മുട്ടിന് വേണം മുന്തിയ പരിഗണന
text_fieldsമനുഷ്യശരീരത്തിൽ ഏറ്റവും പരിചരണം അർഹിക്കുന്ന ഭാഗമാണ് കാൽമുട്ട്. നടത്തം നിലച്ചാൽ, അല്ലെങ്കിൽ അസ്വസ്ഥതയോടെ നടക്കേണ്ടിവന്നാൽ ശരീരത്തേക്കാളേറെ അത് മനസ്സിനെ ബാധിക്കും. ഓടിച്ചാടി നടന്നവർക്ക് 50-55 വയസ്സാവുമ്പോഴേക്കും അതിന് സാധിക്കാതെ വന്നാൽ മനം തകരും, ആത്മവിശ്വാസം കുറയും. അത്രയും കാലം ആർജിച്ചെടുത്ത അനുഭവങ്ങളുമായി കൂടുതൽ തിളക്കത്തോടെ ജീവിക്കാൻ നോക്കുമ്പോഴാണ് കാലുവേദന വില്ലനാവുന്നത്.
മുട്ടുവേദനക്ക് പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാന കാരണം അമിത ശരീരഭാരമാണ്. അഞ്ച് ശതമാനം ശരീരഭാരം കുറച്ചാൽ 50 ശതമാനം മുട്ടുവേദന കുറയും. മുട്ടിന്റെ ആരോഗ്യം അത്രമേൽ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ അനുപാതം സൂചിപ്പിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ അരി, പഞ്ചസാര (കാർബോ ഹൈഡ്രേറ്റ്, ഷുഗർ) ഇവ രണ്ടും നിയന്ത്രിക്കുക എന്നത് പ്രധാനമാണ്. പഞ്ചസാര പൂർണമായും ഉപേക്ഷിച്ചാൽ ശരീരഭാരം നന്നായി കുറയും. അരിഭക്ഷണം പരമാവധി കുറക്കണം. ചോറ് മാത്രമല്ല അരിഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അരി ഉപയോഗിച്ചുള്ള പത്തിരി, പുട്ട്, അപ്പങ്ങൾ എന്നിവയെല്ലാം നിയന്ത്രിക്കണം.
ചെറുപ്പത്തിലേ ശരീരഭാരക്കൂടുതലുള്ളവർക്ക് 40 വയസ്സാവുമ്പോഴേക്ക് മുട്ടുവേദന തുടങ്ങും. ഭക്ഷണം നിയന്ത്രിക്കൽ, കാലിന്റെ കരുത്തുകൂട്ടാനുള്ള വ്യായാമങ്ങൾ തുടങ്ങിയവയാണ് ഇതിന്റെ പരിഹാരം. (ശരീരഭാരം: 160 സെന്റി മീറ്റർ ഉയരമുള്ള ഒരാളുടെ ശരീരഭാരം 55 മുതൽ 60 വരെയാണ്) ഈ അനുപാതം സൂക്ഷിക്കാൻ പറ്റിയില്ലെങ്കിൽ മുട്ടുവേദന കഠിനമാവുകയും മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുകയും വേണ്ടിവരും.
സാധാരണ നിലയിൽ 50-55 വയസ്സാവുമ്പോൾ ഏതാണ്ടെല്ലാവർക്കും മുട്ടുവേദന അനുഭവപ്പെട്ടു തുടങ്ങുന്നു. മുട്ടിന്റെ തേയ്മാനമാണ് ഇതിന് കാരണം. അതൊരു രോഗമല്ല. സ്വാഭാവികമായ ഒരു അവസ്ഥയാണ്. 35 വയസ്സ് മുതൽതന്നെ തേയ്മാനം ആരംഭിക്കും. സാധാരണഗതിയിൽ അത് വേദനയായി അനുഭവപ്പെടുന്നത് മുട്ടിലെ എല്ലുകൾ തമ്മിൽ ഉരസുമ്പോഴാണ്. കുറെ സമയം ഇരുന്ന് എഴുേന്നൽക്കുമ്പോൾ, ദീർഘനേരം നിന്ന് ജോലികൾ ചെയ്യേണ്ടിവരുമ്പോൾ എല്ലാം വേദന അനുഭവപ്പെട്ടു തുടങ്ങും. പിന്നീട് അസഹ്യമായ വേദനയിലേക്ക് പോവുകയും കിടപ്പിലാവുകയും ചെയ്യുന്ന അവസ്ഥവരെ ഉണ്ടായേക്കാം. ശരീരഭാരം തുടക്കത്തിലേ നിയന്ത്രിക്കാനായാൽ പ്രശ്നം സങ്കീർണമാകാതെ നോക്കാം. പുതിയകാലത്തെ ഭക്ഷണരീതികളും വ്യായാമക്കുറവും മുട്ടുവേദനയിലേക്ക് നയിക്കുന്നതാണ്.
