ഓർമയുടെ കൃത്യതയും ക്രമവും കൂട്ടാൻ രാത്രി ഉറങ്ങൂ
text_fieldsകഴിഞ്ഞുപോയ കാര്യങ്ങൾ ക്രമപ്രകാരം ഓർത്തെടുക്കാൻ രാത്രിയുറക്കം വളരെയധികം സഹായിക്കുമെന്ന് പഠനം. നല്ല ഉറക്കം ഓർമക്കുറവിനെ തടയുമെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. അതിലുമപ്പുറം, സംഭവങ്ങളെ കൃത്യമായ ക്രമത്തിലും രൂപത്തിലും ഓർക്കാൻ ഒറ്റ രാത്രിയുറക്കം പോലും സഹായിക്കുമെന്നാണ് കാനഡയിൽ നടന്ന പഠനം വിശദീകരിക്കുന്നത്. ഒരു കാര്യം സംഭവിച്ച് വർഷം കഴിഞ്ഞാലും ഈ കൃത്യത നിലനിൽക്കുമെന്നും ടൊറന്റോയിലെ ബേക്രെസ്റ്റ് അക്കാദമി ഓഫ് റിസർച്ച് ആൻഡ് എജുക്കേഷൻ നടത്തിയ പഠനം വിവരിക്കുന്നു.
‘‘കണ്ടുകഴിഞ്ഞ ഒരു വസ്തുവിന്റെ വലുപ്പം, നിറം തുടങ്ങിയ പല കാര്യങ്ങളും കാലം കഴിയുന്നതിനനുസരിച്ച് ഓർമയിൽ നിന്ന് മാഞ്ഞുതുടങ്ങും. എന്നാൽ, ഉറക്കത്തിനു ശേഷം അവ ഓർത്തെടുക്കാൻ ശ്രമിച്ചാൽ അവയുടെ ക്രമവും കൃത്യതയും കൂടും’’ -നാച്വർ ഹ്യൂമൻ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അനുഭവങ്ങളെ ഓർമയിൽ എത്തിക്കുന്നതിൽ ഉറക്കം നിർണായകമാണെന്നും അവകാശപ്പെടുന്നു.
ബേക്രെസ്റ്റിൽ അൻപതു പേർക്കായി, 20 മിനിറ്റ് നീണ്ടു നിന്ന ഒരു ഓഡിയോ ഗൈഡഡ് കലാപ്രദർശന ടൂർ ആണ് പഠനവിധേയമാക്കിയത്. ശേഷം ഇവർക്ക് ഓർമ പരീക്ഷിക്കുന്ന ചോദ്യങ്ങൾ, പല സമയങ്ങളിലും നാളുകളിലുമായി നൽകി. ഒരു മണിക്കൂർ മുതൽ 15 മാസത്തിനുശേഷം വരെ ആയി അഞ്ചു തവണയായാണ് ചോദ്യങ്ങൾ നൽകിയത്. കലാവസ്തുവിന്റെ രൂപഭാവങ്ങൾ മുതൽ അവ പ്രദർശിപ്പിച്ച ക്രമം വരെ ചോദ്യങ്ങളിലുണ്ടായിരുന്നു. കലാരൂപങ്ങളുടെ പ്രത്യേകതകൾ വിവരിക്കുന്നതിന്റെ കൃത്യത കുറഞ്ഞുവരുന്നുണ്ടെങ്കിലും ക്രമം ഓർത്തെടുക്കുന്നതിൽ ഉറക്കം വളരെയധികം സഹായിച്ചു. രണ്ടാം പരീക്ഷണത്തിൽ, ഉറങ്ങിയ ഗ്രൂപ്പെന്നും ഉറങ്ങാത്ത ഗ്രൂപ്പെന്നും വേർതിരിച്ച് പ്രദർശന ടൂറിൽ പങ്കെടുപ്പിച്ചു. ഉറക്ക ഗ്രൂപ് ഒരു ഉറക്ക ലാബിൽ രാത്രി ഉറങ്ങിയശേഷം രണ്ടാംഘട്ട പരിശോധനക്ക് വിധേയമായി. ഉറങ്ങാത്ത ഗ്രൂപ്പും പരീക്ഷക്ക് വിധേയമായി. ഇതിനുശേഷം ഒരാഴ്ചക്കുശേഷം ഒരു മാസത്തിനുശേഷം, 15 മാസത്തിനുശേഷം എന്നിങ്ങനെയായും ഓർമപരീക്ഷക്കിരുന്നു. ഇവരുടെ ബ്രെയിൻ ആക്ടിവിറ്റി റെക്കോഡ് ചെയ്തപ്പോൾ, ഗാഢ നിദ്രയിലെ ബ്രെയിൻ തരംഗങ്ങൾ ഓർമ കൂട്ടുന്നതായി തെളിഞ്ഞു-പഠനം പറയുന്നു.