എബോള പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ഇന്ത്യ; യാത്ര ഒഴിവാക്കേണ്ട രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ കോംഗോ, യുഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നിർദേശം. നിലവിൽ ഈ രാജ്യങ്ങളിൽ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യൻ പൗരന്മാർ പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും കൂടുതൽ ജാഗ്രത പുലർത്താനും മന്ത്രാലയം അഭ്യർഥിച്ചു.
കോംഗോയെയും യുഗാണ്ടയെയും ബാധിച്ചിരിക്കുന്ന എബോള വൈറസ് വ്യാപനത്തെ തുടർന്ന് ആഫ്രിക്കൻ സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഔദ്യോഗികമായി ഭൂഖണ്ഡാന്തര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രാജ്യങ്ങളുടെ പ്രവേശന കവാടങ്ങളിൽ രോഗനിരീക്ഷണം ശക്തമാക്കുന്നതിനായി 22-ന് ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷൻ എമർജൻസി കമ്മിറ്റി താൽക്കാലിക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മെയ് 21 വരെയുള്ള കണക്കനുസരിച്ച് കോംഗോയിൽ 746 സംശയാസ്പദമായ കേസുകളും176 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇരുരാജ്യങ്ങളിലുമായി ഇതുവരെ 85 സ്ഥിരീകരിച്ച കേസുകളും പത്ത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോംഗോയുടെയും ഉഗാണ്ടയുടെയും അതിർത്തി പങ്കിടുന്ന ദക്ഷിണ സുഡാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ രോഗവ്യാപന സാധ്യത വളരെ കൂടുതലാണ്. എബോള വൈറസിന്റെ ബുന്ദിബുഗ്യോ വകഭേദം മൂലമുണ്ടാകുന്ന പനിയാണ് എബോള രോഗം. ഇതിന് മരണ നിരക്ക് വളരെ കൂടുതലാണ്. നിലവിൽ, ബുന്ദിബുഗ്യോ വകഭേദം മൂലമുണ്ടാകുന്ന എബോള രോഗം തടയുന്നതിനോ ചികിത്സിക്കുന്നതിനോ അംഗീകരിക്കപ്പെട്ട വാക്സിനുകളോ പ്രത്യേക ചികിത്സകളോ ഇല്ല. ഇന്ത്യയിൽ ഇതുവരെ ബുന്ദിബുഗ്യോ വകഭേദം മൂലമുള്ള എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവർത്തിച്ചു.