മുട്ടുമാറ്റൽ ശസ്ത്രക്രിയ
മറ്റേതൊരു വൈദ്യശാസ്ത്രശാഖയെയും പോലെ മുട്ടുമാറ്റൽ ശസ്ത്രക്രിയയിലും അതിനൂതനമായ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യകളും ഉണ്ടായിട്ടുണ്ട്. സങ്കീർണമായ മുട്ടിന്റെ ചികിത്സ എളുപ്പമുള്ളതാവുകയും മറ്റ് ശസ്ത്രക്രിയകളെക്കാൾ ഏറെ ഫലപ്രദവുമായിട്ടുണ്ട്. മുട്ടുമാറ്റൽ ഏറെ സങ്കീർണമായ ശസ്ത്രക്രിയയാണെന്നും മാറ്റി വെച്ചവർക്കൊന്നും ഫലം ലഭിക്കാറില്ലെന്നുമുള്ള തെറ്റിദ്ധാരണ പൊതുവെയുണ്ട്. ആദ്യകാലങ്ങളിൽ അങ്ങനെ സംഭവിച്ചിരിക്കാം.
രോഗിക്ക് ഫലം കാണാത്തത് ശസ്ത്രക്രിയയുടെ പരാജയം കൊണ്ട് മാത്രമായിരിക്കണമെന്നില്ല. രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതി, ശസ്ത്രക്രിയ യഥാസമയം ചെയ്യാത്തത് തുടങ്ങിയവയെല്ലാം ഇതിന് കാരണമായിരിക്കാം. പുതിയ സാങ്കേതികവിദ്യകളും റോബോട്ടിക് സഹായത്തോടെയുള്ള ചികിത്സയും ഇന്ന് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയയെ കൂടുതൽ ഫലവത്താക്കുന്നുണ്ട്. രോഗിക്ക് ഏറ്റവും യോജിച്ച ഇംപ്ലാന്റുകൾ ഉപയോഗിക്കാനുള്ള അവസരം ഇപ്പോഴുണ്ട്.
റോബോട്ടിക് അസിസ്റ്റഡ് സർജറി
റോബോട്ട് സഹായത്തോടെ ഡോക്ടർമാർ മുട്ടിന്റെ ഘടന സ്മാർട്ടായി സ്കാൻ ചെയ്ത് അതിൽ കൃത്യമായ കോണിൽ കൃത്യമായ അളവിൽ ഇംപ്ലാന്റ് സ്ഥാപിക്കുന്നു. മാറ്റിവെക്കുന്ന ഇംപ്ലാന്റ് ഏറ്റവും അനുയോജ്യമാവുന്നതിനനുസരിച്ച് രോഗി വേഗം സുഖം പ്രാപിക്കുന്നു.
കമ്പ്യൂട്ടർ നാവിഗേഷൻ
ശസ്ത്രക്രിയക്കിടെ ലൈവ് നാവിഗേഷൻ സിസ്റ്റം ഡോക്ടറെ സഹായിക്കുന്നു. അതുവഴി ശരിയായ സ്ഥിതിയിൽ കൃത്യമായി ഇംപ്ലാന്റ് ഉറപ്പാക്കുന്നു. ഈ സംവിധാനത്തോടെ ശസ്ത്രക്രിയയുടെ വിജയനിരക്ക് ഉയർന്നിട്ടുണ്ട്.
