ജില്ലയിൽ പനി വ്യാപകം; മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ആശങ്ക ഉയർത്തുന്നു
text_fieldsകൊല്ലം: മഴ മാറിനിന്നതോടെ ജില്ലയിൽ വൈറൽ പനികളും സാംക്രമിക രോഗങ്ങളും വ്യാപകമായി പടരുന്നു. ഒരുമാസത്തിനിടെ സർക്കാർ ആശുപത്രികളിൽ മാത്രം 12,004 പേർ പനിയെ തുടർന്ന് ഒ.പിയിൽ ചികിത്സ തേടിയപ്പോൾ, 302 പേരെ രോഗലക്ഷണങ്ങൾ രൂക്ഷമായതിനാൽ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
മഞ്ഞപ്പിത്തത്തിന്റെ വ്യാപനമാണ് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ മാസം ജില്ലയിൽ 63 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇടമുളയ്ക്കൽ ഗവ. ജവാഹർ ഹൈസ്കൂളിലെ വിദ്യാർഥികൾക്കിടയിൽ രോഗം പടർന്നത് സ്കൂളിലെ കിണർ വെള്ളം വഴിയാണെന്നാണ് പരിശോധന ഫലങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളം ഉപയോഗശൂന്യമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് സ്കൂൾ അടച്ചുപൂട്ടുകയും വീണ്ടും തുറക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റുകയും ചെയ്തു. രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ സ്കൂൾ തുറക്കൽ നീളാനിടയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനകം 20 ഓളം കുട്ടികൾക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. കഴിഞ്ഞ മേയിൽ മഞ്ഞപ്പിത്തബാധ മൂലം ചേരിക്കോണം സ്വദേശിനികളായ രണ്ടുസഹോദരിമാർ മരിച്ചതും ജില്ലയിൽ ആശങ്ക വർധിപ്പിച്ചിരുന്നു.
ഡെങ്കിപ്പനിയും ജില്ലയിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം 83 കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. എന്നാൽ, പനി ലക്ഷണങ്ങൾ പ്രകടമായിട്ടും പലരും പരിശോധനകൾ ഒഴിവാക്കുന്നതോടെ രോഗനിർണയം വൈകുകയും അവസ്ഥ ഗുരുതരമാകുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ എണ്ണം ഇതിലും കൂടുതലാണെന്ന് സൂചനയുണ്ട്.
എങ്കിലും കൊതുകു നിർമാർജന പ്രവർത്തനങ്ങൾ ജില്ലയിൽ സുതാര്യമായി നടപ്പിലാക്കിയിട്ടില്ല. അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളിൽ കൊതുകുകളുടെ വളർച്ച കൂടുതലാണ്. പനി സ്ഥിരീകരിക്കാനായി രക്തപരിശോധന നിർബന്ധമാണെങ്കിലും ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും പരിശോധന നിരസിക്കുന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. തുടർച്ചയായി നീളുന്ന പനി അപകടകാരിയാകാൻ സാധ്യതയുള്ളതിനാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
മഴ മാറിയ സാഹചര്യത്തിൽ ശുദ്ധജല സ്രോതസ്സുകളിൽ മലിനജലം കലരാനുള്ള സാധ്യത ഉയർന്നിട്ടുണ്ടെന്നും കിണറുകളും കുടിവെള്ള സ്രോതസ്സുകളും കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.