അസുഖം വന്നാൽ ഏതെങ്കിലും ഡോക്ടറെ കാണിച്ചാൽ മതിയോ?
text_fieldsഒരസുഖം വന്നാൽ ഏത് ഡോക്ടറെ കാണണം എന്നത് എപ്പോഴും കുഴക്കുന്ന ചോദ്യമാണ്. മിക്കപ്പോഴും ചെറിയ അസുഖങ്ങൾക്ക് പോലും അടുത്ത് ലഭ്യമായ ക്ലിനിക്കിലോ പ്രാദേശിക ആശുപത്രിയിലോ ആളുകൾ പോകും. അസുഖം ഒട്ട് കുറയുകയുമില്ല, കുറേയേറെ പണം ചെലവാകുകയും ചെയ്യും.
ഓരോ രോഗ ലക്ഷണത്തിനും ഏത് സ്പെഷ്യലിസ്റ്റിനെയാണ് കാണിക്കേണ്ടതെന്നറിയാമെങ്കിൽ മിക്ക ആരോഗ്യ പ്രശ്നങ്ങളെയും വിവേകപൂർവം തരം തിരിക്കാൻ കഴിയും. നല്ല പരിശീലനം ലഭിച്ച ഒരു ജനറൽ ഫിസിഷ്യന് മിക്കവാറും അസുഖങ്ങൾ കണ്ടെത്തി പ്രതിവിധി നിർദേശിക്കാൻ കഴിയും.ഇത് വഴി അനാവശ്യ ചികിത്സ നടത്തി ചെലവ് കുറക്കാനും കഴിയും.
ഇത്തരത്തിൽ രോഗങ്ങളും അത് ചികിത്സിക്കാൻ ഏത് സ്പെഷ്യലിസ്റ്റിനെയാണ് കാണേണ്ടതെന്ന് നോക്കാം.
അസുഖ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ ഏത് ഡോക്ടറെ കാണണമെന്ന് ആശയക്കുഴപ്പം ഉണ്ടെങ്കിൽ കുടുംബ ഡോക്ടറെയോ ജനറൽ പ്രാക്ടീഷണറെയോ കാണിക്കുന്നതാണ് നല്ലത്. അടിസ്ഥാനപരമായ പരിശോധനകൾക്ക് ശേഷം അവർ ആവശ്യമെങ്കിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിർദേശിക്കും.
ശ്വാസ തടസം, നെഞ്ച് വേദന
ജീവന് വരെ ഭീഷണിയാകാൻ സാധ്യതയുള്ള അസുഖത്തിന്‍റെ ലക്ഷണമാണ് നെഞ്ചു വേദന. നെഞ്ച് വേദനക്കൊപ്പം കൈകളിലും താടിയിലും വേദനയും അമിതമായി വിയർപ്പും ശ്വാസ തടസവും ഉണ്ടായാൽ വേഗം തന്നെ അടുത്തുള്ള ആശുപത്രിയിലെത്തുക. ഇനി ഇതത്ര അടിയന്തിര സാഹചര്യമല്ലെങ്കിൽ കാർഡിയോളജിസ്റ്റിനെയോ പൾമണനോളജിസ്റ്റിനെയോ ആണ് കാണേണ്ടത്.
വയറുവേദന, ജോണ്ടിസ്
ഡയേറിയ, അസാധാരണമായി ഭാരം കുറയൽ, വയറു വേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഗ്യാസ്ട്രോ എൻഡ്രോളജിസ്റ്റിനെ കാണുക. മഞ്ഞപ്പിത്തത്തിന്‍റെ ലക്ഷണങ്ങൾ കണ്ടാൽ ഹെപ്പറ്റോളജിസ്റ്റിനെയാണ് കാണേണ്ടത്.
തുടർച്ചയായ തലവേദനയും, ക്ഷീണവും
തുടർച്ചയായി തലവേദനയും ക്ഷീണവും ഉണ്ടായാൽ ന്യൂറോളജിസ്റ്റിനെയാണ് കാണേണ്ടത്.
ചെവി, മൂക്ക്, തൊണ്ട
തൊണ്ട പല്ല്, കഴുത്ത്, മുഖം തുടങ്ങിയ ശരീര ഭാഗങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥകൾക്ക് ഇ.എൻ.ടി സ്പെഷ്യലിസ്റ്റുകളെയാണ് കാണേണ്ടത്.
പേശി വേദന
എല്ലുകളുടെ പൊട്ടൽ, വളവ് എന്നിവക്ക് ഓർത്തോപീഡിക് സർജനെയാണ് കാണേണ്ടത്. അതേസമയം സന്ധി വേദനക്ക് റൂമറ്റോളജിസ്റ്റിനെയും ശസ്ത്രക്രിയ ആവശ്യമില്ലാത്ത എല്ല് വേദനകൾക്ക് ഫിസിയോ തെറാപ്പിസ്റ്റിനെയും കാണിക്കാം.


