ഉറക്കം ഡെപ്പോസിറ്റ് ചെയ്യാമോ!
text_fieldsപ്രതീകാത്മക ചിത്രം
പിന്നീടുള്ള ആവശ്യത്തിനായി പണം ഡെപ്പോസിറ്റ് ചെയ്യുന്നപോലെ ഉറക്കം നഷ്ടപ്പെടുന്ന യാത്രക്കോ പരിപാടികൾക്കോ മുമ്പായി വ്യവസ്ഥാപിതമായി ഉറക്കം സംഭരിക്കുന്ന ആശയം പങ്കുവെക്കുകയാണ് ഓക്സ്ഫഡ് അക്കാദമിക്സിലെ സ്ലീപ് ജേണലിൽ തോമസ് ജെ. ബാൽകിൻസ്. സ്ലീപ് ബാങ്കിങ് എന്ന ഈ ആശയം ശാസ്ത്രീയ പിൻബലമുള്ളതാണെന്ന് പറയുന്നു ബംഗളൂരു ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ ഇന്റർവെൻഷനൽ പൾമണോളജി ലീഡ് കൺസൽട്ടന്റ് ഡോ. കെ. സുനിൽകുമാർ.
യാത്ര, രാത്രി ഷിഫ്റ്റുകൾ, പരീക്ഷകൾ, നീണ്ട ജോലി ദിവസങ്ങൾ തുടങ്ങി ഉറക്കം നഷ്ടമാവുന്ന സംഭവങ്ങൾക്ക് മുമ്പുള്ള ദിവസങ്ങളിൽ അധിക വിശ്രമം നേടുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. സ്ലീപ് ബാങ്കിങ് കൊണ്ട് ഉറക്കം നഷ്ടമാവുന്നതിന്റെ പ്രത്യാഘാതങ്ങൾ പൂർണമായി ഒഴിവാക്കാനാകില്ലെങ്കിലും തലച്ചോറിനെയും ശരീരത്തെയും സംരക്ഷിക്കുന്നതിൽ ചെറിയതോതിൽ ഗുണംചെയ്യും. ചിട്ടയായി വേണം ഇത് ചെയ്യാൻ. ശാന്തമായും സ്ഥിരമായും ചെയ്യുമ്പോൾ സ്ലീപ് ബാങ്കിങ് ഫലപ്രദമാണ്. പക്ഷേ, ഇത് ഒരിക്കലും പതിവായുള്ള ആരോഗ്യകരമായ ഉറക്കത്തിന് പകരമാവില്ല.
- പരിപാടിക്ക് മൂന്ന് മുതൽ ഏഴ് വരെ ദിവസം മുമ്പ് ആരംഭിക്കുക.
- പതിവിലും 30 മുതൽ 60 വരെ മിനിറ്റ് ഉറങ്ങാൻ പോകുക.
- കഴിയുമെങ്കിൽ എല്ലാ ദിവസവും ഒരേ സമയത്ത് ഉണരുക.
- ഉച്ചകഴിഞ്ഞ് 20-30 മിനിറ്റ് ഒന്ന് മയങ്ങുക. എന്നാൽ, വൈകിയുള്ള ഉറക്കം ഒഴിവാക്കുക.
- കിടപ്പുമുറി ഇരുണ്ടതും ശാന്തവും നിശ്ശബ്ദവുമായി നിലനിർത്തുക.
- ഉച്ചകഴിഞ്ഞ് കാപ്പി ഒഴിവാക്കുക.
- കിടക്കുന്നതിന് അര മണിക്കൂർ മുമ്പ് ഫോൺ മാറ്റിവെക്കുക.
- എത്ര സമയം എന്നതിനെക്കാൾ പ്രധാനമാണ് നന്നായി ഉറങ്ങാൻ കഴിയുക എന്നത്.
- ശരീരം ആവശ്യപ്പെടുന്നില്ലെങ്കിൽ ദീർഘമായ ഉറക്കത്തിന് ശ്രമിക്കരുത്. അമിത ഉറക്കം താളം നഷ്ടപ്പെടുത്തും.


