വീട്ടിൽ തനിച്ചാകുമ്പോൾ ഹൃദയാഘാതം സംഭവിച്ചാൽ എന്ത് ചെയ്യും?
text_fieldsപ്രായഭേദമന്യേ ഇന്നെല്ലാവരെയും തേടിയെത്തുന്ന രോഗാവസ്ഥയാണ് ഹൃദയാഘാതം. ഇത്തരം സന്ദർഭങ്ങളിൽ ഉടനെ വൈദ്യസഹായം ലഭിക്കേണ്ടത് ജീവൻ രക്ഷക്ക് പ്രധാനമാണ്. എന്നാൽ വീട്ടിൽ നമ്മൾ ഒറ്റക്കുള്ള സമയത്താണ് ഹൃദയാഘാതം സംഭവിക്കുന്നതെങ്കിലോ.
അത്തരം ഘട്ടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങളെ പറ്റി സംസാരിക്കുകയാസ്റ്റ് വിദഗ്ധർ. നമ്മൾ മാത്രമുള്ള സമയങ്ങളിൽ ആരോഗ്യം മോശമാവുകയാണെങ്കിൽ ഭയപ്പെടുന്നതും എന്ത് ചെയ്യണമെന്നറിയാതെ നിസഹരായി നിൽക്കേണ്ടി വരുന്നതും ജീവന് ഭീഷണിയാകും. ഇവിടെയാണ് നിർണായക ഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടതിന്‍റെ ആവശ്യകത.
വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം ഉണ്ടായാൽ കൃത്യമായി എന്തുചെയ്യണമെന്ന് ഘട്ടം ഘട്ടമായി വിശദീകരിക്കുകയാണ് സർട്ടിഫൈഡ് കാർഡിയോതൊറാസിക് സർജനായ ഡോ. ജെറമി ലണ്ടൻ.
1. എമർജൻസി നമ്പറുകളിലേക്ക് വിളിക്കുക
വീട്ടിൽ ഒറ്റയ്ക്ക് ഹൃദയാഘാതം അനുഭവപ്പെടുകയാണെങ്കിൽ ആദ്യത്തേതും ഏറ്റവും നിർണായകവുമായ ഘട്ടം അടിയന്തര മെഡിക്കൽ സേവനങ്ങളെ ഉടൻ വിളിക്കുക എന്നതാണ്. അല്ലെങ്കിൽ ഉടൻ എത്താൻ കഴിയുന്ന വ്യക്തികളെ കാര്യം അറിയിക്കുക.
2. ആസ്പിരിൻ ചവക്കുക
ഹൃദയാഘാതത്തിന്റെ തീവ്രത കുറക്കാൻ ആസ്പിരിൻ ചവക്കാൻ കാർഡിയോളജിസ്റ്റ് ഉപദേശിക്കുന്നു. ആസ്പിരിൻ മുഴുവനായി വിഴുങ്ങാൻ പാടില്ല. ഇത് ഹൃദയാഘാതം തടയില്ലെങ്കിലും അപകട സാധ്യത കുറക്കും. (ആസ്പിരിൻ അലർജി ഇല്ലാത്തവർ മാത്രം)
3. വീട്ടിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക
രക്ഷാപ്രവർത്തകർക്ക് ഉടനെ അകത്ത് കയറാനായി വാതിലുകൾ അടച്ചിടാതിരിക്കുക. വീട് തിരിച്ചറിയാൻ പാകത്തിൽ ലൈറ്റുകൾ ഓണാക്കുക.
4. ഇരിക്കുകയോ കിടക്കുകയോ ചെയ്യുക
നിങ്ങൾക്ക് ബോധം നഷ്ടപ്പെടാനും വീഴാനും സാധ്യത ഉള്ളതിനാൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ഇത് വീണ് തലക്ക് പരിക്കേൽക്കാതിരിക്കാൻ സഹായിക്കും.
5. സുഹൃത്തിനെ വിളിക്കുക
സഹായത്തിനായി കുടുംബാംഗത്തെയോ അടുത്ത സുഹൃത്തിനെയോ വിളിച്ച് സഹായം തേടുക. അല്ലെങ്കിൽ രക്ഷാപ്രവർത്തകർ എത്തുന്നത് വരെ ലൈനിൽ തുടരാൻ ഡോക്ടർ ജെറമി ഉപദേശിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി അറിയുന്ന ഒരാൾ ഉണ്ടാകുന്നത് വേഗത്തിൽ രോഗനിർണയം നടത്താൻ സഹായിക്കും.


