ഒടുക്കത്തെ സ്ട്രസ്
text_fieldsഊണും ഉറക്കവുമില്ലാതെ മുഴുനേരം ജോലി ചെയ്യുന്നവരാണോ നിങ്ങൾ, അതും വലിയ സമ്മർദത്തിനടിപ്പെട്ട്? എങ്കിൽ കരുതിയിരിക്കണം. ഇങ്ങനെ ജോലി ചെയ്യുന്ന ചെറുപ്പക്കാരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്.കരോഷി സിൻഡ്രം എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന പുതിയൊരു ആരോഗ്യ അടിയന്തരാവസ്ഥ എന്നും പറയാം. ഒരു കാലത്ത്, ജപ്പാനിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്ത സിൻഡ്രോം അതിരുകൾ ഭേദിച്ച് നമ്മുടെ രാജ്യത്തുമെത്തിയിരിക്കുന്നു. ‘കേരോഷി’ എന്ന ജാപ്പനീസ് പദത്തിനർഥം അമിതാധ്വാനം എന്നാണ്.‘അമിതാധ്വാനത്തിലൂടെ മരണം’ എന്നാണ് കരോഷി സിൻഡ്രം എന്നതുകൊണ്ട് അർഥമാക്കുന്നത്. സാങ്കേതികവിദ്യയുടെ നൂതന ലോകത്ത് പുതിയ ആരോഗ്യ വെല്ലുവിളിയായിരിക്കുന്ന കരോഷി സിൻഡ്രോമിനെപ്പറ്റി കൂടുതലറിയാം.
മനുഷ്യശരീരം അനുഭവിക്കുന്നതിൽവെച്ച് ഏറ്റവും കഠിനമായ വേദന ഹാർട്ടറ്റാക്കുണ്ടാകുമ്പോഴാണെന്ന് പറയാം. എന്നാൽ, കൊറോണറി ധമനിയിലെ ബ്ലോക്കിനെത്തുടർന്നുണ്ടാകുന്ന ഹാർട്ടറ്റാക്ക് സംഭവിക്കാതെയും ഹൃദയത്തിലെ മറ്റുഘടനകളെ ബാധിക്കുന്ന വീക്കം മൂലവും നെഞ്ചിൽ അസ്വാസ്ഥ്യമുണ്ടാകാം. ഇവ കഠിനമായ നെഞ്ചുവേദനയുണ്ടാക്കാം.
2023 ജൂണിൽ ഗുജറാത്തിലെ ജാംനഗറിൽ 41 വയസ്സ് മാത്രമുള്ള ഡോ. ഗൗരവ് ഗാന്ധി തികച്ചും ആകസ്മികമായി മരിച്ചത് ഇന്നും ഞെട്ടലോടെ വൈദ്യസമൂഹം ഓർമിക്കുന്നു. ദിവസേന 14 മണിക്കൂറോളം ജോലി ചെയ്യുന്ന ഏറെ തിരക്കുള്ള കാർഡിയോളജിസ്റ്റായിരുന്നു അദ്ദേഹം. 16000ത്തോളം ആൻജിയോപ്ലാസ്റ്റികൾ ചുരുങ്ങിയ കാലംകൊണ്ട് ചെയ്തു തീർത്തയാൾ. തിരക്കേറിയ ഒരു ദിവസത്തെ ജോലിക്കുശേഷം അർധരാത്രിയിൽ പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടാവുന്നു. ഉടൻ ആശുപത്രിയിൽ പോയി ഇ.സി.ജി എടുത്തു. അതിൽ പ്രത്യേകിച്ച് പ്രശ്നമൊന്നും കണ്ടിരുന്നില്ല. ആ ആശ്വാസത്തിൽ തിരിച്ചുവീട്ടിൽവന്ന് കിടന്നുറങ്ങിയ ഡോക്ടർ പിറ്റേന്ന് രാവിലെ ഉറക്കമുണർന്നില്ല; ഭാര്യ തട്ടി വിളിച്ചപ്പോൾ ചലനമറ്റ് കിടക്കുന്നു.
