പതിവായി വ്യായാമം ചെയ്താൽ ഉത്കണ്ഠയും വിഷാദവും കുറയും!
text_fieldsശാരീരികമായി ആരോഗ്യം നിലനിർത്തുന്നതിന് വ്യായാമം എത്രത്തോളം പ്രധാനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം . എന്നാൽ വ്യായാമം മാനസിക ആരോഗ്യം നിലനിർത്താനും സഹായിക്കും. വ്യായാമം മാനസികാരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ്. പതിവായ വ്യായാമം വിഷാദവും ഉത്കണ്ഠയും കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുപോലെ ഇത് വൈജ്ഞാനിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു.
വ്യായാമം ചെയ്യുമ്പോൾ തലച്ചോറിലെ സെറോടോണിൻ, സ്ട്രെസ് ഹോർമോണുകൾ, എൻഡോർഫിനുകൾ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് മാറുന്നു. തലച്ചോറിൽ സന്തോഷം നൽകുന്ന എൻഡോർഫിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് വിഷാദവും ഉത്കണ്ഠയും കുറക്കാൻ സഹായിക്കുന്നു. വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ ഓർമശക്തി, ശ്രദ്ധ, ചിന്താശേഷി തുടങ്ങിയ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നു. പതിവായ വ്യായാമം സമ്മർദ്ദത്തെ നേരിടാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ കോർട്ടിസോൾ (സമ്മർദ്ദ ഹോർമോൺ) അളവ് കുറക്കുന്നു.
വ്യായാമം കഠിനമോ കൂടുതൽ സമയമെടുക്കുന്നതോ ആയിരിക്കണമെന്നില്ല. നിയന്ത്രണബോധം, എന്തും നേരിടാനുള്ള കഴിവ്, ആത്മാഭിമാനം എന്നിവ മെച്ചപ്പെടുത്തും. പതിവായി വ്യായാമം ചെയ്യുന്ന ആളുകൾ ഒരു ലക്ഷ്യം നേടുന്നത് എത്രത്തോളം നല്ലതാണെന്ന് പലപ്പോഴും റിപ്പോർട്ട് ചെയ്യാറുണ്ട്. വ്യായാമം നിങ്ങളെ നെഗറ്റീവ് ചിന്തകളിൽ നിന്ന് വ്യതിചലിപ്പിക്കുകയും പുതിയ അനുഭവങ്ങൾ പരീക്ഷിക്കാൻ അവസരങ്ങൾ നൽകുകയും ചെയ്യും.
വ്യായാമം ചെയ്യുമ്പോൾ സംഗീതം കേൾക്കുന്നത് കൂടുതൽ സന്തോഷമുണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു. യോഗയും ധ്യാനവും സമ്മർദ്ദവും ഉത്കണ്ഠയും കുറക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാനസിക രോഗമുള്ളവർക്ക് വ്യായാമം പ്രധാനമാണ്. ഇത് മാനസികാവസ്ഥ, ഏകാഗ്രത, ജാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. കുറച്ച് സമയം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതോ അല്ലെങ്കിൽ ചെറിയൊരു നടത്തം പോലെയുള്ള കാര്യങ്ങൾ മനസിനും ശരീരത്തിനും ഒരുപോലെ സന്തോഷം നൽകാൻ സഹായിക്കും.
പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ലുക്കും മാറ്റും. അത് ആത്മവിശ്വാസം കൂട്ടും. നല്ല വ്യായാമ ശീലം നല്ല ഉറക്കം നൽകാൻ സഹായിക്കും. ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നവർക്ക് പെട്ടെന്ന് ഉറക്ക് ലഭിക്കും. രാത്രിയിൽ ഉറക്കമില്ലായ്മ കാരണം വിഷമിക്കുന്നവർക്ക് വ്യായാമം പരീക്ഷിക്കാവുന്നതാണ്. ഉറങ്ങുന്നതിന് തൊട്ട് മുൻപുള്ള വ്യായാമം ഒഴിവാക്കാൻ പ്രത്യേകം ശ്രമിക്കുക.