കാൻസർ ചികിത്സയെ മാറ്റിമറിക്കുന്ന 'പ്രിസിഷൻ ഒങ്കോളജി'; ട്യൂമറുകളുടെ ജനിതക രഹസ്യങ്ങളുടെ പ്രധാനം
text_fieldsനവംബർ 7 ദേശീയ അർബുദ ബോധവൽക്കരണ ദിനമായി ആചരിക്കുമ്പോൾ, അർബുദ ചികിത്സാ രംഗത്ത് അടുത്ത കാലത്തായി നടന്നു കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ഏറെ പ്രസക്തമാണ്. ചരിത്രപരമായി, അർബുദ ചികിത്സ എന്നത് "എല്ലാവർക്കും ഒരേപോലെയുള്ള ചികിത്സ" എന്ന തത്വത്തിലായിരുന്നു അധിഷ്ഠിതമായിരുന്നത്. ഒരു വ്യക്തിക്ക് ശ്വാസകോശത്തിലോ സ്തനത്തിലോ അർബുദം ബാധിച്ചാൽ, ശരീരഭാഗത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പൊതുവായ കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ രീതികളാണ് നൽകിയിരുന്നത്. എന്നാൽ ഈ പരമ്പരാഗത സമീപനം എല്ലാവരിലും ഒരേപോലെ ഫലം കണ്ടിരുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും പാർശ്വഫലങ്ങൾക്കും കാരണമായിരുന്നു. അവിടെയാണ് രോഗിയുടെ ജനിതക സവിശേഷതകൾ കൂടി പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം ഉയരുന്നത്.
ജനിതക ബ്ളൂപ്രിന്റിലേക്കുള്ള മാറ്റം
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വൈദ്യശാസ്ത്രം കൈവരിച്ച വൻ മുന്നേറ്റങ്ങൾ അർബുദത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ പൂർണ്ണമായി മാറ്റിമറിച്ചിരിക്കുന്നു. അർബുദം എന്നത് ഒരൊറ്റ രോഗമല്ലെന്നും, മറിച്ച് വ്യത്യസ്ത ജനിതക വ്യതിയാനങ്ങൾ മൂലം ശരീര കോശങ്ങളിൽ ഉണ്ടാകുന്ന സങ്കീർണ്ണമായ തകരാറുകളുടെ ഒരു പരമ്പരയാണെന്നും തിരിച്ചറിഞ്ഞു. ഇന്ന് ഓങ്കോളജിസ്റ്റുകൾ ട്യൂമറുകളെ അവയുടെ ശരീരത്തിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല, അവയുടെ ജനിതകവും മോളിക്യുലാർ ബ്ളൂപ്രിന്റും പരിശോധിച്ചാണ് വിലയിരുത്തുന്നത്. പ്രിസിഷൻ ഒങ്കോളജി എന്ന ഈ നൂതന ശാഖ രോഗിക്ക് കൃത്യമായി അനുയോജ്യമായ ടാർഗെറ്റഡ് തെറാപ്പികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു.
ആധുനിക സാങ്കേതികവിദ്യകളുടെ കടന്നുവരവ്
ഈ വിപ്ലവത്തിന് പിന്നിൽ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (എൻ.ജി.എസ്), ലിക്വിഡ് ബയോപ്സി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളുടെ പങ്കു വളരെ വലുതാണ്. എൻ.ജി.എസ് സാങ്കേതികവിദ്യയിലൂടെ ട്യൂമറുകളുടെ ജനിതക മാറ്റങ്ങളെ ഒരേസമയം സൂക്ഷ്മമായി പഠിക്കാൻ സാധിക്കുന്നു. പരമ്പരാഗത ബയോപ്സി രീതികൾ ശസ്ത്രക്രിയയിലൂടെ കോശങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങളിൽ വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ ലളിതമായ ഒരു രക്തപരിശോധനയിലൂടെ ട്യൂമറിന്റെ സാന്നിധ്യവും ജനിതക ഘടനയും മനസ്സിലാക്കാൻ സഹായിക്കുന്ന 'ലിക്വിഡ് ബയോപ്സി' ഇന്ന് ചികിത്സാരംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് രോഗിക്ക് വേദന രഹിതവും കൂടുതൽ കൃത്യവുമായ വിവരങ്ങൾ നൽകുന്നു.
കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)യുടെ കടന്നുവരവ് വലിയൊരു വഴിത്തിരിവായി മാറിയിരിക്കുന്നു. കോടിക്കണക്കിന് ജനിതക ഡാറ്റകളും മോളിക്യുലാർ വിവരങ്ങളും അതിവേഗം വിശകലനം ചെയ്ത് ഡോക്ടർമാർക്ക് ഏറ്റവും അനുയോജ്യമായ ചികിത്സാ പദ്ധതി രൂപീകരിക്കാൻ എഐ സഹായിക്കുന്നു. ഇത്തരം ആധുനിക സൗകര്യങ്ങളിലൂടെ എല്ലാവരിലേക്കും അർബുദ ചികിത്സ ലഭ്യമാക്കിക്കൊണ്ട് പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
പരമ്പരാഗതമായി നിലനിന്നിരുന്ന ചികിത്സാ രീതികളിൽ നിന്ന് ഓരോ വ്യക്തിയുടെയും ഡി.എൻ.എ ഘടനയ്ക്കനുസരിച്ചുള്ള വ്യക്തിഗത ചികിത്സകളിലേക്കുള്ള ഈ മാറ്റം അർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ വലിയൊരു നാഴികക്കല്ലാണ്. അർബുദ ബാധിതരുടെ അതിജീവന നിരത്ത് വർദ്ധിപ്പിക്കാനും, പാർശ്വഫലങ്ങൾ കുറയ്ക്കാനും പ്രിസിഷൻ ഒങ്കോളജിയിലൂടെ സാധിക്കുന്നു. നവംബർ 7 നൽകുന്ന പ്രധാന സന്ദേശം ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതോടൊപ്പം, ശാസ്ത്രീയ മുന്നേറ്റങ്ങളുടെ പ്രയോജനം കൃത്യസമയത്ത് ഓരോ രോഗിയിലേക്കും എത്തിക്കുക എന്നത് കൂടിയാണ്. ഓരോ രോഗിയുടെയും ജനിതകഘടന പോലെ തന്നെ കൃത്യമായ ഒരു ചികിത്സാ പദ്ധതി ഉറപ്പാക്കുന്ന ഈ പുതിയ കാലഘട്ടം അർബുദ ചികിത്സാ രംഗത്ത് വലിയൊരു പ്രത്യാശയാണ് നൽകുന്നത്.
തയ്യാറാക്കിയത്: ഡോ. ജെം കളത്തിൽ, ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡ് & സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി


