Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇന്ത്യക്കാരിൽ ചുവപ്പ്...

ഇന്ത്യക്കാരിൽ ചുവപ്പ് മുടിക്ക് കാരണം അപൂർവ്വ ജീനെന്ന് പഠനം

text_fields
bookmark_border
ഇന്ത്യക്കാരിൽ ചുവപ്പ് മുടിക്ക് കാരണം അപൂർവ്വ ജീനെന്ന് പഠനം
cancel

ന്യൂഡൽഹി: വിദേശികളിൽ സർവ്വസാധാരണമാണെങ്കിലും ഇന്ത്യക്കാരിൽ ചുവപ്പ് മുടി വളരെ അപൂർവ്വമാണ്. ഇന്ത്യയിലെ ചുരുക്കം ചിലരിൽ കാണപ്പെടുന്ന ചുവപ്പ് മുടി എന്ന അസാധാരണ പ്രതിഭാസത്തിന് കാരണം വളരെ അപൂർവ്വമായ ഒരു തദ്ദേശീയ ജീനാണെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഈ ഗവേഷണത്തിലൂടെ രാജ്യത്തുടനീളമുള്ള 91 വ്യത്യസ്ത ജനവിഭാഗങ്ങളിൽ നിന്ന് ഇതേ ജീനിന്റെ 21 പുതിയ വകഭേദങ്ങളെ (Variants) അവർ തിരിച്ചറിഞ്ഞു.

ശരീരത്തിലെ മെലാനിൻ എന്ന വർണ്ണപദാർത്ഥത്തിന്റെ ഉൽപാദനത്തെ നിയന്ത്രിക്കുന്ന 'മെലനോകോർട്ടിൻ 1 റിസപ്റ്റർ' (Melanocortin 1 Receptor - MC1R) ജീൻ വിശകലനം ചെയ്തുള്ള പഠനത്തിൽ നിന്നാണ് പുതിയ ജീനിനെ കണ്ടെത്തിയത്. ഈ ജീനിന്റെ 'c.872C>A' എന്ന് പേരിട്ട വകഭേദമാണ് ചുവപ്പ് മുടിക്ക് കാരണമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയിലുടനീളമുള്ള 91 വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന 11,021 വ്യക്തികളിൽ MC1R-ന്റെ കോഡിംഗ് മേഖല പരിശോധിച്ച സംഘം, ആകെ 9 പുതിയതും 12 വളരെ അപൂർവ്വവുമായ വകഭേദങ്ങൾ കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.

തെക്കേ ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ അഞ്ച് വയസ്സുള്ള പെൺകുട്ടിക്ക് തലമുടിയിലും ശരീരത്തിലെ രോമങ്ങളിലും പുരികത്തിലും ചുവപ്പ് നിറം ഉള്ളതായി അറിഞ്ഞതിനെത്തുടർന്നാണ് ശാസ്ത്രജ്ഞർ പഠനം ആരംഭിച്ചത്. കുട്ടിയുടെ കണ്ണുകൾ കടും തവിട്ട്-കറുപ്പ് നിറത്തിലുള്ളതായിരുന്നു. ആ പെൺകുട്ടിക്ക് ചുവപ്പ് മുടിക്ക് കാരണമായ ജീൻ വകഭേദം പാരമ്പര്യമായി ലഭിച്ചതാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. യാദൃശ്ചികമെന്നോണം, അവളുടെ സഹോദരിക്ക് കറുത്ത മുടിയായിരുന്നു.

അമേരിക്കൻ സൊസൈറ്റി ഫോർ ഹ്യൂമൻ ജനറ്റിക്സ് പുറത്തിറക്കുന്ന 'എച്ച്ജിജി അഡ്വാൻസ്സ്' (HGG Advances) എന്ന അന്താരാഷ്ട്ര പിയർ-റിവ്യൂഡ് ജേണലിന്റെ ജൂലൈ ലക്കത്തിൽ ഈ പഠനം പ്രസിദ്ധീകരിച്ചു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി, ബെംഗളൂരുവിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജനറ്റിക്സ് ആൻഡ് സൊസൈറ്റി, ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി, ഗാസിയാബാദിലെ അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച്, ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിംഗ് ആൻഡ് ഡയഗ്നോസ്റ്റിക്സ്, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മണിപ്പാലിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്, കാട്ടാങ്കുളത്തൂരിലെ എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഈ ഗവേഷണത്തിൽ പങ്കെടുത്തു.

Show Full Article
TAGS:Health News hair hair colour life` 
Next Story