രണ്ടു മിനിറ്റിൽ ഉറക്കത്തിലേക്ക്: മിലിറ്ററി സ്ലീപ് മെത്തേഡ് അറിയാമോ...?
text_fieldsഉറങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടോ? ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവസ്ഥയില്‍നിന്നും മോചനം തേടുന്നവര്‍ക്ക് മിലിറ്ററി സ്ലീപ് മെത്തേഡ് പരിഹാരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ശരീരവും മനസ്സും ശാന്തമാക്കി ഉറക്കത്തിലേക്ക് കടക്കാനാകും. അമേരിക്കന്‍ നേവി പ്രയോഗിച്ചിരുന്ന പ്രത്യേക വിദ്യയാണ് ഇത്. അധിക സമ്മർദം നിറഞ്ഞ യുദ്ധസമയത്തുപോലും പെട്ടെന്ന് ഉറങ്ങാന്‍ കഴിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 1981-ൽ പുറത്തിറങ്ങിയ 'റിലാക്സ് ആൻഡ് വിൻ: ചാമ്പ്യൻഷിപ്പ് പെർഫോമൻസ്' എന്ന പുസ്തകത്തിൽ ഈ രീതി വിശദീകരിച്ചിട്ടുണ്ട്.
എങ്ങനെ പ്രായോഗികമാക്കാം?
- കിടന്നുകൊണ്ട് ആരംഭിക്കുക, ആദ്യം ശരീരം മുഴുവന്‍ ശാന്തമാക്കണം. എന്നിട്ട് കണ്ണുകൾ അടച്ച്, മുഖം, സന്ധികള്‍, തോളുകള്‍, കൈകള്‍ എന്നിവ സാവധാനം റീലാക്സ് ചെയ്യുക. പിന്നീട് ശ്വാസം ആഴത്തില്‍ എടുത്ത് പുറന്തള്ളുക.
- നിങ്ങളുടെ തോളുകൾ താഴ്ത്തി, കിടക്കയിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കുക, ക്രമേണ നിങ്ങളുടെ കൈകൾ, വിരലുകൾ എന്നിവ വിശ്രമത്തിലാക്കുക.
- ശ്വാസം വിടുമ്പോൾ ആ ഭാഗങ്ങളിലേക്ക് ബോധപൂർവ്വം വിശ്രമം നൽകിക്കൊണ്ട്, പതുക്കെ, നിങ്ങളുടെ ശ്രദ്ധ നെഞ്ചിലേക്കും വയറിലേക്കും നീക്കുക. തുടകൾ മുതൽ കാൽവിരലുകൾ വരെയുള്ള ഓരോ പേശികളെയും സന്ധികളെയും വിശ്രമിക്കാൻ അനുവദിക്കുക.
- അടുത്ത ഘട്ടം മനസ്സിനെ നിയന്ത്രിക്കുകയാണ്. വെള്ളത്തില്‍ ഒഴുകുന്നതുപോലെ നിങ്ങള്‍ സ്വയം മനസ്സില്‍ ചിന്തിക്കുക. അല്ലെങ്കില്‍ ഇരുട്ടില്‍ സാവധാനം അലിയുന്നതുപോലെ സ്വയം ചിന്തിക്കുക. രണ്ടുമിനിറ്റിനുള്ളില്‍ തന്നെ തലച്ചോര്‍ ശാന്തമാകുകയും ഉറങ്ങാൻ സാധിക്കുകയും ചെയ്യും.
എന്താണിതിന്‍റെ പ്രാധാന്യം?
സമ്മര്‍ദം, ഫോണ്‍ സ്‌ക്രീനിന്‍റെ അമിത ഉപയോഗം, ഉറക്കത്തിലെ ക്രമക്കേട് തുടങ്ങിയവയാണ് ഇന്നത്തെ കാലത്ത് ഉറക്കക്കുറവിന് പ്രധാന കാരണങ്ങള്‍. ഇത്തരം സാഹചര്യത്തില്‍ മരുന്നുകളിലേക്കല്ല, ശരീരത്തിന്‍റെയും മനസിന്റെയും സ്വാഭാവിക നിയന്ത്രണത്തിലേക്കാണ് മിലിറ്ററി സ്ലീപ് മെത്തേഡ് നമ്മെ നയിക്കുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
എല്ലാവര്‍ക്കും ആദ്യ ശ്രമത്തില്‍ തന്നെ ഫലം കിട്ടണമെന്നില്ല. കുറച്ച് ദിവസം സ്ഥിരമായി അഭ്യസിച്ചാല്‍ മാത്രമേ ശരീരം ഇതിലേക്ക് പതുക്കെ ഇണങ്ങുകയുള്ളൂ. എന്നാല്‍ തുടര്‍ച്ചയായ ഉറക്കക്കുറവോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
ഇനി ഉറക്കത്തിനായി അലോസരപ്പെടേണ്ട, രണ്ടു മിനിറ്റ് മിലിറ്ററി സ്ലീപ് മെത്തേഡ് പരിഹാരമായി പരീക്ഷിക്കാം.