പ്രമേഹം: രക്തത്തിലെ ഷുഗറിന്റെ അസുഖം മാത്രമോ?
text_fieldsനമ്മുടെ സമൂഹത്തിൽ പലരും പ്രമേഹത്തെ (ഡയബെറ്റിസ് മെല്ലിറ്റസ്) ഒരു “പഞ്ചസാര രോഗം” എന്ന രീതിയിലാണ് ഇപ്പോഴും കാണുന്നത്. എന്നാൽ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകൾ വ്യക്തമാക്കുന്നത് പ്രമേഹം ഒരു രക്തക്കുഴൽ രോഗമാണെന്നതാണ് (വാസ്കുലാർ ഡിസീസ്).
ശരീരത്തിലെ ചെറുകുഴലുകളിൽ നിന്നാരംഭിച്ച് വലിയ ധമനികൾ വരെ പ്രമേഹം കേടുവരുത്തുന്നു. അതുകൊണ്ടാണ് ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, കാലുകളുടെ രക്തക്കുഴൽ തടസ്സങ്ങൾ തുടങ്ങി ജീവനെ ബാധിക്കുന്ന അപകടങ്ങൾ പ്രമേഹവുമായി ചേർന്നുവരുന്നത്.
അവയവങ്ങളെ ബാധിക്കുന്ന രക്തക്കുഴൽ രോഗം
പ്രമേഹം നിയന്ത്രണാതീതമാകുമ്പോൾ അതിന്റെ ആഘാതം ഷുഗർ കൂടുന്നത് മാത്രമല്ല, ശരീരത്തിലെ പ്രധാന അവയവങ്ങളെ മുഴുവൻ ബാധിക്കുന്നു:
- ഹൃദയം - ഹൃദയാഘാതം, ഹൃദയവ്യാധി
- വൃക്ക - മൂത്രത്തിൽ പ്രോട്ടീൻ ചോർച്ച, വൃക്ക പ്രവർത്തനം കുറഞ്ഞ് ഡയാലിസിസ് വരെ
- കണ്ണുകൾ - റെറ്റിനോപ്പതി, കാഴ്ച നഷ്ടം
- തലച്ചോർ - സ്ട്രോക്ക്, ഓർമക്കുറവ്
- കാൽപ്പാദങ്ങൾ - രക്തക്കുഴൽ തടസ്സം മൂലം വ്രണങ്ങൾ, മുറിവ് ഭേദമാകാതെ അംപ്യൂട്ടേഷൻ വരെ
അതിനാൽ തന്നെ പ്രമേഹം വെറും “ഷുഗർ രോഗം” അല്ല, എല്ലാ അവയവങ്ങളെയും ബാധിക്കുന്ന രക്തക്കുഴൽ രോഗം ആണെന്ന് മനസ്സിലാക്കണം.
HbA1c - പ്രമേഹരോഗ നിർണയ, നിയന്ത്രണ അടയാളം
പഴയ രീതിയിൽ വെറും “ഫാസ്റ്റിങ് ഷുഗർ” നോക്കുന്നതു മാത്രം മതിയാകില്ല. HbA1c (ഹീമോഗ്ലോബിൻ എ1സി) എന്ന പരിശോധനയാണ് പ്രമേഹം കണ്ടെത്താനും നിയന്ത്രണം വിലയിരുത്താനും ഏറ്റവും പ്രധാനപ്പെട്ടത്. കഴിഞ്ഞ മൂന്നുമാസത്തെ ശരാശരി പഞ്ചസാര നിലകളെ വ്യക്തമാക്കുന്ന HbA1c രോഗിയുടെ ഭാവി അപകട സാധ്യതകളും പ്രവചിക്കുന്നു. HbA1c ഉയർന്നിരിക്കുമ്പോൾ ഹൃദയാഘാതവും സ്ട്രോക്കും വരാൻ കൂടുതൽ സാധ്യതയുണ്ട്.
ചികിത്സയുടെ ഉദ്ദേശം ഷുഗർ കുറക്കൽ മാത്രമല്ല
ഒരിക്കൽ പ്രമേഹ മരുന്നുകളെ “ഷുഗർ കുറക്കുന്ന മരുന്നുകൾ” എന്ന് മാത്രമാണ് കരുതിയിരുന്നത്. എന്നാൽ, ഇന്നത്തെ വൈദ്യശാസ്ത്ര അറിവുകൾ വേറൊരു ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്പു തു തലമുറ മരുന്നുകൾ (GLP-1 റിസപ്റ്റർ ആഗണിസ്റ്റ്സ്, SGLT-2 ഇൻഹിബിറ്റർസ് എന്നിവ) ഹൃദയവും വൃക്കയും സംരക്ഷിക്കുന്നവയാണ്. അതായത് മരുന്നുകളുടെ പ്രധാന ലക്ഷ്യം രക്തത്തിലെ പഞ്ചസാര കുറക്കുക മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ഹൃദയവ്യാധികളും വൃക്കരോഗങ്ങളും കുറക്കുക എന്നതാണ്.
ചികിത്സയുടെ മുഖ്യലക്ഷ്യം ഹൃദ്രോഗം തടയൽ
- ഇന്ന് പ്രമേഹ ചികിത്സയുടെ ആത്യന്തിക ലക്ഷ്യങ്ങൾ ഇവയാണ് :
- ഹൃദ്രോഗവും സ്ട്രോക്കും കുറക്കുക
- വൃക്കകൾ സംരക്ഷിക്കുക
- അന്ധത ഒഴിവാക്കുക
- ജീവൻ രക്ഷിക്കുക
- രോഗിയുടെ ജീവിത നിലവാരം ഉയർത്തുക.
- പഞ്ചസാര കുറക്കൽ ഒരു ഘടകമാണ്. പക്ഷേ, ചികിത്സയുടെ ലക്ഷ്യം അത് മാത്രമല്ല.
അറിഞ്ഞിരിക്കുക, ഈ കാര്യങ്ങൾ
- പ്രമേഹം പഞ്ചസാര രോഗം മാത്രമല്ല, രക്തക്കുഴൽ രോഗവുമാണ്.
- HbA1c പരിശോധന നിരന്തരം നടത്തണം.
- മരുന്നുകൾ ഹൃദയവും വൃക്കയും സംരക്ഷിക്കാൻ തന്നെയാണ്, വെറും ഷുഗർ കുറക്കാൻ മാത്രം അല്ല.
- ജീവിതശൈലി മാറ്റങ്ങൾ - ഭക്ഷണ നിയന്ത്രണം, വ്യായാമം, ഭാരം കുറക്കൽ, പുകവലി ഒഴിവാക്കൽ -എല്ലാം അനിവാര്യമാണ്.
- പ്രമേഹം നിയന്ത്രിക്കുന്നതിന്റെ ലക്ഷ്യം “ഷുഗർ കുറക്കൽ” മാത്രം അല്ല, ജീവൻ രക്ഷിക്കൽ ആണ്.
- ഹൃദയവും രക്തക്കുഴലുകളും സംരക്ഷിക്കുന്നതാണ് പ്രമേഹ ചികിത്സയുടെ പുതിയ മുഖം.