വിവാഹത്തിനുമുമ്പ് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കാൻ ആലോചനയുമായി മേഘാലയയും
text_fieldsഷില്ലോങ്: വിവാഹത്തിനുമുമ്പ് എച്ച്.ഐ.വി/ എയ്ഡ്സ് പരിശോധന നിർബന്ധമാക്കാൻ നിയമനിർമാണത്തിനൊരുങ്ങുകയാണ് മേഘാലയ സർക്കാർ. സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവിന് പിന്നാലെയാണ് നീക്കം.
രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന ഭയപ്പെടുത്തുന്നതാണെന്ന് മേഘാലയ ആരോഗ്യ മന്ത്രി അംപരീൻ ലിങ്‌ഡോ പറഞ്ഞു. ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ്ങിന്റെയും ഈസ്റ്റ് ഖാസി ഹിൽസിൽ നിന്നുള്ള എട്ട് നിയമസഭാംഗങ്ങളുടെയും അധ്യക്ഷതയിൽ വിഷയം ചർച്ച ചെയ്ത ശേഷം സംസാരിക്കവെയാണ് ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞത്. രോഗബാധിതരെ ചികിത്സാ സംവിധാനത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കണമെന്നും ശരിയായി ചികിത്സിച്ചാൽ എയ്ഡ്‌സ് നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഈസ്റ്റ് ഖാസി ഹിൽസിൽ മാത്രം എച്ച്.ഐ.വി/ എയ്ഡ്സ് കേസുകൾ ഇരട്ടിയായി (3,432) ആയി ഉയർന്നിട്ടുണ്ടെന്നും എന്നാൽ 1,581 രോഗികൾ മാത്രമാണ് ചികിത്സ തേടിയത്. ഈ സാഹചര്യത്തിൽ വിവാഹത്തിന് മുമ്പ് എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഗോവയിൽ അത് ചെയ്യാൻ കഴിയുമെങ്കിൽ മേഘാലയക്ക് എന്തുകൊണ്ട് കഴിയില്ല എന്നും അവർ ചോദിച്ചു.
എയ്ഡ്സ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ആറാം സ്ഥാനത്താണ് മേഘാലയ. നിലവിൽ ഗോവയിൽ എച്ച്.ഐ.വി പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.