പ്രോട്ടീൻ പാൽ മുതൽ ഇഡ്ഡലി മാവ് വരെ ആരോഗ്യ മന്ത്രമോ, വിപണി തന്ത്രമോ?
text_fieldsപ്രോട്ടീൻ പാൽ, പ്രോട്ടീൻ ഇഡ്ഡലി-ദോശ മാവ്, പ്രോട്ടീൻ ബ്രഡ്, പ്രോട്ടീൻ യോഗർട്ട് എന്നു തുടങ്ങി പ്രോട്ടീൻ വെള്ളം വരെ... നാം ഇന്ത്യക്കാർ കാലങ്ങളായി കഴിച്ചുകൊണ്ടിരിക്കുന്ന പല ഭക്ഷണങ്ങളുടെ പേരിനൊപ്പവും ഇന്നിപ്പോൾ പ്രോട്ടീൻ കൂടി ചേർന്നിക്കുന്നു. അങ്ങനെ ഒരു പ്രോട്ടീൻ വിപ്ലവംതന്നെ അരങ്ങേറുകയാണിപ്പോൾ നാട്ടിൽ.
ധാന്യ കേന്ദ്രീകൃതമായ ഭക്ഷണശീലം കാരണം ബഹുഭൂരിഭാഗം ഇന്ത്യക്കാരും പ്രോട്ടീൻ ദൗർലഭ്യം അനഭവപ്പെടുന്നവരാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പലരും മാറിചിന്തിക്കുന്നതിന്റെ ഫലമാണ് ഈ പ്രോട്ടീൻ ട്രെൻഡ്. ഹെൽത്തി ഡയറ്റ് എന്ന് സെർച് ചെയ്താൽ പിന്നെ നമ്മുടെ സോഷ്യൽ മീഡിയ ഫീഡ് മുഴുവൻ ‘P-വേഡു’കളാൽ നിറയുന്നതും കാണാം. സമൂഹമാധ്യമങ്ങളിലെ ഡയറ്റ് വിദഗ്ധരുടെയും ഇഷ്ട വിഷയമാണിത്. എങ്കിലും, സ്വാഭാവിക പ്രോട്ടീനു പുറമെയുള്ള ഈ ആഡഡ് പ്രോട്ടീൻ ആർക്കൊക്കെ കഴിക്കാം, എത്ര കഴിക്കാം എന്നതിലൊക്കെ ഒരു നിശ്ചയമൊക്കെ നല്ലതാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
പ്രോട്ടീനെന്താ കൊമ്പുണ്ടോ?
പേശികൾ നിലനിർത്താനും മൊത്തം ആരോഗ്യത്തിനും പ്രതിരോധ സംവിധാനം പ്രവർത്തിക്കാനും ഏറ്റവും അനിവാര്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ.
ഇന്ത്യക്കാർക്കെത്ര?
ശരീരഭാരത്തിൽ ഒരു കിലോഗ്രാമിന് 0.8 ഗ്രാം ആണ് ഐ.സി.എം.ആർ ഇന്ത്യക്കാർക്ക് നിർദേശിക്കുന്ന ആർ.ഡി.എ (റെക്കമെൻഡഡ് ഡയറ്ററി അലവൻസ്). പ്രായം, ശാരീരിക അധ്വാനത്തിന്റെ തോത്, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിൽ വ്യത്യാസമുണ്ടാകും. പ്രോട്ടീൻ കുറവ് നിലവിൽ ഇന്ത്യൻ ആരോഗ്യരംഗത്തെ വലിയ വെല്ലുവിളികളിലൊന്നാണ്. രാജ്യത്ത് പ്രധാന പ്രോട്ടീൻ ഉറവിടങ്ങളിലൊന്നായി പറയപ്പെടുന്നതും ഭൂരിഭാഗം പേരും ഉപയോഗിക്കുന്നതുമായ പരിപ്പിൽ പ്രോട്ടീനേക്കാൾ കാർബോഹൈേഡ്രറ്റാണ് കൂടുതൽ.
കൂടാതെ, ശരീരത്തിനാവശ്യമുള്ള അമിനോ ആസിഡുകൾ എല്ലാം ഇല്ലതാനും. അതായത് നമ്മുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീന് വലിയ പ്രധാന്യമില്ല എന്നർഥം. ഐ.സി.ആർ.ഐ.എസ്.എ.ടി, ഐ.എഫ്.പി.ആർ.ഐ, സി.ഇ.എസ്.എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പഠനത്തിൽ മൂന്നിൽ രണ്ടു വീടുകളിലും പ്രോട്ടീൻ കുറവ് ഉണ്ടെന്നാണ്. ദൈനംദിന ഭക്ഷണത്തിൽ 60-75 ശതമാനവും ധാന്യങ്ങളാണ്. ഇതിൽ നിന്ന് അൽപം പ്രോട്ടീൻ മാത്രമേ ലഭിക്കൂ.
അമിത പ്രോട്ടീൻ?
ഒരു കിലോഗ്രാം ശരീരഭാരത്തിന് പ്രോട്ടീൻ 0.8 ഗ്രാം എങ്കിലും വേണമെന്നാണ് കണക്കെങ്കിലും അത്, ദൗർലഭ്യം ഇല്ലാതിരിക്കാനുള്ള അളവാണെന്നും അതിൽ കൂടുതൽ ഉണ്ടെങ്കിലേ പ്രായം കൂടുന്നതിനനുസരിച്ച് പേശികൾക്ക് ബലവും ആരോഗ്യവും നിലനിർത്താനാവൂ എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
‘0.8 എന്നത് സ്റ്റാർട്ടിങ് പോയന്റാണ്. പ്രോട്ടീഷൻ ശോഷണം ഒഴിവാക്കാനുള്ള അളവ് മാത്രമാണത്. ശരീരം കരുത്തോടെ നിലനിർത്താൻ അതു മതിയാവില്ല’’- ന്യൂട്രീഷ്യനിസ്റ്റ് സംഗീത അയ്യർ പറയുന്നു. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ജീവിതരീതിയും അടിസ്ഥാനമാക്കി ആവശ്യമായ പ്രോട്ടീൻ അളവ് കണ്ടെത്തണമെന്നും അതിനനുസരിച്ച് ഭക്ഷണം ക്രമീകരിക്കണമെന്നും അവർ നിർദേശിക്കുന്നു.
ജനങ്ങൾ കൂടുതൽ ആരോഗ്യ ജാഗരൂകരായി വരുന്നതിന്റെ സ്വാഭാവിക വിപണി പ്രതികരണമാണ് പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണവസ്തുക്കളുടെ ആധിക്യം. അതുകൊണ്ടുതന്നെ, തനിക്ക് ആവശ്യമുള്ളതോ അതോ ട്രെൻഡിനനുസരിച്ചുള്ള ഉൽപന്നങ്ങളാണോ എന്നത് ഓരോരുത്തരും മനസ്സിലാക്കി വെക്കൽ ആവശ്യമാണ്’’