മരുന്നില്ല; തലാസീമിയ രോഗികൾ മരണഭയത്തിൽ
text_fieldsകോഴിക്കോട്: മൂന്ന് തവണ ടെൻഡർ വിളിച്ചിട്ടും മരുന്ന് കമ്പനികൾ പങ്കെടുക്കാത്തതിനാൽ ബ്ലഡ് ലൂക്കോ സൈറ്റ് ഫിൽട്ടർ സെറ്റും ജീവൻ രക്ഷാമരുന്നുകളും ലഭിക്കാതെ തലാസീമിയ രോഗികൾ മരണഭീതിയിൽ. ഗുരുതരമായ രോഗം പിടിപെട്ടവരോട് കരുണ കാണിക്കാതെയും ജീവൻ നിലനിർത്താൻ ലോക്കൽ പർച്ചേസ് അനുവദിക്കാതെയുമാണ് സർക്കാർ മുഖംതിരിഞ്ഞിരിക്കുന്നത്. കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുന്നില്ലെന്ന് പരാതി പറയുകയല്ലാതെ രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കുന്ന കാര്യത്തിൽ മറ്റു വഴികൾ തേടാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് ആക്ഷേപം.
ഇതുമൂലം രോഗികളും ബന്ധുക്കളും ആശങ്കയിലാണ്. അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ പരാതി നൽകിയിട്ടും ആരോഗ്യവകുപ്പിന് പ്രതികരണമില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്നും ഫിൽട്ടർ സെറ്റും മുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ മാസം 29ന് കൗൺസിൽ ഭാരവാഹികൾ തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ, 10 ദിവസത്തിനകം മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി വിഷയം ചർച്ചചെയ്യാമെന്നാണ് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചത്. ഭീമമായ വിലകൊടുത്ത് മരുന്നും ഫിൽട്ടർ സെറ്റും വാങ്ങാൻ കഴിയാത്തതിനാൽ രോഗികളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്നു കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദക്ക് കൗൺസിൽ പരാതി നൽകിയിട്ടുണ്ട്.