Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; മലപ്പുറത്തും കോഴിക്കോടും ആറുപേർക്ക് രോഗം, ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല അണുബാധ സ്ഥിരീകരിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ആറുപേർക്കാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശങ്ങളിൽ പ്രതിരോധ നടപടികളും നിരീക്ഷണവും ഊർജിതമാക്കി.

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ നിന്ന് മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അമരംബലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് ഷിഗെല്ല ബാധിച്ചത്. പ്രദേശത്ത് 23-ഓളം പേർക്ക് വയറിളക്കം, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഏതാനും പേരുടെ പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. രോഗബാധിതരുടെയും സംശയമുള്ളവരുടെയും വീടുകളിൽ ആരോഗ്യപ്രവർത്തകർ ക്ലോറിനേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ എസ്‌.ബി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രോഗലക്ഷണങ്ങളോടെ കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ആദ്യം ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ സമ്പർക്ക പരിശോധനയിലാണ് ഇന്നലെ രണ്ട് കുട്ടികൾക്ക് കൂടി രോഗബാധ കണ്ടെത്തിയത്. സ്കൂളിലെ കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ ലാബ് പരിശോധനക്കായി അയച്ചിട്ടുണ്ട്. സ്കൂളിന് സമീപത്തുള്ള 290-ഓളം വീടുകളിലെ കിണറുകൾ ആരോഗ്യവകുപ്പ് ക്ലോറിനേറ്റ് ചെയ്തു.

എന്താണ് ഷിഗെല്ല?

മലിനമായ വെള്ളത്തിലൂടെയും പഴകിയതും വൃത്തിഹീനവുമായ ഭക്ഷണത്തിലൂടെയും പടരുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗം പ്രധാനമായും കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലുമാണ് പെട്ടെന്ന് ഗുരുതരമാകുന്നത്.

ശക്തമായ വയറിളക്കം (ചിലപ്പോൾ രക്തത്തിന്റെ സാന്നിധ്യം ഉണ്ടാകാം), വയറുവേദന, ഛർദ്ദി, കടുത്ത പനി, ക്ഷീണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ള സ്രോതസ്സുകൾ (കിണറുകൾ, ടാങ്കുകൾ) കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക, പഴകിയതോ തുറന്നു വെച്ചതോ ആയ ഭക്ഷണ സാധനങ്ങൾ കഴിക്കരുത്, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kerala health department Shigella outbreak Health News Latest News 
News Summary - Shigella Bacteria Detected in Kerala: Health Dept Alert
Next Story