വിശ്രമമില്ലാതെ, ഒടുങ്ങാത്ത സ്ട്രെസുമായി ജോലി ചെയ്യുന്ന പല ചെറുപ്പക്കാരും പെട്ടെന്ന് മരിക്കുന്നതായി വാർത്തകൾ വരുന്നു. അത്തരത്തിൽ ഒന്നു മാത്രമാണ് ഗൗരവിന്റെ മരണം. ഗൗരവിന് അമിതരക്തസമ്മർദമോ പ്രമേഹമോ വർധിച്ച കൊളസ്റ്ററോളോ ഇല്ലായിരുന്നു. മദ്യപാനം പോലുള്ള ദുശ്ശീലങ്ങളും അദ്ദേഹത്തിനില്ലായിരുന്നു. അഥവ, പ്രത്യക്ഷത്തിൽ പറയത്തക്ക ആപത്ഘടകങ്ങളൊന്നുമില്ലാത്ത ആരോഗ്യവാനായ ഒരാൾ. പക്ഷേ, ഡോക്ടർക്ക് ഒന്നുമാത്രമുണ്ടായിരുന്നു: അത് വലിയ സമ്മർദത്തിലുള്ള ജോലിയും അമിതാധ്വാനവുമായിരുന്നു.
26 വയസ്സ് മാത്രമുള്ള എറണാകുളം സ്വദേശിനി ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ച സംഭവം ആദ്യം ഒരു വാർത്തയേയായില്ല. 2024 ജൂലൈ 21ന് ആകസ്മികമായി മരിച്ച ആ ചെറുപ്പക്കാരിയുടെ വിയോഗത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ പൊതുസമൂഹം അറിയുന്നത് അമ്മയുടെ വെളിപ്പെടുത്തലുകളിലൂടെയാണ്.
പുണെയിലെ സ്വകാര്യ കമ്പനിയിൽ ദിവസേന 18 മണിക്കൂറോളം വിശ്രമവും ഊണും ഉറക്കവുമില്ലാതെ ജോലിചെയ്ത് ഒടുങ്ങാത്ത സ്ട്രെസോടെ പല പ്രാവശ്യം ആശുപത്രിയിൽ നെഞ്ചുവേദനക്കുള്ള ചികിത്സക്കായി എത്തി. അപ്പോൾ എടുത്ത ഇ.സി.ജികളെല്ലാം നോർമൽ. അവസാനം, അമിത ജോലിഭാരവും പോഷകാഹാരക്കുറവും വിട്ടുമാറാത്ത മനോസംഘർഷവും അതിരുവിട്ടപ്പോൾ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീണുമരിച്ചു.
കരോഷി സിൻഡ്രോം
ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാധ്വാനത്തിലൂടെ മരണം’ എന്നർഥം വരുന്ന ‘കരോഷി സിൻഡ്രോം.’ ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂറിനു പകരം 55 മണിക്കൂറിലധികം കഠിനാധ്വാനം ചെയ്തവരിലാണ് ‘കരോഷി സിൻഡ്രോം’ എന്ന പ്രതിഭാസം പ്രകടമായത്. ഇക്കൂട്ടരിൽ ഹൃദയ സ്തംഭനമുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്ട്രോക്കുണ്ടാകാനുള്ള സാധ്യത 33 ശതമാനവും വർധിച്ചതായി പല പഠനങ്ങളിലും കണ്ടു.
ഉറക്കക്കുറവ് അതിരുകടന്നവരിൽ മാരകമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ (വെൻട്രിക്കുലർ റ്റാഹികാർഡിയ, ഫിബ്രിലേഷൻ) കൂടുതലായി കണ്ടു. ഇതിന്റെ പ്രത്യാഘാതം തൽക്ഷണ മരണമാണ്. ഉറക്കമിളച്ച് ദീർഘനേരം ജോലി ചെയ്യുന്നവരിൽ കാണുന്ന ഹൃദയഘടനാവ്യതിയാനമാണ് മയോകാർഡിയൽ ഫൈബ്രോസിസ്, അത് താളം തെറ്റിയ ഹൃദയമിടിപ്പിലേക്കും ഹൃദയ പരാജയത്തിലേക്കും നയിക്കുന്നു. ‘കരോഷി സിൻഡ്രോം’ കലശലാകുമ്പോൾ ആത്മഹത്യപ്രവണതയും കൂടുന്നു.
