‘ഫ്രിഡ്ജ്സ്കേപിങ്’ അത്ര നല്ല ട്രെൻഡല്ല
text_fieldsഎന്താണ് സോഷ്യൽ മീഡിയയിൽ വൈറലായി കത്തിപ്പിടിക്കുക എന്നതിൽ ഒരു പിടിയുമില്ല. അതിൽ ഏറ്റവും പുതിയ ഒരു ഏർപ്പാടാണ്, ‘ഫ്രിഡ്ജ്സ്കേപിങ്’. ലാൻഡ്സ്കേപിങ് എന്നൊക്കെ പറയുംപോലെ, ഫ്രിഡ്ജിനകത്ത് പല സാധനങ്ങൾ കൊണ്ടുവെച്ച് ‘മനോഹര’മാക്കുന്ന ട്രെൻഡാണിത്. ഫ്രിഡ്ജിന്റെ ഇന്റീരിയർ ഒരുക്കുകയാണ് സംഭവം. എന്നാൽ, ഈ ട്രെൻഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുകയാണ്. ഫ്രിഡ്ജിനകത്ത് ഫോട്ടോ ഫ്രെയിം, ചെടികൾ, കൊട്ടകൾ, അലങ്കാര വസ്തുക്കൾ, ലൈറ്റുകൾ തുടങ്ങിയവ വെച്ചാണ് പലരും ഫ്രിഡ്ജ്സ്കേപിങ് നടത്തുന്നത്.
എന്നാൽ, ഭക്ഷണത്തിനൊപ്പം ഇത്തരം സാധനങ്ങൾ വെക്കുന്നത് റിസ്കാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ‘‘ഫ്രിഡ്ജിന്റെ അകം അലങ്കരിക്കാനുള്ളതല്ല. ഫ്രിഡ്ജ്സ്കേപ് കൊണ്ട് ഭംഗിയൊക്കെ വരുത്താൻ പറ്റിയെന്നിരിക്കും. എന്നാലിത് അതിനകത്തെ ഭക്ഷണപദാർഥങ്ങൾ കേടാക്കും. അലങ്കാര വസ്തുക്കളിൽനിന്ന് ബാക്ടീരിയകൾ വേഗം കേടാകുന്ന ഭക്ഷണങ്ങളിൽ കലർന്ന് അവയെ ആരോഗ്യത്തിന് ഹാനികരമാക്കും. തുറന്നുവെച്ച ഭക്ഷണങ്ങളാണെങ്കിൽ അപകടം ഇരട്ടിക്കും’’ -ഡോ. പല്ലേട്ടി ശിവ കാർത്തിക് റെഡ്ഡി പറയുന്നു.
ഫ്രിഡ്ജിൽ സുരക്ഷിതമായി ഭക്ഷണം സൂക്ഷിക്കാം
‘ഫുഡ് സേഫ്’, എയർടൈറ്റ് പാത്രങ്ങളിൽ ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാം.
ഭക്ഷ്യവസ്തുക്കളല്ലാത്തവ (ചെടി, അലങ്കാരവസ്തുക്കൾ) ഫ്രിഡ്ജിൽ വെക്കരുത്.
താപനില അനുസരിച്ച് ഭക്ഷ്യവസ്തുക്കൾ വേർതിരിച്ചു വെക്കണം.
മാസത്തിലൊരിക്കൽ മൃദുവായ അണുനാശിനികൊണ്ട് ഫ്രിഡ്ജിനകം വൃത്തിയാക്കണം.
‘ആദ്യം വെച്ചത് ആദ്യം’ എന്ന നിലയിൽ പുറത്തെടുക്കണം.