പ്രമേഹ രോഗികൾക്കുത്തമം പച്ച മാങ്ങയോ പഴുത്ത മാങ്ങയോ?
text_fieldsഏത് ഫ്രൂട്ട്സ് കഴിക്കുമ്പോഴും പ്രമേഹ രോഗികൾക്ക് സംശയമാണ്. പഴത്തിന് മധുരമുണ്ടെങ്കിൽ ഷുഗർ വർധിക്കുമോ, കൂടുതൽ കഴിച്ചാൽ പണിയാകുമോ എന്നെല്ലാം പ്രമേഹ രോഗികൾ എപ്പോഴും ചോദിക്കുന്നതാണ്. പഴുത്ത ചക്ക, നേന്ത്രപ്പഴം തുടങ്ങി എല്ലാത്തിലും ഈ സംശയമവർ ഉന്നയിക്കാറുണ്ട്. നാട്ടിൽ മാമ്പഴക്കാലം ആരംഭിച്ചിരിക്കുകയാണിപ്പോൾ. പച്ച മാങ്ങ മാത്രമേ പ്രമേഹ രോഗികൾ കഴിക്കാവൂ, പഴുത്ത മാങ്ങ ഷുഗർ വർധിപ്പിക്കുമെന്നുമെല്ലാം പലരും പറഞ്ഞു തുടങ്ങി. എന്താണ് സത്യാവസ്ഥയെന്ന് പരിശോധിക്കാം.
മാമ്പഴം പഴുക്കുമ്പോൾ അതിലെ അന്നജത്തിന്റെ അളവ് സ്വാഭാവികമായി ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പഞ്ചസാരകളായി മാറുന്നു. ഈ പ്രക്രിയ പഴുത്ത മാമ്പഴത്തെ മധുരമുള്ളതാക്കുകയും അവയുടെ ഗ്ലൈസെമിക് സൂചിക (ജി.ഐ) ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നു എന്നതിന്‍റെ അളവാണിത്. പഴുത്ത മാമ്പഴത്തിന്‍റെ ജി.ഐ: വൈവിധ്യവും പഴുത്തതിന്റെ അളവും അനുസരിച്ച് 51 നും 60 നും ഇടയിലാണ്. പച്ച മാമ്പഴത്തിന്റെ ജി.ഐ: സാധാരണയായി 41 മുതൽ 55 വരെ കുറവാണ്. കാരണം പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് കുറവും നാരുകളുടെയും അന്നജത്തിന്റെയും അളവ് കൂടുതലുമാണ്.
പച്ച മാങ്ങയിലെ പഞ്ചസാരയുടെയും ജി.ഐയുടെയും കുറഞ്ഞ അളവ് രക്തത്തിലേക്ക് ഗ്ലൂക്കോസിന്‍റെ അളവ് മന്ദഗതിയിലും സ്ഥിരതയിലുമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കേണ്ട പ്രമേഹരോഗികൾക്ക് ഇതാണ് നല്ലതെന്ന് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ റിച്ച ചതുർവേദി പറയുന്നു.
പച്ച മാമ്പഴത്തിൽ കൂടുതൽ നാരുകളും പ്രതിരോധശേഷിയുള്ള അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെയും ഗ്ലൂക്കോസ് ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് ഇൻസുലിൻ സെൻസിറ്റീവിറ്റി മെച്ചപ്പെടുത്തുന്നു, ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധന കുറയ്ക്കുന്നു, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആയുർവേദത്തിലടക്കം പച്ച മാമ്പഴം തണുപ്പ് നൽകുമെന്നും ദഹനം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു.
പഴുത്ത, മധുരം കൂടുതലുള്ള മാങ്ങ കഴിക്കുമ്പോൾ ഇവ വേഗത്തിൽ ദഹിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പെട്ടന്ന് ഉയർത്തും.
എന്നാൽ ശ്രദ്ധിക്കണം, പ്രമേഹരോഗികൾക്ക് പച്ച മാങ്ങ ഗുണങ്ങൾ നൽകുമെങ്കിലും, മിതമായ അളവിൽ മാത്രം കഴിക്കുക. പാകം ചെയ്തതോ, സാലഡുകളിൽ ചേർത്തോ, വേവിച്ചതോ, അരച്ചോ കഴിക്കാം.