കരോഷി സിൻഡ്രോമിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ജപ്പാനിൽ നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത് 1969ലാണ്. ഇന്നിത് ലോകമെമ്പാടുമുള്ള ഒരു സാധാരണ പ്രതിഭാസമായി മാറിക്കഴിഞ്ഞു. മരണത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനു മുന്നോടിയായി പല രോഗാതുരതകളാണ് ഒരു വ്യക്തിക്കുണ്ടാകുന്നത്.
അത്യാഹിത വിഭാഗത്തിലെ നാലിലൊന്നു പേർ
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സക്കായി എത്തുന്നവരിൽ ഏതാണ്ട് 25 ശതമാനം പേർക്കും പ്രധാന ലക്ഷണം നെഞ്ചിലെ അസ്വാസ്ഥ്യമാണ്. ഇക്കൂട്ടരിൽ 15-25 ശതമാനം പേർക്ക് മാത്രമാണ് ഹൃദയാഘാതമെന്ന് രോഗനിർണയം ചെയ്യപ്പെടുന്നത്.
പെട്ടെന്ന് ചെയ്യേണ്ട പ്രൈമറി ആൻജിയോപ്ലാസ്റ്റി, ലൈറ്റിക് തെറപ്പി തുടങ്ങിയവക്കായി ഇവർ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിക്കപ്പെടുന്നു. ബാക്കിയുള്ള ഏതാണ്ട് 75 ശതമാനം പേർക്ക് ഹാർട്ടറ്റാക്കിന്റേതല്ലാത്ത മറ്റിതര അസ്വാസ്ഥ്യങ്ങളാണെന്നോർക്കണം.
● പെരികാർഡൈറ്റിസ്: നാനാവിധത്തിലുള്ള വൈറസ്, ബാക്ടീരിയ അണുബാധകൾ, റേഡിയേഷൻ തെറപ്പി, നെഞ്ചിലേൽക്കുന്ന പരിക്ക്, അർബുദം തുടങ്ങിയവകൾ മൂലം ഹൃദയത്തെ ആവരണം ചെയ്യുന്ന പെരികാർഡിയൽ സഞ്ചിക്ക് വീക്കവും അപചയവും സംഭവിച്ച് കലശലായ വേദനയുണ്ടാകുന്നു. ശരീരമനങ്ങുമ്പോഴും ശ്വാസം നീട്ടി വലിക്കുമ്പോഴും വേദന കൂടുന്നു. ഇതിന്റെ ചികിത്സക്ക് വിശ്രമവും വേദന സംഹാരികളും മതിയാകും. ഇ.സി.ജിയിൽ വ്യതിയാനങ്ങളുണ്ടാകുന്നതുകൊണ്ട് പെരികാർഡൈറ്റിസ് ചിലപ്പോൾ ഹാർട്ടറ്റാക്കെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
● അയോർട്ടിക് ഡൈസെക്ഷൻ: അമിതരക്തസമ്മർദം, ധമനിയിലെ ജരിതാവസ്ഥ, അന്യൂറിസം, വാർധക്യം തുടങ്ങിയ കാരണങ്ങളാൽ അപചയം അധികരിക്കുമ്പോൾ മഹാധമനിയുടെ ഭിത്തിയിൽ വിള്ളലുണ്ടാകുന്നു. ചില യവസരങ്ങളിൽ ഈ പ്രതിഭാസം ഹാർട്ടറ്റാക്കിനെക്കാൾ ഗുരുതരമായ നെഞ്ചുവേദനയുളവാകാം. ഉടനടി ശസ്ത്രക്രിയ ചെയ്യേണ്ടിവരും.
● ബ്രോക്കൻ ഹാർട്ട് സിൻഡ്രോം: അടങ്ങാത്ത സ്ട്രെസും സ്ട്രെസ് ഹോർമോണുകളുടെ തിരയിളക്കവുമുണ്ടാക്കുന്ന അപൂർവ പ്രതിഭാസമാണ് ‘തക്കോസുബോ കാർഡിയോമയോപ്പതി ‘അഥവ’ ബ്രോക്കൻ ഹാർട്ട് സിൻഡ്രോം’. ഇടത്തെ കീഴറയുടെ ഭിത്തികൾ വിങ്ങുകയും കീഴറ ക്രമാതീതമായി വലുതാകുകയും പമ്പിങ് അവതാളത്തിലാകുകയും ചെയ്യുന്നു. ഇത് നെഞ്ചുവേദനയും ശ്വാസം മുട്ടലുമുണ്ടാക്കാം. സമുചിതമായ ചികിത്സയും വിശ്രമവും കൊണ്ട് ഈ അവസ്ഥ ഏതാനും ആഴ്ചകൾകൊണ്ട് സാധാരണ നിലയിലാക്കാം.
