ഫ്ലക്സിബിൾ ഫിറ്റ്നസ് കുറച്ചുകൂടി എളുപ്പം
text_fieldsകപിൽ ശർമ
ബോളിവുഡിൽ സകലരെയും അതിശയപ്പെടുത്തിയ ഒന്നായിരുന്നു, രാജ്യത്തെ ഏറ്റവും വിലയേറിയ കൊമേഡിയൻ കപിൽ ശർമയുടെ മേക്കോവർ. അസൂയാർഹമാംവിധം വണ്ണം കുറച്ച കപിലിന്റെ കഠിനാധ്വാനവും സഹകരണവുമാണ് മികച്ച ഫലമുണ്ടാവാൻ കാരണമായതെന്ന് അദ്ദേഹത്തിന്റെ ഫിറ്റ്നെസ് ട്രെയിനർ യോഗേഷ് ഭട്ടേജ പറയുന്നു.
‘തിരക്കേറിയ വിനോദ വ്യവസായത്തിലുള്ളവരായതുകൊണ്ടുതന്നെ കപിലിനെപ്പോലുള്ളവർക്ക് ഫ്ലക്സിബിൾ ഫിറ്റ്നസ് ദിനചര്യയാണ് ഏറ്റവും അനുയോജ്യം. ശരീരം എങ്ങനെ പ്രതികരിക്കുന്നു, എത്ര സമയമുണ്ട്, ഇന്ന് എത്ര സാധിക്കും എന്നിവയെല്ലാം അടിസ്ഥാനമാക്കി വർക്കൗട്ട് നിശ്ചയിക്കാൻ കഴിയും. ജോലിക്കിടയിലെ 15 മിനിറ്റ് സ്ട്രെച്ചിങ്, കുട്ടികൾക്കൊപ്പം ഒരു ഡാൻസ്, കിടക്കയിൽവെച്ച് ഒരു യോഗ എന്നിങ്ങനെയെല്ലാം മുന്നോട്ടു കൊണ്ടുപോകാം’ -ഭട്ടേജ പറയുന്നു.
‘മാനസികമായി മോശം അവസ്ഥയിലാണെങ്കിൽപോലും ഫിറ്റ്നസ് ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കും. കാരണം അതു നിങ്ങൾക്ക് ചിന്തിക്കാൻ സമയം നൽകും, നിങ്ങളുടെ ശരീരസംവിധാനം അതിന് പിന്തുണ നൽകും. ചുറ്റുപാടിനെക്കുറിച്ചും നിങ്ങളെക്കുറിച്ചുതന്നെയും മനസ്സിൽ പോസിറ്റിവ് ചിന്ത നിറയും’ -ഭട്ടേജ വിശദീകരിക്കുന്നു.
മടിയല്ല ഫ്ലെക്സിബിൾ
ഫ്ലക്സിബിൾ ഫിറ്റ്നസ് ചര്യ മടിയുള്ളവർക്ക് നിർദേശിക്കുന്നതാണെന്ന ധാരണ തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബുദ്ധിപരവും സ്ഥിരതയുള്ളതും ശരീരത്തോട് അലിവുള്ളതുമാണ്. ദിവസവും കൃത്യമായി ഒരു മണിക്കൂർ കഠിന വ്യായാമം എന്നതിനെക്കാൾ ദീർഘകാല അടിസ്ഥാനത്തിൽ ഗുണകരമായുള്ളത് ഇത്തരം ചെറു തുടക്കങ്ങളാണെന്നും ട്രെയിനർമാർ അഭിപ്രായപ്പെടുന്നു.
ഒരു വ്യായാമ ദിനചര്യ രൂപപ്പെടുത്തുമ്പോൾ ശീലം അടിച്ചേൽപിക്കുന്നത് എല്ലായ്പോഴും സാധിക്കില്ല. അതിന്റെ പേരിൽ ശരീരത്തെ ശിക്ഷിക്കാനും പാടില്ല. ഒരു ദിവസം മുടങ്ങിയാൽ, ‘ഇന്നിനിയെന്ത് സാധിക്കും’ എന്ന് സ്വയം ചോദിക്കുക. ഒരു ചെറു നടത്തം? പത്തുമിനിറ്റ് യോഗ? ദീർഘശ്വാസം.. അങ്ങനെയെന്തുമാകാം.