സർക്കാർ ഉത്തരവും നടപ്പായില്ല; തലാസീമിയ രോഗികളുടെ ജീവൻ അപകടത്തിൽ
text_fieldsകോഴിക്കോട്: തലാസീമിയ രോഗികളുടെ ദുരിതത്തിന് സർക്കാർ ഇടപെടലിനു ശേഷവും പരിഹാരമായില്ല. രക്തം നൽകുമ്പോൾ ഉപയോഗിക്കേണ്ട ഫിൽട്ടർ സെറ്റ് ബാഗുകൾ ഇല്ലാത്തതാണ് സംസ്ഥാനത്തെ തലാസീമിയ രോഗികളുടെ ജീവൻ പോലും അപകടത്തിലാക്കുന്നത്.
ബാഗുകളുടെ അപര്യാപ്തത വാർത്തയായതോടെ, ഈ വർഷം അവസാനിക്കുന്നതുവരെ ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി വിതരണം ചെയ്യാൻ തലാസീമിയ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്ക് സർക്കാർ ഉത്തരവ് നൽകിയിരുന്നു. എന്നാൽ, ആശുപത്രി ഭരണസമിതികൾ ഇതിന് വൈമനസ്യം കാണിക്കുകയാണ്. പല ആശുപത്രികളിലും ഇപ്പോഴും ബാഗുകൾ ലഭ്യമല്ല.
കഴിഞ്ഞ സെപ്റ്റംബർ 15നാണ് സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ തലാസീമിയ രോഗികളുടെ ചികിത്സ തുടരുന്ന ആശുപത്രികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റ് ബാഗുകൾ പ്രാദേശികമായി വാങ്ങി ചികിത്സ നടത്താൻ ഉത്തരവ് നൽകിയത്. ആശുപത്രി അധികൃതരുടെ അലംഭാവം മൂലം തലാസീമിയ രോഗികൾക്ക് രക്തം നൽകുമ്പോൾ അത്യാവശ്യമായ ഫിൽട്ടർ സെറ്റിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണ്. ഫിൽട്ടർ സെറ്റ് ഇല്ലാതെ ജീവരക്തം സ്വീകരിക്കുകയെന്നത് രോഗികൾക്ക് പേടിസ്വപ്നമാണ്.
ഇതുകാരണം ചികിത്സക്ക് പോകാൻ രോഗികളും ചികിത്സ നൽകാൻ ആരോഗ്യ പ്രവർത്തകരും വൈമനസ്യം കാണിക്കുകയാണ്. ചികിത്സ മുടങ്ങുന്നത് കാരണം രോഗികളുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ നില അപകടകരമായി കുറയാനും കാരണമാകുന്നു.
ഹീമോഗ്ലോബിന്റെ മതിയായ അളവ് ശരീരത്തിൽ നിലനിർത്താൻ പലപ്പോഴും രണ്ട് യൂനിറ്റ് രക്തം വരെ രോഗികൾക്ക് ആവശ്യമായി വരും. എന്നാൽ, ഫിൽട്ടർ സെറ്റില്ലാതെ തുടർച്ചയായി രണ്ട് യൂനിറ്റ് രക്തം സ്വീകരിക്കാൻ രോഗികൾ ഭയപ്പെടുകയാണ്. പകരം ഒരു യൂനിറ്റ് രക്തം മാത്രം സ്വീകരിച്ചാണ് പലരും മടങ്ങുന്നത്. ഇത് ഹീമോഗ്ലോബിൻ നില ക്രമാതീതമായി താഴാനിടയാക്കുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് രോഗികളെ കൊണ്ടെത്തിക്കുന്നത്. ഒരു വർഷത്തോളമായി തലാസീമിയ രോഗികൾക്ക് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റും മരുന്നും മുടങ്ങിയിട്ട്. ഇത് ലഭ്യമാക്കാൻ ഫലപ്രദമായ ഒരു നടപടിയും ഉണ്ടാവുന്നില്ല.
മരുന്ന് മുടങ്ങുന്നത് രോഗികളുടെ ഹൃദയത്തെയും കരളിനെയും മറ്റ് സുപ്രധാന ആന്തരികാവയവങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. മരുന്നും ഫിൽട്ടർ സെറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള രോഗികളുടെ സമരത്തെ പോലും സർക്കാർ അവഗണിക്കുകയാണ്. മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോഗ്യവകുപ്പ് അധികൃതരെ സമീപിച്ചിരിക്കുകയാണ്. എ. ബിജുനാഥ്


