പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പർ ഗ്ലാസുകൾ ആരോഗ്യത്തിന് ഗുരുതര വെല്ലുവിളി; നിരോധിക്കണമെന്ന് നിയമസഭയിൽ ആവശ്യം
text_fieldsതിരുവനന്തപുരം: പ്ലാസ്റ്റിക് പൂശിയ/കോട്ടിങ് ഉള്ള പേപ്പർ ഗ്ലാസുകൾ ആരോഗ്യത്തിന് ഗുരുതര വെല്ലുവിളി ഉയർത്തുകയാണെന്നും നിരോധിക്കണമെന്നും നിയമസഭയിൽ ആവശ്യം. ശ്രദ്ധ ക്ഷണിക്കൽ വേളയിൽ മാത്യു ടി. തോമസാണ് വിഷയം ഉന്നയിച്ചത്.
പ്ലാസ്റ്റിക് കപ്പുകൾ നിരോധിച്ച ഘട്ടത്തിൽ പകരമെത്തിയ പേപ്പർ ഗ്ലാസുകൾ പ്ലാസ്റ്റിക്കിനെപ്പോലെയോ അതിനേക്കാൾ ഏറെയോ അപകടം വരുത്തുകയാണെന്ന് മാത്യു ടി. തോമസ് ചൂണ്ടിക്കാട്ടി. പേപ്പർ കപ്പുകൾ വാട്ടർ പ്രൂഫാക്കാൻ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ചൂട് ദ്രാവകങ്ങൾ ഇത്തരം കപ്പുകളിലേക്ക് ഒഴിച്ചാൽ മൈക്രോ പ്ലാസ്റ്റിക്കുകൾ, ഘനലോഹങ്ങൾ അടക്കം പാനീയത്തിൽ കലരാൻ സാധ്യത ഏറെയാണ്.
അർബുദം, വന്ധ്യത അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. സാധ്യമെങ്കിൽ പേപ്പർ ഗ്ലാസുകൾ നിരോധിക്കണം. ഏറ്റവും കുറഞ്ഞത് ചൂടുള്ള ഭക്ഷ്യപദാർത്ഥങ്ങൾ പേപ്പർ ഗ്ലാസുകളിൽ വിളമ്പുന്നത് കർശനമായി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും സങ്കീർണമാണെങ്കിലും നടപടി സ്വീകരിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള പേപ്പർ കപ്പുകൾ നിയന്ത്രിക്കും. സർക്കാർ പരിപാടികളിലും പൊതുപരിപാടികളും സ്റ്റീൽ ഗ്ലാസ് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.