വരൂ, ഒന്നിച്ച് നടക്കാം; ഹൃദയത്തിനായി...
text_fieldsപെരിന്തൽമണ്ണ: ‘‘നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.’’ -‘ട്രാഫിക്’ സിനിമയിലെ ഈ സംഭാഷണം എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും. സെപ്റ്റംബർ 28 ഞായറാഴ്ച നിങ്ങൾ പറയുന്ന ഒരു യെസ് നിങ്ങൾക്കും കുടുംബത്തിനും എന്നേക്കുമായി താങ്ങായി മാറിയാലോ.
ഞായറാഴ്ച രാവിലെ ആരോഗ്യത്തിനും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടി മാറ്റിവെച്ചാലോ? നമ്മുടെ നാട് ഒന്നാകെ ഒരു കുടുംബമായി, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ച് നടക്കാൻ തയാറെടുക്കുകയാണ്. എന്തിനാണെന്നല്ലേ, നമ്മുടെ ഹൃദയത്തിനുവേണ്ടി. ലോക ഹൃദയദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണയിൽ ഒരു പുതിയ ചരിത്രം കുറിക്കാൻ പോകുന്നു. ‘ഹൃദയം കൈവിടാതെ നോക്കാം’ എന്ന മഹത്തായ സന്ദേശവുമായി ബി.കെ.സി.സി ഹാർട്ട് ആശുപത്രിയുമായി സഹകരിച്ച് മാധ്യമം ‘ഫാമിലി വാക്കത്തോൺ’ സംഘടിപ്പിക്കുകയാണ്. ഇതൊരു മത്സരമല്ല, നാടൊന്നാകെ കുടുംബത്തോടൊപ്പം ചുവടുവെക്കുന്ന സ്നേഹയാത്രയാണിത്. ഈ കൂട്ട നടത്തത്തിൽ നിങ്ങൾക്കും പങ്കുചേരാം.
സെപ്റ്റംബർ 28ന് രാവിലെ കൃത്യം ആറിനാണ് കൂട്ടനടത്തം. പെരിന്തൽമണ്ണ പൂപ്പലം ബി.കെ.സി.സി ആശുപത്രിയുടെ മുൻവശത്തുനിന്ന് തുടങ്ങി പൊന്ന്യാകുർശി ബൈപാസിൽ പ്രവേശിച്ച് രണ്ടു കിലോമീറ്റർ നടന്ന്, തിരിച്ച് മാധ്യമം പൂപ്പലം ഓഫിസിൽ സമാപിക്കുന്ന രീതിയിലാണ് ‘വാക്കത്തോൺ’ സംഘടിപ്പിക്കുന്നത്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ കുടുംബത്തിലെ എല്ലാവർക്കും ഇതിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്നുതന്നെ ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ നടത്തുക. മറക്കേണ്ട, ഹൃദയങ്ങൾക്കായി നമുക്ക് ഒരുമിച്ച് നടക്കാം.


