സ്ത്രീകളിൽ അൽഷിമേഴ്‌സ് കൂടുന്നുവെന്ന് പഠനം; അറിയാതെ പോകരുത് ഈ കാരണങ്ങൾ, മുൻകരുതലുകൾ വേണം
text_fieldsദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു നാഡീവ്യവസ്ഥാ രോഗമാണ് അല്‍ഷിമേഴ്‌സ്. ഓർമശക്തിയേയും ചിന്തിക്കാനുള്ള കഴിവിനെയും പെരുമാറ്റത്തെയും ബാധിക്കുന്ന അവസ്ഥയാണിത്. ഇത് ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ്. പ്രതിവിധിയില്ലെങ്കിലും വിവിധ ചികിത്സകളിലൂടെയും പരിചരണരീതികളിലൂടെയും അല്‍ഷിമേഴ്‌സ് ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കും.ഇപ്പോഴിതാ സ്ത്രീകളിൽ അൽഷിമേഴ്‌സ് രോഗം കൂടുതലായി കണ്ടുവരാൻ സാധ്യതയുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അൽഷിമേഴ്‌സ് ബാധിച്ച അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്. ഇപ്പോൾ ലണ്ടനിലെ കിങ്സ് കോളജിലെ ഡോ. ക്രിസ്റ്റീന ലെഗിഡോ-ക്വിഗ്ലിയുടെ നേതൃത്വത്തിൽ നടന്ന പുതിയ ഗവേഷണം ഇതിനൊരു വിശദീകരണം നൽകുകയാണ്.
സാധാരണഗതിയില്‍ പ്രായം കൂടുന്നതിന് അനുസരിച്ചാണ് അല്‍ഷിമേഴ്സ് സാധ്യത വരുന്നത്. പ്രത്യേകിച്ച് അറുപത് വയസ് കടന്നവരിലാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. അപൂര്‍വം സാഹചര്യങ്ങളില്‍ ചെറുപ്പക്കാരിലും ഇതുണ്ടാവാം. ന്യൂറോളജിക്കൽ ഡിസോർഡറായ അൽഷിമേഴ്‌സ് തലച്ചോറിനെ ചുരുങ്ങാനും തലച്ചോറിലെ കോശങ്ങൾ മരിക്കാനും കാരണമാകുന്നു. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കുന്നുണ്ടെങ്കിലും ശ്രദ്ധേയമായ വ്യത്യാസങ്ങൾ സ്ത്രീകളിൽ പ്രകടമാണ്.
ഏതാണ്ട് 82 ശതമാനത്തോളം സ്ത്രീകളും അല്‍ഷിമേഴ്സ് സാധ്യതകളെ കുറിച്ച് അവബോധമുള്ളവരല്ല. പഠനത്തില്‍ പങ്കെടുത്ത മുക്കാല്‍ ശതമാനം സ്ത്രീകളും തങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള മെഡിക്കല്‍ പരിശോധനകള്‍ നടത്താത്തവരാണ്. ശരാശരി 65 വയസുള്ള സ്ത്രീകളില്‍ അഞ്ചിലൊരാള്‍ക്ക് എന്ന നിലയില്‍ അല്‍ഷിമേഴ്സ് ഉണ്ടാവുന്നുണ്ട് എന്ന് പഠനം സൂചിപ്പിക്കുന്നു.
സ്ത്രീകളിലെ അൽഷിമേഴ്‌സ് ലക്ഷണങ്ങൾ
സ്ത്രീകളിൽ അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. പക്ഷേ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പൊതു ലക്ഷണങ്ങളുണ്ട്. പേരുകൾ, അപ്പോയിന്റ്മെന്റുകൾ, അല്ലെങ്കിൽ അടുത്തിടെ പഠിച്ച വിവരങ്ങൾ എന്നിവ മറക്കുന്നത് പോലുള്ള ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഓർമ കുറവ്, അറിയപ്പെടുന്ന സ്ഥലത്തേക്ക് വാഹനമോടിക്കുകയോ ബജറ്റ് കൈകാര്യം ചെയ്യുകയോ പോലുള്ള പരിചിതമായ ജോലികൾ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ട്, സമയമോ സ്ഥലമോ സംബന്ധിച്ച ആശയക്കുഴപ്പം,എളുപ്പത്തിൽ അസ്വസ്ഥനാകുക, ഭയപ്പെടുക, അല്ലെങ്കിൽ വിഷാദരോഗം ഇത്തരം ലക്ഷണങ്ങൾ എത്രയും വേഗം തിരിച്ചറിഞ്ഞാൽ എളുപ്പം വൈദ്യസഹായം തേടേണ്ടതാണ്.
