ഒരു ചായ കുടിച്ചാലോ? ഇന്ന് ലോക ചായ ദിനം; ചായയുടെ ചരിത്രവും ആരോഗ്യ ഗുണങ്ങളും അറിയാം
text_fieldsവെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ചായ കേവലം ഒരു പാനീയം മാത്രമല്ല, അതൊരു വികാരം കൂടിയാണല്ലേ. പുതിയ കാലഘട്ടത്തിൽ ജീവിത ശൈലിയിലും സംസ്കാരത്തിലും ഒക്കെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ മാറാതെ തുടരുന്ന ഒന്നാണ് ചായയോടുള്ള പ്രിയം. ഇന്ത്യയിൽ കൊടും ചൂടുകാലത്തു പോലും ചായയുടെ ഡിമാന്‍റ് കൂടുതലാണ്.
ചായയുടെ ഉത്ഭവം ചൈനയിലാണ്. തുടക്കത്തിൽ ഔഷധ ഗുണങ്ങൾക്ക് വിലമതിച്ചിരുന്ന ചായ ക്രമേണ ചൈനീസ് സംസ്കാരത്തിന്‍റെയും ചടങ്ങുകളുടെയും അവിഭാജ്യ ഘടകമായിമാറി. വ്യാപാര മാർഗങ്ങൾ വികസിച്ചതോടെ ചായയുടെ ജനപ്രീതി യൂറോപ്പിലേക്കും വ്യാപിച്ചു.
തേയില ഉൽപാദനത്തിൽ ചൈനയുടെ കുത്തക തകർക്കാൻ ലക്ഷ്യമിട്ട് ബ്രിട്ടീഷുകാർ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ തേയില കൃഷി ആരംഭിച്ചു.1824 ആയപ്പോഴേക്കും അസം, ഡാർജിലിംഗ്, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിൽ തേയിലത്തോട്ടങ്ങൾ സ്ഥാപിക്കപ്പെട്ടു. ഇത് ഇന്ത്യയെ ആഗോളതലത്തിൽ മുൻനിര തേയില ഉൽപ്പാദകരിൽ ഒന്നാക്കി മാറ്റാൻ സഹായിച്ചു. ചായയുടെ സാംസ്കാരികവും, സാമ്പത്തികവും ചരിത്രപരവുമായ സവിശേഷതകളും ആരോഗ്യ ഗുണങ്ങളും കണക്കിലെടുത്തുകൊണ്ട് അന്താരാഷ്ട്ര സഭ 2019ലാണ് മെയ് 21 ലോക ചായ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
രുചി മാത്രമാണോ, നിരവധി ആരോഗ്യ ഗുണങ്ങളും ചായയിൽ ഉണ്ട്. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ ചായ മെച്ചപ്പെട്ട ഹൃദയാരോഗ്യം, മെറ്റബോളിസം, തുടങ്ങിയ ആരോഗ്യ ഗുണങ്ങൾ സമ്മാനിക്കുന്നു. ആതിഥ്യമര്യാദയുടെയും സാമൂഹിക ബന്ധത്തിന്‍റെയും പ്രതീകമായ ചായ തൊഴിലിടങ്ങളിലും സൗഹൃദ കൂട്ടായ്മകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.


