സെപ്റ്റംബർ 19; അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണം
text_fieldsഅന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട ജില്ലതല പരിപാടികളുടെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ നിർവഹിക്കുന്നു
കാഞ്ഞങ്ങാട്: സെപ്റ്റംബർ 19 അന്താരാഷ്ട്ര പാമ്പുകടി അവബോധ ദിനാചരണവുമായി ബന്ധപ്പെട്ട ജില്ലതല ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ നിർവഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെംബർ സി. രേഖ അധ്യക്ഷത വഹിച്ചു. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജോസ് മാത്യു മുഖ്യാതിഥിയായി. ജില്ല സർവൈലൻസ് ഓഫിസർ ഡോ. സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എന്.വി. സത്യന് സംസാരിച്ചു.
വെള്ളരിക്കുണ്ട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. ഷിൻസി സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ പി.പി. ഹസീബ് നന്ദിയും പറഞ്ഞു. ജില്ല മെഡിക്കൽ ഓഫിസ്, ദേശീയ ആരോഗ്യദൗത്യം, വനം-വന്യജീവി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പാമ്പുകളെക്കുറിച്ച് അവബോധമുണ്ടാക്കുക, കടിയേറ്റാലുള്ള പ്രഥമശുശ്രൂഷ, മുൻകരുതൽ എന്നിവ സംബന്ധിച്ച അറിവുകൾ, ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കുന്നത്. കൺസർവേഷൻ ബയോളജിസ്റ്റ് നന്ദൻ വിജയകുമാർ, പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ടി.കെ. ശ്രവ്യ എന്നിവർ ക്ലാസെടുത്തു.
ചികിത്സ എവിടെ?
പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റി സ്നേക്ക് വെനം കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ലഭ്യമാണ്.
പാമ്പുകടിയേറ്റാൽ ചെയ്യണം
- ശാന്തത പാലിക്കുക
- പാമ്പിന്റെ സമീപത്തുനിന്ന് മാറുക
- മുറിവുള്ള ഭാഗം (കടിയേറ്റ ഭാഗം) ഒന്നും ചെയ്യാതെ വെക്കുക
- ചെരിപ്പുകൾ, ബെൽറ്റ്, മോതിരം, വാച്ചുകൾ, ആഭരണങ്ങൾ, ഇറുകിയവസ്ത്രങ്ങൾ എന്നിവ മുറിവേറ്റ ഭാഗത്തുനിന്ന് മാറ്റുക
- ഇടതുവശം ചരിഞ്ഞ് വലതുകാൽ വളച്ച് കൈകളിൽ മുഖം ചേർത്ത് കിടത്തുക
- വൈദ്യസഹായത്തിനായി സമീപത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് എത്രയും വേഗത്തിൽ എത്തിക്കുക
ചെയ്യരുത്
- പരിഭ്രാന്തരാക്കരുത്
- മുറിവേറ്റ ഭാഗത്ത് കൂടുതൽ മുറിവ് വരുത്തുകയോ മുറിവിൽ എന്തെങ്കിലും പൊടികൾ / മരുന്നുകൾ നേരിട്ട് പുരട്ടുകയോ അരുത്
- രക്തചംക്രമണം നിൽക്കുന്നവിധത്തിൽ മുറിവേറ്റഭാഗം കെട്ടരുത്
- രോഗിയെ കമിഴ്ത്തി കിടത്തരുത്, ഇത് ശ്വസനപ്രക്രിയ തടസ്സപ്പെടുത്തിയേക്കാം
- പരമ്പരാഗത ചികിത്സാരീതിയോ സുരക്ഷിതമല്ലാത്ത ചികിത്സകളോ അരുത്