Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightടി.പി.ഒ അടങ്ങിയ ജെൽ...

ടി.പി.ഒ അടങ്ങിയ ജെൽ നെയിൽ ഉൽപ്പന്നങ്ങൾ ബ്രിട്ടണിൽ നിരോധിച്ചു; ഉപയോഗിക്കുന്നതിന് മുമ്പ് ലേബൽ പരിശോധിക്കണമെന്ന് വിദഗ്ധർ

text_fields
bookmark_border
ടി.പി.ഒ അടങ്ങിയ ജെൽ നെയിൽ ഉൽപ്പന്നങ്ങൾ ബ്രിട്ടണിൽ നിരോധിച്ചു; ഉപയോഗിക്കുന്നതിന് മുമ്പ് ലേബൽ പരിശോധിക്കണമെന്ന് വിദഗ്ധർ
cancel

ലണ്ടൻ: ട്രൈമെഥൈൽ ബെൻസോയിൽ ഡൈഫെനൈൽഫോസ്ഫിൻ ഓക്സൈഡ് (ടി.പി.ഒ - TPO) അടങ്ങിയ ജെൽ നെയിൽ ഉൽപ്പന്നങ്ങൾ ബ്രിട്ടൺ നിരോധിച്ചു. സ്കോട്ട്ലൻഡിലും വെയിൽസിലും കൂടി ഇവ നിരോധിച്ച് പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. ടി.പി.ഒ അടങ്ങിയ പുതിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഇനി ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ വിപണിയിലിറക്കാൻ കഴിയില്ല. നിയമപരമായി ഇതിനകം വിപണിയിലെത്തിച്ചവ വിൽക്കാം. ഈ നിയന്ത്രണം 2027 ഫെബ്രുവരിയിൽ പൂർണ്ണമായി നിലവിൽ വരും.

എന്തുകൊണ്ട് നിരോധനം?

അൾട്രാ വയലറ്റ് (UV) അല്ലെങ്കിൽ എൽ.ഇ.ഡി. (LED) ലാംപുകൾക്ക് കീഴിൽ ജെൽ നെയിൽ ഉൽപ്പന്നങ്ങൾ ഉണങ്ങാൻ സഹായിക്കുന്ന ഒരു രാസവസ്തുവാണ് ടി.പി.ഒ. ഇത് പ്രത്യുൽപാദനത്തിന് ഹാനികരമായ (reproductive toxicant) വസ്തുവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. യൂറോപ്യൻ യൂണിയൻ 2025 സെപ്റ്റംബർ മുതൽ കോസ്മെറ്റിക്സിലെ ടി.പി.ഒ നിരോധിച്ചിരുന്നു.

എല്ലാ ജെൽ നെയിൽ പോളിഷുകളും വന്ധ്യതയ്ക്ക് കാരണമാകുമെന്ന് ഇതിനർത്ഥമില്ല. പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്നവ ഉപയോഗിക്കുന്നത് കൊണ്ട് ദോഷം ചെയ്യില്ല.

"ജെൽ നെയിൽ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ടി.പി.ഒയുടെ അളവ് വളരെ കുറവാണ്. അതിനാൽ ഇതിന്റെ അപകടസാധ്യത അളവ്, ആവൃത്തി, ദൈർഘ്യം, എക്സ്പോഷർ ചെയ്യപ്പെടുന്ന രീതി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും" എന്ന് ഡൽഹിയിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡെർമറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സന്ദീപ് അറോറ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അലർജിക്ക് കാരണമാകാം

ടി.പി.ഒ അലർജികൾക്കും ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തുടർച്ചയായി ഈ രാസവസ്തുവുമായി സമ്പർക്കത്തിൽ വരുന്നവർക്ക്, പ്രത്യേകിച്ച് നെയിൽ ടെക്നീഷ്യൻമാർക്കാണ് സാധ്യത കൂടുതൽ. ഇത് നഖങ്ങൾക്ക് ചുറ്റുമുള്ള ചർമ്മം ചുവക്കാനും ചൊറിച്ചിൽ, വേദന, കുമിളകൾ എന്നിവ ഉണ്ടാകാനും ഇടയാക്കും. ഇത് നഖം പൊട്ടുന്നതിനും വേർപെട്ടുപോകുന്നതിനും കാരണമാകാം.

ഉയർന്ന അളവിലുള്ള ടി.പി.ഒ ഉൾപ്പെടുത്തിയുള്ള മൃഗങ്ങളിലെ പഠനങ്ങൾ ഹോർമോൺ വ്യതിയാനങ്ങളും, വന്ധ്യതയും ജനന വൈകല്യങ്ങളും ഉൾപ്പെടെയുള്ള പ്രത്യുൽപാദന പ്രശ്നങ്ങളും ക്യാൻസർ സാധ്യതയും കണ്ടെത്തിയിരുന്നു.

ലേബൽ ശ്രദ്ധിക്കുക

ഇന്ത്യയിൽ നെയിൽ പോളിഷ് ഉപയോഗിക്കുന്നവർ വളരെ കൂടുതലാണ്. അതിനാൽ ലേബലിങിന്റെയും സുരക്ഷാ പരിശോധനയുടെയും കാര്യത്തിൽ ഇന്ത്യയിലെ കോസ്മെറ്റിക്സ് വ്യവസായത്തിന് കർശനമായ നിയന്ത്രണങ്ങളും നിയമങ്ങളും ആവശ്യമാണെന്ന് വിദഗ്ധർ ശക്തമായി നിർദ്ദേശിക്കുന്നു. ചില ബ്രാൻഡുകളും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളും ചേരുവകളുടെ ലിസ്റ്റ് നൽകുമ്പോൾ, പലതും ഇപ്പോഴും നൽകുന്നില്ല.

നഖങ്ങളിൽ ഉപയോഗിക്കുന്ന പോളിഷുകൾ ഉൾപ്പെടെയുള്ള എല്ലാ കോസ്മെറ്റിക് ഉൽപ്പന്നങ്ങളിലും നിർമ്മാണ തീയതി, തുറക്കാത്തപ്പോഴുള്ള ഷെൽഫ് ലൈഫ്, ബോട്ടിൽ തുറന്ന തീയതി മുതലുള്ള കാലാവധി എന്നിവ പ്രദർശിപ്പിക്കേണ്ടതാണ്. എല്ലാ ചേരുവകളും വളരെ കൃത്യമായി വ്യക്തമായി പരാമർശിക്കുകയും വേണം.

ഗന്ധത്തിലോ സ്ഥിരതയിലോ (consistency) കട്ടിയിലോ ഉള്ള മാറ്റങ്ങൾ പരിശോധിക്കാനും, എന്തെങ്കിലും അലർജി പ്രതികരണങ്ങൾ ഉണ്ടായാൽ ആ പ്രത്യേക ബ്രാൻഡിന്റെ വിവരങ്ങൾ കുറിപ്പടിയിൽ കുറിച്ചുവെക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ചേരുവകളുടെ ലിസ്റ്റ് പരസ്യപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ഏറ്റവും മികച്ച പരിഹാരം. ഉണങ്ങുന്നതിന് അൾട്രാവയലറ്റ് രശ്മികൾ ആവശ്യമില്ലാത്തതും വായുവിൽ ഉണങ്ങുന്നതുമായ പരമ്പരാഗത നെയിൽ പോളിഷുകൾ ഉപയോഗിക്കുന്നത് കൊണ്ട് ഇത്തരം ദോഷങ്ങൾ ഉണ്ടാവില്ലെന്നും ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Show Full Article
TAGS:nail polish uk banned England scotland Wales 
News Summary - gel nails are under fire in the uk
Next Story