പതിവായി ഉച്ചവരെ ഉറങ്ങിയാൽ എന്തു സംഭവിക്കും
text_fieldsഉച്ചവരെ കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ ഇങ്ങനെ പതിവായി വൈകി എഴുന്നേൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുമാത്രം കേടുപാടുകളാണ് ഉണ്ടാക്കുന്നത് എന്നും അറിഞ്ഞിരിക്കണം. രാത്രി പുലരും വരെ മൊബൈൽ സ്ക്രോൾ ചെയ്ത് വൈകി ഉറങ്ങുന്നവരും രാത്രിസമയങ്ങളിലെ ജോലി ചെയ്യുന്നവരും മിക്കപ്പോഴും ഉറക്കമുണരുന്നത് ഉച്ചയാകുമ്പോഴായിരിക്കും. ഈയൊരു ശീലം പതിവായി ആറുമാസത്തേക്ക് തുടരുന്നത് ശരീരത്തിലെ ജീവക്രമങ്ങളെ നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥത്തെ തകിടംമറിക്കും. ഉറക്കം, ഹോർമോൺ സന്തുലിതാവസ്ഥ, ഉപാപചയ പ്രവർത്തനം, ജാഗ്രത എന്നിവയെയൊക്കെ നിയന്ത്രിക്കുന്നത് ഈ ജീവശാസ്ത്ര ക്ലോക്കാണ്.
മാത്രമല്ല, 7 മുതൽ 9 മണിക്കൂർവരെയുള്ള ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെങ്കിലും വൈകിയാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ സോഷ്യൽ ജെറ്റ്ലാഗ് സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുംബൈയിലെ ഗ്ലെനീഗിൾസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മഞ്ജുഷ അഗർവാൾ പറയുന്നു. പകൽ സമയങ്ങളിൽ ചെയ്യുന്ന പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, ജാഗ്രതക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ.
ശരിയായ സമയത്ത് നല്ല ഉറക്കം ലഭിക്കുന്നത് കോശങ്ങളിലെ തകരാറുകൾ പരിഹരിക്കുന്നതിനും ചർമത്തിന്റെ ആരോഗ്യത്തിനും പ്രധാനമാണ്.
സ്ഥിരമായി വൈകിയെഴുന്നേൽക്കുന്നത് രാവിലെയുള്ള വെളിച്ചത്തിന്റെ ലഭ്യത കുറയ്ക്കും. ഇത് സർക്കാഡിയൻ ക്രമത്തെ ദുർബലമാക്കുന്നത് മോശം മാനസികാവസ്ഥക്കും ക്ഷീണത്തിനും വിഷാദരോഗത്തിനും കാരണമാകും. മാത്രമല്ല സൂര്യപ്രകാശത്തിന്റെ കുറവ് വിറ്റമിൻ ഡി അപര്യാപ്തക്ക് കാരണമാകും. പകൽ സമയങ്ങളിൽ മറ്റുള്ളവരുമായുള്ള ഇടപഴലുകൾ കുറയുന്നത് സാമൂഹിക ബന്ധങ്ങളിലെ വിള്ളലുകൾക്കും കാരണമാകും.