ഇനി ഹൃദയഘടനയുമായി ബന്ധപ്പെടാതെ നെഞ്ചിൻ കൂടിനുള്ളിലെയും വയറ്റിലെയും വിവിധ രോഗാവസ്ഥ കൾമൂലം നെഞ്ചുവേദന അനുഭവപ്പെടാം. ഇവ കലശലായി നെഞ്ചിൽ അസ്വാസ്ഥ്യമുണ്ടാക്കുകയും ഹാർട്ടറ്റാക്കെന്ന് തെറ്റിദ്ധരിച്ച് വൈദ്യസഹായം തേടുകയും ചെയ്യാം.
● ആമാശയത്തിലെ അസിഡിറ്റിയും റിെഫ്ലക്സ് രോഗവും: അമ്ലാംശം അധികരിക്കുന്നതിനെ തുടർന്ന് അന്ന നാളത്തിന്റെയും ആമാശയത്തിന്റെയും ഉൾഭിത്തിയിലുണ്ടാകുന്ന വീക്കവും വ്രണങ്ങളും ദുസ്സഹമായ നെഞ്ചെരിച്ചിലുണ്ടാക്കുന്നു. അപഥ്യമായ ഭക്ഷണശൈലി മൂലം ആമാശയാന്ത്രങ്ങളിലെ അസിഡിറ്റി പലപ്പോഴും വർധിക്കുമ്പോൾ അത് അന്നനാളത്തിലേക്കും പടരാറുണ്ട്. ഈ സാഹചര്യത്തിൽ നെഞ്ചെരിച്ചിലും ഗ്യാസ്ട്രബിളും അനുഭവപ്പെടുന്നു.
ആമാശയത്തിലെ അമ്ലരസം അന്നനാളത്തിലേക്ക് പതിവായി തിരിഞ്ഞൊഴുകുന്ന അവസ്ഥയെ ‘ഗേർഡ്’ അഥവാ ‘ഗാസ്ട്രോ ഈസോഫാജിയൽ റിെഫ്ലക്സ് ഡിസീസ്’ എന്നു വിളിക്കുന്നു. എമർജൻസി വിഭാഗത്തിൽ വരുന്ന 20-60 ശതമാനംവരെ പേർക്ക് ഇത്തരത്തിൽ കലശലായ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നെന്ന് പരാതിപ്പെടുന്നതായി പഠനങ്ങൾ സ്ഥിരീകരിക്കുന്നു.
● കോസ്റ്റോകോൺഡ്രൈറ്റിസും
ഫൈബ്രോമയാൽജിയയും: നെഞ്ചിൻകൂടിലെ വാരിയെല്ലുകൾക്ക് വീക്കവും നീരുമൊക്കെയുണ്ടാകുന്ന അവസ്ഥയാണ് കോസ്റ്റോകോൺഡ്രൈറ്റിസ്. ഇതിനെ ‘ടീറ്റ്സേ സിൻഡ്രോ’മെന്നും വിളിക്കുന്നു. ഇത്തരം അവസ്ഥയിൽ വാരിയെല്ലുകളുടെ സന്ധികളിൽ സ്പർശിക്കുമ്പോൾ വേദനയനുഭവപ്പെടുന്നു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന ഏതാണ്ട് 40 ശതമാനം രോഗികൾക്കും ഇത്തരത്തിൽ കലശലായ നെഞ്ചു വേദനയനുഭവപ്പെടാറുണ്ടെന്ന് തെളിയുന്നു.
