തമിഴ്നാട്ടിൽ ഇനി ‘രോഗി’കളില്ല: എല്ലാവരും ‘മെഡിക്കൽ ഗുണഭോക്താക്കൾ'; സർക്കാർ ഉത്തരവിറങ്ങി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ ചികിത്സയ്ക്കായി ആശുപത്രികളിൽ വരുന്നവരെ ഇനി ‘മെഡിക്കൽ ഗുണഭോക്താക്കൾ’ എന്ന് വിളിക്കണം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രത്യേക നിർദേശ പ്രകാരമാണിത്.
സംസ്ഥാന ആരോഗ്യ-പൊതുജനക്ഷേമ വകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിൽ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സേവനങ്ങൾ സ്വീകരിക്കാൻ വരുന്നവരെ ‘രോഗികൾ’ എന്നല്ല, ‘മെഡിക്കൽ ഗുണഭോക്താക്കൾ’ എന്ന് വിളിക്കണമെന്നാണ് പറയുന്നത്.
വൈദ്യശാസ്ത്രം മാനുഷികപരമായ സേവനമായതിനാലാണ് മാറ്റമെന്നും ഇതിൽ വിശദീകരിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ഉത്തരവ് നടപ്പിലാക്കും.
ചുമ മരുന്ന് കഴിച്ച് 16 മരണം: ‘കോൾഡ്രിഫ്’ ചുമ മരുന്ന് നിർമാണ കമ്പനിക്ക് നോട്ടീസ്
ചെന്നൈ: ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ രണ്ട് കുട്ടികളും മരിച്ചതായ റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കാഞ്ചീപുരത്തെ ശ്രീസൻ ഫാർമസ്യൂട്ടിക്കൽസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
നോട്ടീസ് കമ്പനിക്ക് മുന്നിൽ പതിച്ചു. അന്വേഷണം പൂർത്തിയാവുന്നത് വരെ പ്ലാന്റ് അടച്ചുപൂട്ടാനും ഉത്തരവായിട്ടുണ്ട്. കമ്പനിയുടെ കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന് ആരോപിക്കപ്പെടുന്നു.
നിർമിച്ച മൊത്തം മരുന്നിന്റെ അളവ്, അസംസ്കൃത വസ്തുക്കളുടെയും പ്രൊപിലീൻ ഗ്ലൈക്കോളിന്റെയും ഇൻവോയ്‌സുകൾ, പാക്കിംഗ് മെറ്റീരിയൽ വിശദാംശങ്ങൾ, മരുന്നിന്റെ മാസ്റ്റർ ഫോർമുല എന്നിവ ഉൾപ്പെടെ അഞ്ച് ദിവസത്തിനകം കമ്പനിയിൽ നിന്ന് പ്രധാന വിശദാംശങ്ങൾ നൽകണമെന്ന് നോട്ടീസിലെ ആവശ്യം. പരിശോധനയിൽ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ നിർമ്മാണ പ്രക്രിയയിൽ 350 ലധികം പിഴവുകൾ കണ്ടെത്തി. മരുന്ന് നിർമാണ യുനിറ്റിൽ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങൾ, മോശം വായുസഞ്ചാരം, കേടായ ഉപകരണങ്ങൾ, എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകളുടെ അഭാവം എന്നിവ ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു.
മാരകമായ വ്യാവസായിക ലായകമായ വിഷാംശമുള്ള ഡൈ എത്തിലീൻ ഗ്ലൈക്കോൾ (ഡി.ഇ.ജി) ഉൾപ്പെടെയുള്ള ഫാർമ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കൾ ഉൽപാദനത്തിൽ ഉപയോഗിച്ചിരുന്നു. മരിച്ച കുട്ടികളുടെ വൃക്കകളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന അളവിൽ ഡൈത്തിലീൻ ഗ്ലൈക്കോൾ വിഷബാധ കണ്ടെത്തി. ബാച്ച് എസ്.ആർ-13 ൽ 48.6 ശതമാനം ഡൈ എത്തിലീൻ ഗ്ലൈക്കോൾ ഉണ്ടായിരുന്നു, ഇത് അനുവദനീയമായ പരിധിയുടെ ഏകദേശം 500 മടങ്ങ് കൂടുതലാണ്. കണ്ടെത്തലുകളെ തുടർന്ന് ഒക്ടോ.ഒന്ന് മുതൽ തമിഴ്‌നാട് സർക്കാർ കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ചു. തുടർന്ന് കേരളം, രാജസ്ഥാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതിന്റെ വിതരണവും വിൽപനയും നിരോധിച്ചു.


