എലി കടിച്ചത് വ്രണമായി, കാൽ മുറിച്ചുനീക്കിയയാൾ മനംനൊന്ത് തീകൊളുത്തി മരിച്ചു
text_fieldsചേർത്തല: എലി കടിച്ചതിനെത്തുടർന്ന് കാലിൽ വ്രണമായി കാൽ മുറിച്ചുമാറ്റി ചികിത്സയിലിരുന്ന യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ചേർത്തല പട്ടണക്കാട് വലിയതയ്യിൽ ഷാജിമോനാണ് (51) മരിച്ചത്.
നവകേരള സദസ്സിൽ കോട്ടയത്ത് ഡ്രൈവറായി ജോലിക്ക് പോയപ്പോൾ രാത്രി ഉറങ്ങിയ സ്ഥലത്തുവെച്ചാണ് വലതുകാലിൽ എലി കടിച്ചത്. മുറിവ് വ്രണമായതോടെ കഴിഞ്ഞ ജൂണിൽ കോട്ടയം മെഡിക്കൽ കോളജിൽ മുട്ടിന് മുകളിൽവെച്ച് കാൽ മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോൾ താമസിച്ചിരുന്ന വാടകവീട് വെള്ളക്കെട്ടിലായതിനെത്തുടർന്ന് നഗരത്തിലെ ലോഡ്ജിൽ താമസിക്കുകയായിരുന്നു.
വരുമാനം നിലച്ച് പട്ടിണിയിലുമായി. ഇതറിഞ്ഞ് മന്ത്രി പി. പ്രസാദ് ഇടപെട്ട് തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ എത്തിച്ചു. പിന്നീട് അവിടെനിന്ന് ചികിത്സക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ആശുപത്രിയുമായി പൊരുത്തപ്പെട്ട് പോകാൻ ഷാജിമോന് കഴിയാതെവന്നപ്പോൾ ലീഗൽ സർവിസ് അതോറിറ്റിയുടെ പ്രത്യേക അനുവാദം വാങ്ങിയാണ് പട്ടണക്കാട് വീട്ടിലേക്ക് വന്നത്. വേദന അസഹ്യമായതിനെത്തുടർന്ന് തിങ്കളാഴ്ച പെട്രോൾ വാങ്ങി ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാജിമോൻ ബുധനാഴ്ച രാവിലെയോടെ മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ഷാജിമോന് ബന്ധുക്കളായി ആരുമില്ലെന്നാണറിയുന്നത്.