കഠിനാധ്വാനം, നെഞ്ചിലെ അണുബാധ, നെഞ്ചിൻകൂടിനേൽക്കുന്ന ക്ഷതം ഇവയെല്ലാം അസ്ഥികൾക്കും പേശികൾക്കും വീക്കമുണ്ടാക്കി ശക്തമായ നെഞ്ചുവേദനയുണ്ടാകാൻ കാരണമാകുന്നു. നെഞ്ചിലെ മാംസപേശികൾക്കുണ്ടാകുന്ന വലിച്ചിലും കട്ടുകഴപ്പും ഒക്കെയാണ് ഫൈബ്രോമയാൽജിയ. ഇത് ദീർഘനാൾ തുടരാം. സ്ഥിരമായ വ്യായാമവും ഔഷധസേവയുമൊക്കെ ഇതിന്റെ കാഠിന്യം കുറക്കാം. ജനിതകമായ പല കാരണങ്ങളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.
ശ്വാസകോശ സംബന്ധമായ രോഗാവസ്ഥകൾ
ഹൃദയത്തെ പൊതിഞ്ഞ് നെഞ്ചിന്റെ ഇരുവശങ്ങളിലും സ്ഥിതിചെയ്യുന്ന ശ്വാസകോശങ്ങൾക്കുണ്ടാകുന്ന രോഗാവസ്ഥകൾ വിവിധ കാഠിന്യത്തിലുള്ള നെഞ്ചുവേദനയുണ്ടാക്കുന്നു. ന്യൂമോണിയ, പ്ലൂറസി, പൾമനറി എംബോളിസം ഇവയെല്ലാം അതിൽ പ്രധാനികൾ തന്നെ.
ശ്വാസകോശങ്ങൾക്കുണ്ടാകുന്ന അണുബാധയും വീക്കവുമാണ് ന്യൂമോണിയ. അതേത്തുടർന്ന് ശ്വാസകോശങ്ങളെ ആവരണം ചെയ്തിരിക്കുന്ന പ്ലൂറൽ പാളികൾക്ക് ബാധിക്കുന്ന വീക്കം ദുഃസ്സഹമായ വേദനക്ക് കാരണമാകുന്നു. ഇതിനെ ‘പ്ലൂറസി’ എന്നു വിളിക്കുന്നു. ശ്വാസം വലിക്കുമ്പോൾ രോഗിക്ക് കഠിനമായ നെഞ്ചുവേദനയുണ്ടാകുന്നു. വിശ്രമവും ആന്റിബയോട്ടിക്കുകളും വേദനസംഹാരികളുമാണ് ചികിത്സ.
കാലുകളിലെ സിരകളിൽ നിന്നെത്തുന്ന രക്തക്കട്ടകൾ ഒഴുകിയെത്തി ശ്വാസകോശങ്ങളിലെ ധമനികളിൽ ബ്ലോക്കുണ്ടാക്കുന്ന പ്രതിഭാസമാണ് ‘പൾമനറി എംബോളിസം.’ ഉടനടി രോഗനിർണയം ചെയ്ത് ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം. കലശലായ ശ്വാസതടസ്സവും നെഞ്ചുവേദനയും തളർച്ചയുമാണ് ലക്ഷണങ്ങൾ.
അധ്വാനം അധികമായാൽ
01) ഹൃദയസംബന്ധമായ സങ്കീർണതകൾ
ഒരു വ്യക്തി നിരന്തരമായ സംഘർഷത്തിന് കീഴ്പ്പെടുമ്പോൾ ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ (കോർട്ടി സോൾ, അഡ്രിനാലിൻ) കുമിഞ്ഞുകൂടുന്നു. ഇതുമൂലം നെഞ്ചിടിപ്പ് ക്രമാതീതമാകുന്നു, രക്തസമ്മർദം വർധിക്കുന്നു. തുടർന്ന്, ആകമാനമുള്ള ധമനിവീക്കമുണ്ടാകുന്നു. ഇത് ധമനികളിൽ ജരിതാവസ്ഥയും രക്തക്കട്ടയുമുണ്ടാകുന്നതിന് കാരണമാകുന്നു. ഈ അവസ്ഥ തുടർന്നാൽ ഹാർട്ടറ്റാക്ക്, സ്ട്രോക്ക്, താളംതെറ്റിയ ഹൃദയസ്പന്ദനം തുടങ്ങിയ മാരകമായ സങ്കീർണതകൾ മൂലം രോഗി മരണത്തെ അഭിമുഖീകരിക്കുന്നു.
