തളര്‍ച്ചയുണ്ടാവില്ല, പ്രത്യക്ഷത്തിൽ ലക്ഷണങ്ങൾ ഒന്നും കാണില്ല; എന്താണ് സൈലന്‍റ് സ്ട്രോക്ക്?
text_fieldsസ്ട്രോക്ക് എന്ന രോഗം അധികരിച്ച് വരുന്ന സാഹചര്യത്തിൽ എല്ലാവരും അതിന്‍റെ ലക്ഷണങ്ങളെക്കുറിച്ചും മറ്റും ബോധവാന്മാരാണ്. എന്നാൽ അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ഒന്നാണ് സൈലന്‍റ് സ്ട്രോക്ക്. തലച്ചോറിന്റെ ഏതെങ്കിലും ഒരുഭാഗത്തേക്കുള്ള രക്തപ്രവാഹം നിലക്കുന്നതാണ് 'സൈലന്റ് സ്‌ട്രോക്ക്'.
പേര് സൂചിപ്പിക്കുന്നതു പോലെതന്നെ ഇത് പല തവണ വന്നാൽ പോലും നമ്മൾ അറിയില്ല. അത്തരം സാഹചര്യങ്ങള്‍ അല്‍പം ഗുരുതരം തന്നെയാണ്. സാധാരണ സ്ട്രോക്കിൽ സംഭവിക്കുന്നത് പോലെ പെട്ടെന്ന് തളർന്ന് പോവുകയൊന്നുമില്ല. എന്നാൽ ഭാവിയില്‍ വലിയ 'സ്‌ട്രോക്ക്' സംഭവിക്കാനും 'ഡിമെന്‍ഷ്യ' പോലുള്ള മറവിരോഗങ്ങള്‍ വരാനുമെല്ലാം ഇത് കാരണമാകും. പ്രത്യക്ഷമായ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും അതായത് അസ്ഥാനത്ത് പൊട്ടിച്ചിരിക്കുകയോ പൊട്ടിക്കരയുകയോ ചെയ്യുന്നതിനും ഇത് കാരണമാകും.
സെലന്‍റ് സ്ട്രോക്കിൽ പ്രത്യക്ഷ ലക്ഷണങ്ങൾ ഒന്നും കാണാൻ സാധിക്കില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ ശരീരം നൽകുന്ന ഈ സൂക്ഷ്മ സൂചനകൾ അവഗണിക്കരുത്. നേരിയ ഓർമക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, നടക്കുമ്പോൾ ബാലൻസ് ലഭിക്കാതിരിക്കുക, അല്ലെങ്കിൽ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നേരിയ മരവിപ്പ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം.
നിങ്ങളുടെ രക്തസമ്മർദവും കൊളസ്ട്രോളും പതിവായി പരിശോധിക്കുക. ഉറക്കം, സമ്മർദം, എന്നിവ ഗൗരവമായി എടുക്കുക, പുകവലി ഒഴിവാക്കുക, പ്രമേഹം ഉണ്ടെങ്കിൽ ഉയരാതെ നോക്കുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
എം. ആർ.ഐ സ്കാൻ വഴിയാണ് സൈലന്‍റ് സ്ട്രോക്ക് തിരിച്ചറിയാൻ കഴിയുന്നത്. പ്രധാനമായും 65 വയസോ അതിന് മുകളിലോ പ്രായമുള്ളവരിലാണ് 'സൈലന്റ് സ്‌ട്രോക്ക്' വരാറുളളത്. എന്നാൽ അപൂർവമായി ചെറുപ്പക്കാരിലും വരാറുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഏറ്റവുമധികം സാധ്യതകള്‍ നിലനില്‍ക്കുന്നത്


