത്തരത്തിൽ ആശങ്കകളില്ലാതെ പ്രമേഹരോഗികൾക്ക് മധുരക്കിഴങ്ങ് കഴിക്കാനാകുമെന്നാണ് ദീപ്സിഖ ജെയിൻ പറയുന്നത്.