അനാഥയായ ദുർഗക്ക് ആയുസ്സേകി ഷിബു; ജില്ല ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ രാജ്യത്ത് ആദ്യം
text_fieldsഎയർ ആംബുലൻസിൽ എത്തിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം ഡോ. ജോർജ് വാളൂരാൻ, ഡോ. ജിയോപോൾ, ഡോ. രാഹുൽ, ഡോ. പോൾ എന്നിവരുടെ നേതൃത്വത്തിൽ പുറത്തേക്ക് കൊണ്ടുവരുന്നു (ഇൻ സൈറ്റിൽ ഷിബുവിന്റെ ചിത്രവും)
കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ രാജ്യത്തിന്റെ ഹൃദയത്തിൽ ഇടംപിടിച്ച് എറണാകുളം ജനറൽ ആശുപത്രി. നേപ്പാള്‍ സ്വദേശിനിയായ 22കാരി ദുർഗക്ക് തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) ഹൃദയം വിജയകരമായി മാറ്റിവെച്ചാണ് ആശുപത്രി അഭിമാനനേട്ടം കൈവരിച്ചത്.
അനാഥയായ ദുർഗക്കായി കേരളം കരുതലോടെ കൈകോർത്തപ്പോൾ രാജ്യത്ത് ആദ്യമായി ഒരു ജില്ല ആശുപത്രി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രമെഴുതുകയായിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയായ ദുർഗക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയക്ക് വഴിയൊരുങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് 3.14ന് ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് ആറരയോടെ അവസാനിച്ചു. ഒരുമണിക്കൂറോളം ഡോക്ടർമാരുടെ നിരീക്ഷണവുമുണ്ടായിരുന്നു.
വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച ഷിബുവിന്റെ ഏഴ് അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെയും രണ്ട് നേത്രപടലങ്ങള്‍ റീജനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലെയും രോഗികള്‍ക്കാണ് നല്‍കിയത്. ഷിബുവിന്റെ ചർമം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സ്കിന്‍ ബാങ്കിനും കൈമാറി.
കഴക്കൂട്ടത്ത് ഹോട്ടൽ ജോലിക്കാരനായ ഷിബു ഡിസംബര്‍ 14ന് വൈകീട്ട് 6.30ന് സ്കൂട്ടറില്‍ വീട്ടിലേക്ക് വരുമ്പോൾ കൊല്ലം ജില്ലയിലെ മൂക്കാട്ട്കുന്നിൽവെച്ച് തെറിച്ചുവീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് വിദഗ്ധ ചികിത്സക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഡിസംബര്‍ 21ന് മസ്തിഷ്കമരണം സ്ഥിരീച്ചതോടെ കുടുംബം അവയവദാനത്തിന് സമ്മതം നൽകി. ശകുന്തളയാണ് ഷിബുവിന്റെ മാതാവ്. സഹോദരങ്ങൾ: ഷിജി, സലീവ്.


