Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightയുഗാണ്ടയിലെ എബോള...

യുഗാണ്ടയിലെ എബോള വ്യാപനം അവസാനിച്ചു; സ്ഥിരീകരണവുമായി ലോകാരോഗ്യ സംഘടന

text_fields
bookmark_border
ebola virus
cancel
camera_alt

(ഫയൽ ചിത്രം)

കമ്പാല: യുഗാണ്ടയിൽ എബോള വൈറസിന്റെ വ്യാപനം പൂർണമായും അവസാനിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതെ 42 ദിവസത്തെ നിരീക്ഷണ കാലയളവ് രാജ്യം വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ചാണ് ഈ തീരുമാനമെങ്കിലും, ഇതിന് ഏകദേശം ഒരു മാസം മുമ്പ് തന്നെ പ്രാദേശികതലത്തിൽ എബോള നിയന്ത്രണവിധേയമായതായി യുഗാണ്ട സർക്കാർ വ്യക്തമാക്കിയിരുന്നു.

വൈറസിന്റെ സംക്രമണ വ്യാപ്തിയും അതിർത്തി കടന്നുള്ള രോഗവ്യാപന സാധ്യതകളും മുൻകൂട്ടി വിലയിരുത്തിക്കൊണ്ട്, രാജ്യം നേരത്തെ തന്നെ എബോള മുക്തമായതായി ഉറപ്പുവരുത്തിയിരുന്നുവെന്ന് യുഗാണ്ടൻ ആരോഗ്യ മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി ഡയാന അറ്റ്വിൻ വ്യക്തമാക്കി. മുൻകരുതലിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ എബോളയുടെ പേരിൽ മറ്റു രാജ്യങ്ങൾ യുഗാണ്ടൻ പൗരന്മാർക്ക് മേൽ ഏർപ്പെടുത്തിയിരുന്ന യാത്ര നിയന്ത്രണങ്ങൾ എത്രയും വേഗം പിൻവലിക്കണമെന്നും, യാത്രാസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഈ സമീപകാല വ്യാപനത്തിൽ യുഗാണ്ടയിൽ ആകെ 20 ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർ മരണപ്പെടുകയും ചെയ്തു. ജൂൺ 21നാണ് രാജ്യത്ത് അവസാനമായി എബോള കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് തലസ്ഥാനത്തെ മുലാഗോ നാഷണൽ റഫറൽ ഐസൊലേഷൻ സെന്ററിൽ ചികിത്സയിലായിരുന്ന അവസാന രോഗിയും ജൂലൈ 16ന് രോഗമുക്തനായി ആശുപത്രി വിട്ടു. ഇതിന് പിന്നാലെ ജൂലൈ 28ന് യുഗാണ്ടൻ ആരോഗ്യ മന്ത്രാലയം തങ്ങളുടെ തലത്തിൽ രോഗവ്യാപനം അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു.

​വൈറസ് ബാധയിൽ നിന്ന് യുഗാണ്ട മുക്തമാകു​മ്പോഴും അയൽരാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അവസ്ഥ വളരെ ഭയാനകമായി തുടരുകയാണ്. അവിടെ രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. ആഗസ്റ്റ് 25 വരെയുള്ള കണക്കുകൾ പ്രകാരം കോംഗോയിൽ 5,656 എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 2,715 പേർ മരിച്ചതായാണ് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലുള്ള ഇറ്റൂരി പ്രവിശ്യയാണ് നിലവിൽ ഈ രോഗവ്യാപനത്തിന്റെ പ്രധാന കേന്ദ്രം. ഇവിടെ മാത്രം 4,700ലധികം ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.

യുഗാണ്ടയും കോംഗോയും തമ്മിൽ 877 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അതിർത്തി പങ്കിടുന്നതിനാൽ, കോംഗോയിലെ രോഗവ്യാപനം യുഗാണ്ടക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം മുൻനിർത്തി കോംഗോയിലെ ഇറ്റൂരി പ്രവിശ്യയിലുള്ള അരു, കസെൻയി എന്നീ അതിർത്തി മേഖലകളിൽ പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളും പരിശോധനാ ലാബുകളും സജ്ജീകരിക്കാൻ യുഗാണ്ട മുൻകൈയെടുത്തിട്ടുണ്ട്.

അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ശക്തമായ പ്രതിരോധ നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടക്കുകയാണ്. ഇതിനായി രണ്ട് പുതിയ എബോള ചികിത്സാ കേന്ദ്രങ്ങൾ കൂടി കോംഗോയിൽ തുറക്കാൻ യുഗാണ്ട തീരുമാനിച്ചു. അതിർത്തി കടന്നുള്ള ആരോഗ്യ സുരക്ഷ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കാമ്പാലയിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു.എച്ച്.ഒ, ആഫ്രിക്കൻ സി.ഡി.സി എന്നിവർ കൂടുതൽ വിഭവങ്ങളും സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കണമെന്ന് യുഗാണ്ടൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

Show Full Article
TAGS:Ebola virus world health organization uganda Health News 
News Summary - World Health Organization says Ebola outbreak in Uganda is over
Next Story