02) അമിത രക്തസമ്മർദം
സുദീർഘമായ ജോലിസമയവും അടങ്ങാത്ത സ്ട്രെസും ഉറക്കക്കുറവുമുണ്ടാക്കുന്ന പ്രധാന സങ്കീർണത പ്രഷറിന്റെ തിരയിളക്കമാണ്. ഈ അവസ്ഥ തുടർന്നാൽ ഹൃദയാഘാതവും സ്ട്രോക്കുമുണ്ടാകുന്നു; പ്രത്യേകിച്ച്, തലച്ചോറിലെ രക്തസ്രാവം.
03) ഉറക്കക്കുറവും തളർച്ചയും
അമിതജോലി ഉറക്കക്കുറവുണ്ടാക്കുന്നു. അത് സമൂലമായ ശാരീരികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു; ബൗദ്ധികമായ കഴിവുകൾ കുറയുന്നു. ശരീരത്തിന്റെ പൊതുവായ പ്രതിരോധശക്തി ദുർബലമാകുന്നു.
04) തളരുന്ന മാനസികാരോഗ്യം
തൊഴിൽസ്ഥലത്തെ അടങ്ങാത്ത സമ്മർദം മാനസികാരോഗ്യത്തിന്റെ അടിത്തറയിളക്കുന്നു; അമിതമായ ഉത്കണ്ഠയും വിഷാദവുമാണ് അനന്തരഫലം; ഇത് അതിരുകടന്നാൽ ഒരുവൻ ആത്മഹത്യക്കുവരെ തയാറാകുന്നു. ചെറുപ്പക്കാരായ 1990 ഐ.ടി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 2010-2018 കാലഘട്ടത്തിൽ നടത്തിയ പഠനങ്ങളിൽ, വിശ്രമമില്ലാതെ ദീർഘനേരം ജോലി ചെയ്യുന്നവരിൽ 55.7 ശതമാനം പേർക്കും ആത്മഹത്യപ്രവണത കണ്ടു; 29വയസ്സിൽ താഴെയുള്ളവരിൽ ഇത് കൂടുതലായി കണ്ടു.
05) പോഷണസംബന്ധമായ അപാകതകൾ
നിരന്തരമായ മനോസംഘർഷമുള്ളവരിൽ പ്രമേഹവും അമിതവണ്ണവുമുണ്ടാകാനുള്ള സാധ്യത ഏറിനിൽക്കുന്നു.
06) ദുർബലമാകുന്ന ഇമ്യൂൺ വ്യവസ്ഥ
ഈ അവസ്ഥ നാനാവിധത്തിലുള്ള അണുബാധരോഗങ്ങളുണ്ടാകാൻ കാരണമാകുന്നു. അപ്പോൾ ഹൃദയധമനികളിൽ ബ്ലോക്കില്ലാതെയും പ്രത്യേകമായ മുൻരോഗലക്ഷണങ്ങളില്ലാതെയും സാധാരണ കാണുന്ന ആപത്ഘടകങ്ങളില്ലാതെയും ഒരാൾക്ക് ഹൃദയസ്തംഭനമുണ്ടാകാം. സാധാരണ എടുക്കാറുള്ള ഇ.സി.ജിയും മറ്റു സൂചകങ്ങളും ‘നോർമൽ’ എന്ന് വിധിയെഴുതപ്പെടുന്നത്.
ശ്രദ്ധിക്കുക
01) ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന പുതിയ വില്ലനായി മാറുകയാണ് ‘അമിതാധ്വാനത്തിലൂടെ മരണം’ എന്നർഥം വരുന്ന ‘കരോഷി സിൻഡ്രോം.’ അതുകൊണ്ട് ആയാസനിലവാരത്തിന്റെ അതിരുകൾ അറിയണം, സ്ട്രെസ് നിയന്ത്രണവിധേയമാക്കാൻ അഭ്യസിക്കണം.
02) ഒരു ഭിഷഗ്വരന് രോഗനിർണയത്തിൽ ഏറ്റവും തലവേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ് പാനിക് അറ്റാക്കും സൈക്കോജെനിക് നെഞ്ചുവേദനയും.
