തിരൂർ ജില്ല ആശുപത്രിയിൽ ആദ്യമായി കൊളോനോസ്കോപ്പി വഴി പോളിപെക്ടമി നടന്നു
text_fieldsതിരൂർ: തിരൂർ ഗവ. ജില്ല ആശുപത്രിയിൽ കൊളോനോസ്കോപ്പി വഴി ആദ്യത്തെ പോളിപെക്ടമി നടത്തി. പോളിപ്പ് (കോശങ്ങളുടെ അസാധാരണ വളർച്ച) ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിനാണ് പോളിപെക്ടമി എന്ന് പറയുന്നത്. ഇത്തരത്തിൽ തുറന്ന വയറിലെ ശസ്ത്രക്രിയയിലൂടെ കോളൻ പോളിപ്സ് നീക്കം ചെയ്യാൻ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാൽ, സാധാരണയായി ഇത് കൊളോനോസ്കോപ്പി സമയത്താണ് നടത്തുന്നത്.
ശരീരത്തിലെ രക്തം അകാരണമായി കുറയുന്നതുമായി ബന്ധപ്പെട്ട് പരിശോധനക്ക് എത്തിയ 65 വയസ്സുള്ള തിരൂർ സ്വദേശിക്ക് നടത്തിയ പരിശോധനയിലാണ് നാല് സെ.മീ വലിപ്പമുള്ള വലിയ പോളിപ്പാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയത്. ജില്ല ആശുപത്രി ഗ്യാസ് എൻട്രോളജിയിൽ പുതുതായി സ്ഥാപിച്ച എ.പി.സി കോട്ടറി മെഷീന്റെ സഹായത്താൽ ഈ പോളിപ്പ് ശസ്ത്രക്രിയ കൂടാതെ മുഴുവനായും നീക്കം ചെയ്യുവാൻ സാധിച്ചത്. നീക്കം ചെയ്യാൻ വൈകുന്നതുമൂലം രോഗിക്ക് വന്നേക്കാവുന്ന വൻകുടലിലെ അർബുദം തടയാൻ ചികിത്സയിലൂടെ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.
സർക്കാർ ആശുപത്രികളിൽ ഇത്തരം സേവനങ്ങൾ രോഗികൾക്ക് ലഭ്യമാവുന്നത് കേരളം ആരോഗ്യരംഗത്ത് നടത്തിയ വലിയ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ തന്നെ ഇത്തരമൊരു സേവനം ആദ്യമായാണ് നടക്കുന്നത്. തിരൂർ ജില്ല ആശുപത്രി ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. മുരളി കൃഷ്ണന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇത് വിജയകരമായി പൂർത്തിയാക്കിയത്. ഡോ. സലിം, സ്റ്റാഫ് നഴ്സ് നീതു, എൻഡോസ്കോപ്പി ടെക്നീഷ്യൻ റെമീസ, നഴ്സിങ് അസിസ്റ്റന്റ് ബാലകൃഷ്ണൻ എന്നിവരും ടീമിൽ ഉണ്ടായിരുന്നു.


