പേവിഷബാധ: പ്രതിരോധം പാളുന്നു നാലുമാസത്തിനിടെ 11 മരണം
text_fieldsതിരുവനന്തപുരം: പ്രതിരോധിച്ചാൽ നൂറ് ശതമാനവും തടയാൻ കഴിയുന്ന പേവിഷബാധ മരണങ്ങളിൽ പകച്ച് കേരളം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നാലുമാസമാകുമ്പോഴേക്കും പതിനൊന്ന് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ആകെ ഈ വർഷം റിപ്പോർട്ട് ചെയ്ത പത്തിൽ മൂന്ന് മരണങ്ങളും സംഭവിച്ചത് ഈ മാസം 21 ദിവസത്തിനിടെയാണ്.
2030 ഓടെ രാജ്യം പേവിഷ മുക്തമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ഊർജിതമെന്ന് ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുമ്പോഴും ലക്ഷ്യം നേടാനാകാത്ത വിധം മരണ നിരക്ക് വർധിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർധന പ്രകടമാണ്.
2020ൽ സംസ്ഥാനത്ത് ആകെ സംഭവിച്ചത് അഞ്ച് പേവിഷ മരണങ്ങളാണ്. 2021ൽ 11ഉം, 2022ൽ 15 ഉം, 2023 ൽ 17 ഉം 2024 ൽ അത് 28 ആയും വർധിച്ചു. തെരുവുനായ്ക്കൾ ഉൾപ്പെടെ ഒരു പ്രദേശത്തെ 70 ശതമാനം നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ കഴിഞ്ഞാൽ നായ്ക്കളിലെ പേവിഷബാധ നിർമാർജനം ചെയ്യാൻ കഴിയുമെന്ന് മാത്രമല്ല, മനുഷ്യരിൽ രോഗബാധക്കുള്ള സാധ്യത ഏകദേശം പൂർണമായും തന്നെ തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ വിലയിരുത്തപ്പെടുന്നത്.
പേവിഷ പ്രതിരോധ വാക്സിനേഷൻ ഊർജിതമായി നടപ്പാക്കുന്നെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും അവകാശവാദം. എന്നാൽ, മനുഷ്യരെ കടിക്കുന്ന തെരുവുനായ്ക്കളിൽ മിക്കതിനും പിന്നീട്, പേവിഷബാധ സ്ഥിരീകരിക്കുകയാണ്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. നായ്ക്കളാണ് പ്രധാന രോഗവാഹകര്‍.
പൂച്ച, കുറുക്കന്, അണ്ണാന്, കുതിര, വവ്വാല് തുടങ്ങിയവയും രോഗവാഹകരാണ്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കാണുന്ന പേവിഷബാധയുടെ വൈറസുകള്‍ മൃഗങ്ങളുടെ കടി, മാന്തല്‍, പോറല്‍, നക്കല്‍ എന്നിവയിലൂടെ ശരീരത്തിലെത്തി സുഷ്മനാനാഡിയെയും തലച്ചോറിനെയും ബാധിക്കുന്നതോടെയാണ് രോഗം ഗുരുതരമായി മരണംസംഭവിക്കുന്നത്. ഇതിനിടെ, വാക്സിൻ ഫലപ്രാപ്തി സംബന്ധിച്ച ആശങ്കയും രാജ്യത്ത് പല കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നു. കുത്തിവെപ്പെടുത്തവരിൽ ചിലർ മരിച്ചതാണ് ആശങ്കക്ക് കാരണമായത്.