ജലജന്യരോഗങ്ങൾ വർധിക്കുമ്പോഴും പി.സി.ആർ പരിശോധന സൗകര്യം അപര്യാപ്തം
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് ഗുരുതരമായ അമീബിക് മെനിഞ്ചൈറ്റിസ് അടക്കമുള്ള ജലജന്യ രോഗങ്ങൾ വർധിക്കുമ്പോഴും വെള്ളത്തിന്റെ പോളിമറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ) അടക്കമുള്ള വിദഗ്ധ പരിശോധനക്ക് പര്യാപ്തമായ സൗകര്യങ്ങളില്ല. തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ മാത്രമാണ് നിലവിൽ വെള്ളത്തിന്റെ പി.സി.ആർ പരിശോധനാ സൗകര്യമുള്ളത്.
അതിനാൽ, അമീബിക് മെനിഞ്ചൈറ്റിസ് അടക്കമുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ വെള്ളത്തിന്റെ പി.സി.ആർ പരിശോധനാഫലം ലഭിക്കാൻ കാലതാമസം നേരിടുകയാണ്. ഇത് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. മേഖല അടിസ്ഥാനത്തിൽ വെള്ളത്തിന്റെ പി.സി.ആർ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല ആരോഗ്യവകുപ്പ് അധികൃതർ സർക്കാറിലേക്ക് നിർദേശം അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഞ്ഞപ്പിത്തം, കോളറ, ഷിഗല്ല, വയറിളക്കം, എലിപ്പനി തുടങ്ങിയവ വർധിക്കുന്നതിനിടെ കുടിക്കാനും കുളിക്കാനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വെള്ളം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്ത് ഈ വർഷം ആഗസ്റ്റ് 23 വരെ 39 പേരാണ് അമീബിക് മെനിഞ്ചൈറ്റിസിന് ചികിത്സ തേടിയത്. ഇതിൽ എട്ടുപേർ മരിച്ചു. 2015 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 122 പേർ മരിച്ചു. 8112 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും 56 പേർ മരിക്കുകയും ചെയ്തു. 83 പേർക്ക് ഷിഗല്ലയും ബാധിച്ചു.
വെള്ളത്തിൽ മാലിന്യം കലരുന്നതാണ് ജലജന്യരോഗം വർധിക്കാൻ ഇടയാക്കുന്നതെന്നും രോഗപ്രതിരോധത്തിന് വെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കൽ അടിയന്തര പ്രാധാന്യത്തോടെ സർക്കാർ ഏറ്റെടുക്കണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ജലപരിശോധന കാര്യക്ഷമമായി നടക്കുന്നില്ല. ജല അതോറിറ്റി ലാബുകളിൽ ആവശ്യത്തിന് മൈക്രോബയോളജിസറ്റുകൾ ഇല്ലാത്തതു കാരണം വെള്ളത്തിന്റെ ഗുണനിലവാര, ബാക്ടീരിയൽ പരിശോധനാഫലവും വൈകുന്നതായും ബന്ധപ്പെട്ട സർക്കാർ വൃത്തങ്ങൾതന്നെ ചൂണ്ടിക്കാട്ടുന്നു.
ജല അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ല ആസ്ഥാനങ്ങളിലും ജില്ല ലാബുകളും സബ് ജില്ല ലാബുകളുമാണ് ഉള്ളത്. പി.സി.ആർ പരിശോധനാ സൗകര്യം ഇല്ല. ജില്ലാ ലാബുകളിൽ മാത്രമാണ് സ്ഥിരം മൈക്രോബയോളജിസ്റ്റുകളെ നിയമിച്ചിട്ടുള്ളത്. സബ് ജില്ല ലാബുകളിൽ താൽക്കാലിക ജീവനക്കാരാണ്. ഇതും പരിശോധനാ ഫലം വൈകാനും വിവിധ പദ്ധതികളുടെ തുടർ പദ്ധതികൾ മുടങ്ങാനും ഇടയാക്കുന്നുണ്ട്.
പി.സി.ആർ പരിശോധന
രക്തം, സ്രവം, വെള്ളം തുടങ്ങിയവയുടെ സാമ്പിളുകളിൽനിന്ന് ഡി.എൻ.എ സീക്വൻസുകളുടെ പകർപ്പുകൾ അതിവേഗത്തിൽ വർധിപ്പിക്കുന്നതിന് വിശദപഠനം സാധ്യമാക്കുന്ന ലബോറട്ടറി രീതിയാണ് പോളിമറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ).
രോഗാണുക്കളുടെ ജനിതക ഘടന, രോഗാണുക്കളുടെ ജനിതക മാറ്റങ്ങൾ തുടങ്ങിയവ കണ്ടെത്താനും തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. രോഗ നിർണയത്തിലും പ്രതിരോധത്തിലും പി.സി.ആർ പരിശോധന നിർണായകമാണ്.


