ഇൻഹേലറുകളുടെയും നേസൽ സ്പ്രേകളുടെയും മറഞ്ഞിരിക്കുന്ന അപകടങ്ങൾ
text_fieldsആസ്ത്മ, അലർജികൾ, ശ്വാസകോശ സംബന്ധമായ മറ്റ് പ്രശ്‌നങ്ങൾ എന്നിവയുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകുന്ന മരുന്നുകളാണ് കോർട്ടികോസ്റ്റിറോയിഡുകൾ അടങ്ങിയ ഇൻഹേലറുകളും നേസൽ സ്‌പ്രേകളും. എന്നാൽ ഇവ ദീർഘകാലം ഉപയോഗിക്കുമ്പോൾ മരുന്നിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് ആശങ്കകൾ ഉയർന്നിട്ടുണ്ട്. ഇൻഹേൽഡ് കോർട്ടികോസ്റ്റിറോയിഡുകളും, ഇൻട്രാനേസൽ കോർട്ടികോസ്റ്റിറോയിഡുകളും ആയി ബന്ധപ്പെട്ട അണുബാധ റിപ്പോർട്ടുകൾ ഒരു വലിയ തോതിലുള്ള മെറ്റാ-അനാലിസിസിൽപഠിക്കുകയുണ്ടായി. 21,000ത്തിലധികം അണുബാധ കേസുകളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്.
ഇൻഹേലറുകളും നേസൽ സ്‌പ്രേകളും ദീർഘകാലം ഉപയോഗിക്കുന്നവരിൽ വായിലും കണ്ണുകളിലും ശ്വാസകോശത്തിലും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. കോർട്ടികോസ്റ്റിറോയിഡുകൾ വീക്കം നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെങ്കിലും, അവ രോഗപ്രതിരോധ സംവിധാനത്തിന്‍റെ ചില ഭാഗങ്ങളെ അടിച്ചമർത്തുന്നു. ഇത് ബാക്ടീരിയ, ഫംഗസ്, വൈറസുകൾ എന്നിവ ശരീരത്തിൽ കടന്നുകൂടുന്നത് എളുപ്പമാക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട അണുബാധകളിൽ 60 ശതമാനത്തിലധികം സ്ത്രീകളിലായിരുന്നു എന്നതും ശ്രദ്ധേയമായ ഒരു കണ്ടെത്തലാണ്.
മിക്ക ഇൻഹേലറുകളിലും, മൂക്കിൽ ഉപയോഗിക്കുന്ന സ്‌പ്രേകളിലും അടങ്ങിയിട്ടുള്ള സ്റ്റിറോയിഡുകൾക്ക് ശ്വാസകോശത്തിലും മൂക്കിലും മാത്രമല്ല, ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓറൽ ത്രഷ് വായിലും തൊണ്ടയിലും ഫംഗസ് ഉണ്ടാക്കുന്ന അണുബാധയാണ്. ഇൻഹേലർ ഉപയോഗിച്ച ശേഷം വായ കഴുകി തുപ്പാതിരുന്നാൽ ഈ സാധ്യത വളരെ കൂടുതലാണ്. ചില സ്റ്റിറോയിഡ് ഇൻഹേലറുകൾ ഉപയോഗിക്കുന്നവരിൽ, പ്രത്യേകിച്ച് പ്രായമായവരിലും സി.ഒ.പി.ഡി പോലുള്ള രോഗങ്ങളുള്ളവരിലും ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ്. ചില ഇൻഹേൽഡ് സ്റ്റിറോയിഡുകൾ ഉദാഹരണത്തിന്, ബുഡെസോണൈഡ്, സിക്കിൾസൊണൈഡ് ഗുരുതരമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്ന മൈകോബാക്ടീരിയ മൂലമുള്ള അണുബാധകൾക്ക് കാരണമായേക്കാം.
ചില കേസുകളിൽ ഈ മരുന്നുകൾ കണ്ണുകളിലെ അണുബാധകൾക്കും കണ്ണിനുള്ളിലെ മർദം കൂടുന്നതിനും (ഗ്ലോക്കോമ) കാരണമായേക്കാം. മരുന്ന് പ്രാദേശികമായി പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ചെറിയ അളവിൽ രക്തത്തിൽ കലർന്ന് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെയും ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. ദീർഘകാലം മരുന്ന് ഉപയോഗിക്കുന്നവർ പതിവായി ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുകയും മരുന്നിനെ അളവ് പുനഃപരിശോധിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.