3D പ്രിന്റ് ചെയ്ത ഇംപ്ലാന്റുകൾ
ഇന്ന് പലരുടെയും കാൽമുട്ട് ഘടന വ്യത്യസ്തമായതിനാൽ, 3D പ്രിന്റിങ് സാങ്കേതികത ഉപയോഗിച്ച് വ്യക്തിഗത ആകൃതിക്ക് അനുസൃതമായ ഇംപ്ലാന്റുകൾ തയാറാക്കുന്നു. ഇത് ശരീരവുമായി കൂടുതൽ പൊരുത്തപ്പെടുകയും ദീർഘകാലം ഉപയോഗം സാധ്യമാവുകയും ചെയ്യുന്നു.
മിനിമലി ഇൻവേസിവ് സർജറി (MIS)
പഴയ രീതിയിലുള്ള വലിയ മുറിപ്പാടുകൾ ഇനി വേണ്ട. ചെറിയ മുറിവുകൾ മുഖേന ചെയ്യപ്പെടുന്ന MIS ശസ്ത്രക്രിയ വേദന കുറച്ച്, രക്തസ്രാവം കുറച്ച്, രോഗി പെട്ടെന്ന് സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാനുള്ള അവസരമാകുന്നു.
സ്മാർട്ട് ഇംപ്ലാന്റുകൾ (Sensor-Enabled Implants)
ഇത്തരത്തിലുള്ള പുതിയ ഇംപ്ലാന്റുകൾ കാൽമുട്ടിന്റെ ചലനം, സമ്മർദം തുടങ്ങിയവ റിയൽ ടൈമിൽ ട്രാക്ക് ചെയ്യുകയും ഡോക്ടറെ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.
ചികിത്സ യഥാസമയം വേണം
മുട്ടുവേദന സങ്കീർണമായ അവസ്ഥയിലേക്ക് പോകുന്നു എന്ന് തോന്നിയാൽ ചികിത്സ വൈകരുത്. വേദനയുള്ള കാലുമായി കുറേ നടന്ന് മസിലുകൾ ക്ഷയിച്ച് പിന്നീട് ശസ്ത്രക്രിയയിലൂടെ രോഗം പൂർണമായി ഭേദമാക്കാമെന്ന് കരുതരുത്. കൃത്യസമയത്ത് ചികിത്സിച്ചാൽ 25 മുതൽ 35 വർഷംവരെ മാറ്റിവെച്ച മുട്ടുമായി പ്രയാസങ്ങളില്ലാതെ ജീവിക്കാം. (മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ).
ശസ്ത്രക്രിയ കഴിഞ്ഞാൽ 24 മണിക്കൂറിനകം രോഗിക്ക് നടക്കാം. കാര്യമായ മരുന്നുകൾ ശസ്ത്രക്രിയക്കുശേഷം വേണ്ടതില്ല. ഒരു മാസംവരെ വീട്ടിൽ റെസ്റ്റ് എടുത്താൽ മതി. ചികിത്സാരീതിയിലെ ഡിജിറ്റൽവത്കരണം ഡോക്ടർമാർക്ക് തുടർപരിചരണം കൃത്യതയോടെ നിർവഹിക്കാൻ സഹായകമാവുന്നു. അവയവമാറ്റത്തിൽ സംഭവിക്കുന്നതു പോലുള്ള ‘റിജക്ഷൻ’ ഈ ചികിത്സയിൽ ഇല്ല.
എന്റെ ചികിത്സാനുഭവം
കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ എട്ട് വർഷത്തോളമായി മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നു. ഈ കാലത്തിനിടയിൽ പതിനായിരത്തിലേറെ ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു. 23 മുതൽ 92 വയസ്സുവരെയുള്ളവർക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇതിൽ 10-15 പേർക്ക് മാത്രമേ ഫലം ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടുള്ളൂ. ആദ്യം ശസ്ത്രക്രിയ നടത്തിയത് ആമവാതം ബാധിച്ച ഒരു യുവഡോക്ടറെ തന്നെയായിരുന്നു. തുടക്കകാലത്ത് മൂന്നും നാലും ദിവസം കഴിയാതെ ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പോലുമാവുമായിരുന്നില്ല. ഇന്ന് അതൊക്കെ മാറി.