1,600 കി.മീറ്റർ അകലെ നിന്ന് റോബോട്ടിക് ശസ്ത്രക്രിയ; ചരിത്രംകുറിച്ച് രാജ്യത്തെ സർക്കാർ സ്ഥാപനത്തിലെ ആദ്യ യൂറോളജി ടെലിസർജറി
text_fieldsന്യൂഡൽഹി: രാജ്യത്ത് ആദ്യമായി യൂറോളജി ടെലിസർജറി വിജയകരമായി നടത്തി സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള സർജൻ. വി.എം.എം.സി.യിലെയും സഫ്ദർജംഗ് ആശുപത്രിയിലെയും യൂറോളജി, റോബോട്ടിക്സ് ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗം പ്രൊഫസറും മേധാവിയുമായ പ്രൊഫ. (ഡോ.) അനൂപ് കുമാറാണ് ഈ നേട്ടം കൈവരിച്ചത്.
32കാരിയായ യുവതിക്കാണ് സങ്കീർണമായ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. നൂതന സർജിക്കൽ റോബോട്ടിക് സംവിധാനത്തിന്റെ സഹായത്തോടെ ഗുരുഗ്രാമിൽ നിന്ന് ഹൈദരാബാദിലെ പ്രീതി കിഡ്നി ആൻഡ് യൂറോളജി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
റോബോട്ടിക് മോഡിഫൈഡ് ലിച്ച്-ഗ്രിഗോയർ യൂററ്ററിക് റീഇംപ്ലാന്റേഷൻ എന്ന ശസ്ത്രക്രിയയാണ് ടെലിസർജറിയിലൂടെ നടത്തിയത്. ഗുരുഗ്രാമിൽ നിന്ന് ഹൈദരാബാദിലേക്ക് 1,600 കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നിട്ടും കാര്യമായ താമസമില്ലാതെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായി. ഇന്ത്യയിലെ സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള സർജൻ ആദ്യമായി യൂറോളജി ടെലിസർജറി നടത്തിയെന്നതാണ് ഈ നേട്ടത്തിന്റെ പ്രത്യേകത. റോബോട്ടിക്, ആശയവിനിമയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഭൂമിശാസ്ത്രപരമായ അതിരുകൾ മറികടന്ന് വിദഗ്ധ ശസ്ത്രക്രിയാ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് ഈ നേട്ടം വ്യക്തമാക്കുന്നത്. ശസ്ത്രക്രിയാരംഗത്തെ മികവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണിതെന്ന് സർജറിക്ക് മേൽനോട്ടം വഹിച്ച പ്രൊഫ. അനൂപ് കുമാർ പറഞ്ഞു. ടെലിസർജറി ശസ്ത്രക്രിയാരംഗത്തിന്റെ ഭാവിയാണെന്നും ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഇന്ത്യയിൽ ഇപ്പോൾ തന്നെ യാഥാർഥ്യമാകുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതിനിടെ ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലും അപൂർവമായ ശസ്ത്രക്രിയ നടന്നതായി റിപ്പോർട്ട് ചെയ്തു. ജീവന് ഭീഷണിയായേക്കാവുന്ന മൂന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് 64കാരനായ രോഗിയിൽ ഒരേ ഓപ്പറേഷനിൽ ചികിത്സ നൽകിയതായാണ് റിപ്പോർട്ട്.