03) നെഞ്ചിലെ അസ്വാസ്ഥ്യം ഹാർട്ടറ്റാക്ക് കാരണമല്ലെന്നും മറ്റ് ഹൃദയേതര രോഗാവസ്ഥകൾ കൊണ്ടാണെന്നും രോഗനിർണയം ചെയ്യുക എപ്പോഴും എളുപ്പമല്ല.
പാനിക് അറ്റാക്കും സൈക്കോജെനിക് രോഗാവസ്ഥയും
അത്യാഹിത വിഭാഗത്തിൽ ഹൃദയേതര നെഞ്ചുവേദനയുമായെത്തുന്ന 34.5 ശതമാനം പേർക്കും പാനിക് അറ്റാക്ക് രോഗനിർണയം ചെയ്യപ്പെടാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നെഞ്ചിടിപ്പും നെഞ്ചുവേദനയും ശ്വാസതടസ്സവും തളർച്ചയുമായി വരുന്ന രോഗികളിൽ 23.5 ശതമാനം പേർക്കും പാനിക് അറ്റാക്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ‘എനിക്ക് ഹാർട്ടറ്റാക്ക് ഉണ്ട്’ എന്നുപറഞ്ഞ് അത്യാഹിത വിഭാഗത്തിൽ എത്തുന്ന 57 ശതമാനം പേർക്കും പാനിക് അറ്റാക്കാണെന്ന് പഠനങ്ങൾ തെളിയിച്ചു.
ഇക്കൂട്ടരിൽ നടത്തിയ ആൻജിയോഗ്രാഫിയിൽ കാര്യമായ ബ്ലോക്കുകളില്ല എന്ന് തെളിഞ്ഞു. മറ്റൊരു പഠനത്തിൽ പാനിക് അറ്റാക്ക് എന്ന് രോഗനിർണയം ചെയ്ത 50 ശതമാനം പേർ പിന്നീട് പല തവണകളിൽ നെഞ്ചുവേദനയുമായി ചികിത്സക്കായി ആശുപത്രിയിലെത്തി. പാനിക് അറ്റാക്ക് രോഗാവസ്ഥയുമായി പല അവ്യക്ത രോഗലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന 95 ശതമാനം രോഗികൾക്കും കൃത്യമായി രോഗനിർണയം ചെയ്യപ്പെടാതെ, മറ്റുപല രോഗങ്ങൾക്കുമുള്ള ചികിത്സ നൽകപ്പെടാറുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഒരു ഭിഷഗ്വരന് ഏറ്റവും തലവേദനയുണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് പാനിക് അറ്റാക്കും സൈക്കോജെനിക് നെഞ്ചുവേദനയും. തുടർച്ചയായുണ്ടാകുന്ന മനോസംഘർഷം ശാരീരിക രോഗങ്ങളായി മാറുന്ന പ്രതിഭാസമാണ് സൈക്കോജെനിക് രോഗാവസ്ഥ. മനസ്സിനെ തകിടം മറിക്കുന്ന ദൈനംദിന ജീവിതത്തിലെ ആഘാതങ്ങൾ മൂലം ഭയവും ഉത്കണ്ഠയും വിഷാദാവസ്ഥയും കുമിഞ്ഞുകൂടി ശരീരത്തിൽ വിവിധതരം രോഗാവസ്ഥകളുണ്ടാകുന്നു.
സാധാരണയെടുക്കുന്ന പരിശോധനകൾകൊണ്ട് ഈ പ്രതിഭാസത്തെ രോഗനിർണയം ചെയ്യാൻ സാധിക്കില്ല. രോഗിയുടെ ദുർഗ്രഹമായ രോഗവിവരണവും നിസ്സഹകരണ മനോഭാവവും രോഗനിർണയം ദുഷ്കരമാക്കുന്നു. ഇ.സി.ജി, എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ്, ഹോൾട്ടർ മോനിട്ടറിങ്, രക്തപരിശോധന, ചെസ്റ്റ് എക്സ്റേ, സി.ടി, ആൻജിയോഗ്രാഫി, കൊറോണറി ആൻജിയോഗ്രാഫി ഇവയെല്ലാം ആവശ്യാനുസൃതം രോഗനിർണയത്തിനായി പ്രയോജനപ്പെടുത്താമെങ്കിലും സൈക്കോജെനിക് രോഗാവസ്ഥ ഇതിനെയെല്ലാം സങ്കീർണമാക്കുന്നു.


