Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോട്ടയം മെഡി. കോളജിൽ...

കോട്ടയം മെഡി. കോളജിൽ ശരീരം തണുപ്പിച്ച് അത്യപൂർവ ശസ്ത്രക്രിയ; സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലേറെ വരുന്ന ശസ്ത്രക്രിയക്ക് ചെലവായത് രണ്ടു ലക്ഷം

text_fields
bookmark_border
കോട്ടയം മെഡി. കോളജിൽ ശരീരം തണുപ്പിച്ച് അത്യപൂർവ ശസ്ത്രക്രിയ; സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലേറെ വരുന്ന ശസ്ത്രക്രിയക്ക് ചെലവായത് രണ്ടു ലക്ഷം
cancel
camera_alt

ഡോ. ടി.കെ. ജയകുമാർ

ഗാന്ധിനഗർ (കോട്ടയം): രോഗിയുടെ ശരീര താപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തി ഹൃദയ ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കൽ കോളജിൽ രണ്ടു രോഗികളുടെ ജീവൻ രക്ഷിച്ചു. ഹൃദയ ചികിത്സ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്‍റെ നേതൃത്വത്തിലാണ് ഈ നേട്ടം.

അവയവങ്ങളുടെ ഓക്സിജൻ ആവശ്യകത കുറക്കുന്നതിനാണ് ശരീരം തണുപ്പിച്ചത്. ഇതോടെ സങ്കീർണമായ അയോർട്ടിക് ശസ്ത്രക്രിയ രാജ്യത്ത് ഏറ്റവുമധികം നടത്തുന്ന കേന്ദ്രങ്ങളിലൊന്നായി കോട്ടയം മെഡിക്കൽ കോളജ് മാറി. അഞ്ചു വർഷത്തിനിടെ 500ൽ അധികം അയോർട്ടിക് ശസ്ത്രക്രിയകളാണ് നടത്തിയത്.

അടുത്തടുത്ത ദിവസങ്ങളിലായി ഇത്തരം അതിസങ്കീർണമായ രണ്ടു ശസ്ത്രക്രിയകളാണ് മെഡിക്കൽ കോളജിൽ നടത്തിയത്. രണ്ടു രോഗികൾക്കും പൂർണ ആരോഗ്യം തിരിച്ചുകിട്ടി. സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലധികം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് ഇവിടെ രണ്ടു ലക്ഷത്തോളം രൂപയേ ചെലവായുള്ളൂ.

മഹാധമനിക്ക് കീറലുണ്ടായ ഡൽഹിയിൽ താമസിക്കുന്ന കെ.സി രാജുവിനായിരുന്നു ആദ്യ ശസ്ത്രക്രിയ. ടോട്ടൽ അയോർട്ടിക് ആർച്ച് റീപ്ലേസ്മെന്‍റ് വിത് ലോ ബെക്ടമി എന്ന ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയയായിരുന്നു ഇത്. അമിത രക്തസ്രാവം മൂലം ജീവൻ അപകടത്തിലായ നിലയിലായിരുന്നു രോഗി. മഹാധമനിയുടെ പ്രധാന ഭാഗമായ അയോർട്ടിക് ആർച്ചും ശ്വാസകോശവും ഒട്ടിപ്പിടിച്ചാണ് രാജുവിന്‍റെ നില വഷളായത്. ഒട്ടിച്ചേർന്ന ഭാഗം വീർത്തുപൊട്ടുന്ന അനൂറിസം എന്ന അവസ്ഥയായിരുന്നു. മേയ് ആറിന് ധമനിയുടെയും ശ്വാസകോശത്തിന്‍റെയും ശസ്ത്രക്രിയ ഒരേ സമയത്താണ് നടത്തിയത്.

ശരീരം തണുപ്പിച്ച് ഹൃദയ പ്രവർത്തനം മന്ദീഭവിപ്പിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശ ഭാഗവും അയോർട്ടിക് ആർച്ചും മാറ്റിവെച്ചു. ഓരോന്നിനും ആറു മണിക്കൂർ വീതമെടുത്തു. ആരോഗ്യനില വീണ്ടെടുത്ത രാജു ശനിയാഴ്ച ആശുപത്രി വിട്ടു.

പത്തനംതിട്ട തടിയൂർ സ്വദേശി അനി ജോണിന് മേയ് 10നാണ് സങ്കീർണ ശസ്ത്രക്രിയ നടത്തിയത്. ധമനിയിൽ പൊട്ടലുണ്ടാക്കുന്ന അയോർട്ടിക് ഡിസക്ഷൻ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഡോക്ടർമാരായ സി.എച്ച് നിധീഷ്, അരവിന്ദ് പി. രാമൻ, സ്മാർട്ടിൻ എബ്രഹാം, ബി. മനൂപ്, വിനീത വി. നായർ, മഞ്ജുഷ എൻ. പിള്ള, സഞ്ജീവ് തമ്പി, ആർ. ശിവ, പി. ചൈതന്യ, പി. ജോൺ, ആർ. സജിത്, ആദിനാരായണ കിഷോർ, ജീവൻ ജോസ്, സ്റ്റാഫ് നഴ്സുമാരായ ലിനു, സുബി എന്നിവർ ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.


Show Full Article
TAGS:Kottayam Medical College Aortic Aneurysm Cardiac surgery 
News Summary - Rare Aortic Surgery Performed by Cooling Body at Kottayam Medical College
Next Story