ജനിതകമായ കാരണങ്ങള്‍ക്കൊപ്പം തന്നെ സാമൂഹികമായ കാരണങ്ങളും സ്ത്രീകളില്‍ മറവിരോഗ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതലാണെന്നതും മറവിരോഗം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂട്ടാൻ കാരണമാകുന്നുണ്ട്. അൽഷിമേഴ്‌സ് രോഗം പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗമായതുകൊണ്ട് കൂടുതൽ കാലം ജീവിക്കുന്നവരിൽ രോഗസാധ്യത കൂടുന്നു. ആരോഗ്യകരമായ ഡയറ്റ്, കൃത്യമായ ഉറക്കം വ്യായാമം, മാനസിക സമ്മര്‍ദ്ദങ്ങളില്ലാത്ത ജീവിതാന്തരീക്ഷം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ സ്ത്രീകളിലെ മറവിരോഗ സാധ്യത കുറക്കാൻ സഹായിക്കുന്നു.
ആർത്തവവിരാമ സമയത്തും അതിന് ശേഷവുമുള്ള സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ അല്‍ഷിമേഴ്‌സിന് കാരണമാകാം. ആർത്തവവിരാമ സമയത്ത് നഷ്ടപ്പെടുന്ന ഈസ്ട്രജൻ തലച്ചോറിന് സംരക്ഷണം നൽകുന്നു. ഈസ്ട്രജന്റെ അഭാവത്തിൽ സ്ത്രീകൾ ദുർബലരാവുന്നു. സ്ത്രീകളിലെ അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ പുരുഷന്മാരിൽ കാണപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഓർമക്കുറവ് ഉണ്ടെങ്കിലും സ്ത്രീകളിലെ മാനസികാവസ്ഥയിലെ മാറ്റങ്ങളും വിഷാദവുമാണ് ഇതിന് പ്രധാന കാരണം.
ആശയക്കുഴപ്പം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്നത്, വ്യക്തിത്വത്തിലെ മാറ്റങ്ങൾ എന്നിവയാണ് സ്ത്രീകളിലെ മറ്റ് ലക്ഷണങ്ങൾ. പ്രാരംഭ ഘട്ടത്തിൽ സ്ത്രീകൾക്ക് വർധിച്ച ക്ഷോഭം, ഉത്കണ്ഠ അല്ലെങ്കിൽ വിഷാദം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. എല്ലാ സ്ത്രീകൾക്കും അൽഷിമേഴ്‌സ് വരാനുള്ള സാധ്യത ഒരുപോലെയല്ല. 60 വയസ്സിന് ശേഷം സ്ത്രീകൾക്ക് അപകടസാധ്യത ഗണ്യമായി വർധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം അല്ലെങ്കിൽ പ്രമേഹം എന്നിവയുള്ള സ്ത്രീകൾക്ക് അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണ്.
കൂടാതെ കുടുംബത്തിൽ മാതാപിതാക്കളോ സഹോദരങ്ങളോ പോലുള്ള അടുത്ത അംഗങ്ങൾക്ക് അൽഷിമേഴ്‌സ് ഉണ്ടായിട്ടുണ്ടെങ്കിൽ സ്ത്രീകൾക്ക് ഈ അവസ്ഥ വരാനുള്ള സാധ്യത കൂടുതലാണ്. തലച്ചോറ് കൂടുതൽ സജീവമാകുമ്പോൾ അൽഷിമേഴ്‌സ് ലക്ഷണങ്ങൾ മന്ദഗതിയിലാകുമെന്നും പഠനം പറയുന്നു. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ അത് ശാരീരികമായോ, മാനസികമായോ, വൈകാരികമായോ ആകട്ടെ നമ്മുടെ ഭാവിയിലെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിന്റെ ഒരു ഓർമ്മപ്പെടുത്തലാണിത്.
പ്രതിരോധത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗങ്ങളിലൊന്ന് വ്യായാമമാണ്. പൊതുവേ, ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അൽഷിമേഴ്‌സ് രോഗ സാധ്യത കുറക്കുകയും ചെയ്യുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് നടക്കുന്നത്, പസിലുകൾ ചെയ്യുക, വായിക്കുക, അല്ലെങ്കിൽ പുതിയ എന്തെങ്കിലും പഠിക്കുക തുടങ്ങിയ മാനസികമായി ഉത്തേജിപ്പിക്കുന്ന പ്രവർത്തനങ്ങൾ തലച്ചോറിനെ സംരക്ഷിക്കാൻ സഹായിക്കും. തലച്ചോറിനെ സജീവമായി നിലനിർത്തുന്നതാണ് ഏറ്റവും പ്രധാന ഘടകം. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ അവസ്ഥകൾ അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ ഈ അവസ്ഥകൾ നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്.