കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ മരണം; വാക്സിൻ ഗുണനിലവാരം ഉറപ്പാക്കാൻ ജാഗ്രത
text_fieldsമലപ്പുറം: കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ മരണം ആവർത്തിക്കുന്ന സാഹചര്യത്തിൽ വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് നടപടി കർശനമാക്കി. ഈ വർഷം ആഗസ്റ്റ് വരെ റിപ്പോർട്ട് ചെയ്ത 27 പേവിഷബാധ മരണങ്ങളിൽ ആറെണ്ണം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും സംഭവിച്ചവയാണ്. ഓരോ വർഷം കഴിയുമ്പോഴും ഇത്തരം കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ, വിഷയത്തെ ഗൗരവമായി കണ്ടുള്ള കർക്കശ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്.
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും മരണം സംഭവിച്ച കേസുകളിൽ, പ്രസ്തുത ബാച്ചുകളിലെ വാക്സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നിവ കസൗളിയിലെ സെൻട്രൽ ഡ്രഗ്സ് ലാബിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. ഇവ ഗുണനിലവാരം പാലിക്കുന്നുണ്ടെന്നാണ് സെൻട്രൽ ലാബിന്റെ റിപ്പോർട്ട്. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ), ആരോഗ്യവകുപ്പ്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഉദ്യോഗസ്ഥരും ജില്ല സർവയലൻസ് ഓഫിസർമാരും ചേർന്ന സംഘമാണ് വാക്സിന്റെ ഗുണനിലവാരം പഠനവിധേയമാക്കിയത്.
കഴുത്തിലും തലയിലും കൈകളിലുമുണ്ടായ ഗുരുതരമായ കാറ്റഗറി-മൂന്ന് മുറിവുകളിലൂടെ ഞരമ്പുകളിൽ നേരിട്ട് വൈറസ് പ്രവേശിച്ചത് കാരണമാണ് വാക്സിൻ എടുത്തിട്ടും മരണം തടയാൻ കഴിയാത്തത് എന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. വാക്സിൻ ഉൽപാദക കമ്പനികൾ നൽകുന്ന ഇൻ-ഹൗസ് റിപ്പോർട്ടിനു പുറമെ വിതരണം ചെയ്യുന്ന ഓരോ ബാച്ചും സെൻട്രൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിൽനിന്ന് നിശ്ചിത ഗുണനിലവാരമുണ്ടെന്ന് സാക്ഷ്യപത്രം ലഭിച്ചതിനുശേഷം മാത്രമാണ് ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്നതെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) അധികൃതർ പറഞ്ഞു.
വാക്സിനുകൾ നിശ്ചിത താപനിലയിലാണ് വിതരണം നടത്തുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് വാഹനങ്ങളിൽ ടെംപറേച്ചർ ഡേറ്റ ലോഗേഴ്സ് സ്ഥാപിച്ചിട്ടുണ്ട്. ജില്ല വെയർഹൗസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ താപനില നിരീക്ഷിച്ച് ഉറപ്പുവരുത്തുന്നുണ്ട്. നിശ്ചിത താപനിലയിലല്ല വാക്സിൻ എത്തിച്ചതെന്ന് ബോധ്യപ്പെടുന്നപക്ഷം ഇവ തിരിച്ചയക്കും. ആരോഗ്യകേന്ദ്രങ്ങളിലേക്ക് ഐസ് പാക്കുകൾ ഇട്ട കോൾഡ് ബോക്സിലാണ് വാക്സിൻ വിതരണം ചെയ്യുന്നത്.
സ്ഥാപനങ്ങളിൽ ഇവ സൂക്ഷിക്കുന്ന റഫ്രിജറേറ്ററുകളുടെ താപനില കൃത്യമായി രേഖപ്പെടുത്താൻ സംവിധാനമുണ്ട്. രോഗികൾക്ക് നൽകുന്നതിനുവേണ്ടി മാത്രമാണ് വാക്സിൻ പുറത്തെടുക്കുന്നത്. പുറത്തെടുക്കുന്ന വാക്സിൻ തിരികെ റഫ്രിജറേറ്ററുകളിലോ നിശ്ചിത ഐസ് പാക്കുകളുള്ള വാക്സിൻ കാരിയറുകളിലോ ആണ് സൂക്ഷിക്കുന്നത്. ഒരിക്കൽ ഉപയോഗിക്കാൻ തുടങ്ങിയ വാക്സിൻ വയൽ പരമാവധി ആറു മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഉപയോഗിക്കാത്ത വാക്സിൻ ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.


