സാൽമൊണെല്ല, ഇ കോളി ബാക്ടീരിയ ഭീഷണി; മയോണൈസ് നിരോധിച്ച് തമിഴ്‌നാട്
text_fieldsചെന്നൈ: പൊതുജനാരോഗ്യത്തിന് അടിയന്തര അപകടഭീഷണികൾ ചൂണ്ടിക്കാട്ടി അസംസ്‌കൃത മുട്ടയിൽ നിന്ന് തയ്യാറാക്കുന്ന മയോണൈസിന്റെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവക്ക് ഒരു വർഷത്തെ സമ്പൂർണ വിലക്ക് ഏർപ്പെടുത്തി തമിഴ്‌നാട് സർക്കാർ. ഭക്ഷ്യസുരക്ഷ അഡ്മിനിസ്ട്രേഷൻ കമീഷണർ ആർ. ലാൽവേന പുറപ്പെടുവിച്ച ഉത്തരവ് ഏപ്രിൽ 8 മുതൽ പ്രാബല്യത്തിൽ വന്നു.
ഷവർമ പോലുള്ള ഭക്ഷ്യവസ്തുക്കളോടൊപ്പം വിളമ്പുന്ന ‘അർധ ഖര എമൽഷൻ’ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന മയോണൈസ്, ഭക്ഷ്യവിഷബാധക്കുള്ള ഉയർന്ന അപകടസാധ്യതയുള്ളതായി സൂക്ഷ്മ പരിശോധനയിൽ കണ്ടെത്തിയെന്ന് സംസ്ഥാന ഗസറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്നു. സാൽമൊണെല്ല, ഇ കോളി ബാക്ടീരിയ എന്നിവയിൽ നിന്നുള്ള അപകടങ്ങളെക്കുറിച്ച് വിജ്ഞാപനം മുന്നറിയിപ്പ് നൽകുന്നു.
മയോണൈസ് തയ്യാറാക്കാൻ നിരവധി ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തെറ്റായ തയ്യാറാക്കലും സംഭരണ സൗകര്യങ്ങളും മലിനീകരണവും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. അനുചിതമായ സംഭരണ സൗകര്യങ്ങൾ, സൂക്ഷ്മാണുക്കളിൽനിന്നുള്ള മലിനീകരണം എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ഭക്ഷ്യജന്യ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനാണ് നിരോധനം എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
അസംസ്കൃത മുട്ടയിൽ നിന്ന് തയ്യാറാക്കിയ മയോണൈസിന്റെ നിർമാണം, സംസ്കരണം, പാക്കേജിംഗ്, സംഭരണം, ഗതാഗതം, വിതരണം, ഭക്ഷ്യ സേവനങ്ങൾ, കാറ്ററിംഗ് സേവനങ്ങൾ, വിൽപ്പന എന്നിവയുടെ ഏത് ഘട്ടവുമായും ബന്ധപ്പെട്ട ഏതൊരു പ്രവർത്തനങ്ങൾക്കും പുതിയ ഉത്തരവ് ബാധകമാണ്. 2006ലെ ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിലെ സെക്ഷൻ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഷവർമക്കും മറ്റ് ഫാസ്റ്റ് ഫുഡുകൾക്കുമൊപ്പം മയോണൈസിന് പ്രചാരം വർധിച്ചുവരികയാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ നഗരപ്രദേശങ്ങളിലെ ചെറുകിട ഭക്ഷണശാലകളും തെരുവ് കച്ചവടക്കാരും അവയുടെ ക്രീം ഘടനക്കായി അസംസ്കൃത മുട്ട അടിസ്ഥാനമാക്കിയുള്ള ഈ വിഭവം തയ്യാറാക്കുന്നു. ഇതിനെതിരെ വിദഗ്ധർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.